കര്‍ണാടകയിലേത് തുടക്കം മാത്രം; ഇനി പോരാട്ടത്തിന്റെ നാളുകള്‍: ആന്റണി

Posted on: May 19, 2018 7:51 pm | Last updated: May 19, 2018 at 7:51 pm

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ബിജെപിക്കുണ്ടായ തിരിച്ചടിയും കോണ്‍ഗ്രസിന്റെ പോരാട്ടവീര്യവും ഇന്ത്യക്ക് ആകമാനം മാതൃകയാകുമെന്നും ഇനിയങ്ങോട്ട് പോരാട്ടത്തിന്റെ നാളുകളാണെന്നും ഇതിനായി ജനാധിപത്യവാദികള്‍ സജ്ജരാകണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി.

ഈ ഐക്യവും കൂട്ടായ്മയും സന്ദര്‍ഭോചിതമായ നീക്കങ്ങളും നിയമപോരാട്ടങ്ങളുമെല്ലാം ഇനി ആരംഭിക്കാന്‍ പോകുന്ന സമരത്തിന്റെ തുടക്കം മാത്രമാണ്. ഇത് മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കും. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മതേതര ശക്തികളുടെ കൂട്ടായ്മയിലൂടെ മോദി സര്‍ക്കാറിനെ താഴെയിറക്കുമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

നാല് വര്‍ഷം കൊണ്ട് മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സാമൂഹികാന്തരീക്ഷം തകര്‍ത്തു. സാമ്പത്തികാന്തരീക്ഷം തകര്‍ത്തു. ഈ മോദി സര്‍ക്കാറിനെ ജനാധിപത്യ മാര്‍ഗത്തിലൂടെ താഴെയിറക്കുന്നത് വരെ വിശ്രമമില്ലെന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.