Connect with us

National

എല്ലാ കളിയും പാളി; ഒടുവില്‍ കണ്ണുനനച്ച് വിടവാങ്ങല്‍

Published

|

Last Updated

അടുത്തിടെ രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ നാടകങ്ങള്‍ക്കും കുതിരക്കച്ചവടങ്ങള്‍ക്കും ഒടുവിലാണ് കര്‍ണാടകയില്‍ 55 മണിക്കൂര്‍ മാത്രം മുഖ്യമന്ത്രിയായി യെദിയൂരപ്പ പുറത്തുപോകുന്നത്. പാതിരാവില്‍ സുപ്രീം കോടതി കൂടുന്ന അത്യപൂര്‍വ നടപടികളിലേക്ക് വരെ നയിച്ച രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് – ജെഡിഎസ് കൂട്ടുകെട്ട് അന്തിമ വിജയം നേടുകയായിരുന്നു. സഭയില്‍ വിശ്വാസം തെളിയിക്കാനാകില്ലെന്ന് ഉറപ്പ് വന്ന അവസാന നിമിഷത്തില്‍ കേന്ദ്ര നേതാക്കളുമായി ടെലിഫോണ്‍ ചര്‍ച്ചകള്‍ നടത്തിയ യെദിയൂരപ്പ കണ്ണുനനച്ചാണ് സഭ വിട്ടത്. വികാരദീനനായി നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തില്‍ തനിക്ക് കര്‍ണാടകയെ സേവിക്കാനാകാതെ പോയതിന്റെ നിരാശ തളംകെട്ടിനിന്നിരുന്നു. ഒപ്പം കോണ്‍ഗ്രസിന് മുന്നില്‍ മുട്ടുമടക്കേണ്ടി വന്നതിന്റെ ജാള്യതയും.

15ന് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ആദ്യഘട്ടത്തില്‍ ഭരണം ഉറപ്പിച്ച ബിജെപിക്ക് ഉച്ചയോടെയാണ് ആദ്യ ഷോക്ക് ലഭിക്കുന്നത്. 104 സീറ്റ് നേടി ഒറ്റകക്ഷിയായ ബിജെപിയുടെ അധികാരസ്വപ്‌നങ്ങളെ മലര്‍ത്തിയടിച്ച് 37 സീറ്റുള്ള ജെഡിഎസും 78 സീറ്റുള്ള കോണ്‍ഗ്രസും തമ്മില്‍ തിരഞ്ഞെടുപ്പാനന്തര സഖ്യത്തിലേര്‍പ്പെട്ടപ്പോള്‍ ബിജെപി ഞെട്ടി. എന്നാല്‍ രാഷ്ട്രീയ കുതിരക്കച്ചവടങ്ങള്‍ ഏറെ കണ്ടും പയറ്റിയും ശീലമുള്ള ബിജെപിയും യദിയൂരപ്പയും ഞെട്ടല്‍ പുറത്തുകാണിച്ചില്ല. പണമൊഴുക്കിയും അധികാര സ്വപ്നങ്ങള്‍ കൈമാറിയും മറുപുറത്തെ എംഎല്‍എമാര സ്വന്തം പാളയത്തില്‍ എത്തിക്കാനാകുമെന്ന ഉറച്ച വിശ്വാസം അവരെ മുന്നോട്ടുനയിച്ചു. അതുകൊണ്ട് തന്നെ ഗവര്‍ണറെ കണ്ട് അവര്‍ സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ചു.

എന്നാല്‍ ഇതേസമയം, ഗോവയിലും ബീഹാറിലും മണിപ്പൂരിലുമെല്ലാം ബിജെപി തങ്ങളെ വീഴ്ത്താന്‍ നടത്തിയ അതേകളി പുറത്തെടുത്ത് വിജയം നേടാനുള്ള സജീവ ആലോചനയിലായിരുന്നു കോണ്‍ഗ്രസ് ക്യാമ്പ്. തിരഞ്ഞെടുപ്പ് സമയത്ത് കീരിയും പാമ്പുമായി പെരുമാറിയ ജെഡിഎസിന് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്ത് സോണിയ നടത്തിയ നീക്കം പക്ഷേ ചരിത്രത്തിലേക്കുള്ളതായി മാറി. ഇതോടെ ഒരു മാലയില്‍ കോര്‍ത്ത മുത്തുമണികളെ പോലെ ഒന്നിച്ച ജെഡിഎസും കോണ്‍ഗ്രസും സര്‍ക്കാറുണ്ടാക്കാന്‍ തീരുമാനമെടുത്തു. ജെഡിഎസിന് 14 മന്ത്രിമാരും കോണ്‍ഗ്രസിന് 21 മന്ത്രിമാരും എന്ന രീതിയില്‍ കരാര്‍ വരെ നിലവില്‍ വന്നു. അങ്ങനെ ജെഡിഎസും കോണ്‍ഗ്രസും സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് ഗവര്‍ണറെ കണ്ടു. തങ്ങള്‍ക്ക് 117 അംഗങ്ങളങ്ങളുടെ പിന്തുണയുണ്ടെന്ന് അവര്‍ ഗവര്‍ണറെ ബോധ്യപ്പെടുത്തി. ഇതിനിടയില്‍ രാഷ്ട്രീയ കുതിരക്കച്ചവടത്തിനുള്ള സാധ്യത കണ്ട കോണ്‍ഗ്രസും ജെഡിഎസും തങ്ങളുടെ എംഎല്‍എമാരെ രാത്രി തന്നെ ബംഗളൂരുവിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടിലേക്ക് മാറ്റുകയും ചെയ്തു.

ഗുജറാത്തില്‍ ബിജെപിയുടെ മുന്‍ മന്ത്രികൂടിയായിരുന്ന ഗവര്‍ണര്‍ പക്ഷേ, വിധേയത്വം കാണിച്ചു. 16ന് രാത്രി, ഏറ്റവും വലിയ സഖ്യത്തെ തള്ളി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ മന്ത്രിസഭയുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചു. വിശ്വാസം തെളിയിക്കാന്‍ 15 ദിവസത്തെ നീണ്ട സാവകാശവും നല്‍കി. ഭാഗീക വിജയം നേടിയ യെദിയൂരപ്പ മെയ് 17ന് രാവിലെ ഒന്‍പത് മണിക്ക് സത്യപ്രതിജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഈ നീക്കങ്ങള്‍ കണ്ടുനില്‍ക്കുന്നതിന് പകരം ഗവര്‍ണറുടെ നടപടിക്ക് എതിരെ സുപ്രീം കോടതിയെ സമീപിക്കുകയെന്ന ചടുലനീക്കമാണ് കോണ്‍ഗ്രസ് പിന്നീട് നടത്തിയത്. രാത്രിക്ക് രാത്രി തന്നെ സുപ്രീം കോടതി രജിസ്ട്രാറെ കണ്ട് കാര്യങ്ങളുടെ ഗൗരവം ബോധ്യപ്പെട്ടുത്തിയ കോണ്‍ഗ്രസ് തങ്ങളുടെ ഹര്‍ജി രാത്രി തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ അര്‍ധരാത്രി 1.45ന് കോടതി കൂടി മൂന്നംഗ ഭരണഘടനാ ബഞ്ച് ഹര്‍ജി പരിഗണിച്ചു. കോണ്‍ഗ്രസിന് വേണ്ടി മനു അഭിഷേക് സിംഗ് വിയും കേന്ദ്ര സര്‍ക്കാറിനു വേണ്ടി മുകുള്‍ റോഹ്ത്തഗിയും അറ്റോര്‍ണി ജനറല്‍ വേണുഗോപാലും കോടതിയില്‍ ഹാജരായി. മൂന്ന് മണിക്കൂറോളം നീണ്ട വാദത്തിനൊടുവില്‍ യെദിയൂരപ്പക്ക് താത്കാലിക ആശ്വാസം നല്‍കുന്ന വിധി പുറത്തുവന്നു. യദിയൂരപ്പക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാം. പക്ഷേ, വെള്ളിയാഴ്ച പത്തരക്ക് ഗവര്‍ണര്‍ക്ക് നല്‍കിയ പിന്തുണക്കത്ത് കോടതിയില്‍ ഹാജരാക്കണം. അതായിരുന്നു കോടതി വെച്ച ഒരേ ഒരു നിബന്ധന.

മെയ് 18ന് രാവിലെ ഒന്‍പത് മണിക്ക് തന്നെ യദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പത്തരയോടെ കോണ്‍ഗ്രസിന്റെ ഹര്‍ജി സുപ്രിം കൊടതി പരിഗണിച്ചു. യെദിയൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് കോടതിയില്‍ ഹാജരാക്കി. എന്നാല്‍ സുപ്രിം കോടതി ജനാധിപത്യം മരിച്ചില്ലെന്ന് തെളിയിച്ച് യദിയൂരപ്പക്ക് ശക്തമായ അടി നല്‍കുന്ന വിധി പുറപ്പെടുവിച്ചു. 19ന് ശനിയാഴ്ച വൈകീട്ട് നാല് മണിക്ക് യെദിയൂരപ്പ സഭയില്‍ വിശ്വാസം തെളിയിക്കണം. അതായിരുന്നു കോടതിയുടെ ഉത്തരവ്. സമയം പോരെന്നും എംഎല്‍എമാരെ കോണ്‍ഗ്രസും ജെഡിഎസും പൂട്ടിയിട്ടിരിക്കുകയാണെന്നും ബിജെപി വാദിച്ചുനോക്കിയെങ്കിലും 24 മണിക്കൂറില്‍ കൂടുതല്‍ സമയം അനുവദിക്കാനാകില്ലെന്ന് സുപ്രിം കോടതി അര്‍ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കി. പിന്നെ കളി അതിന്റെ പാരമ്യതയിലെത്തുകയായിരുന്നു.

മുഖ്യമന്ത്രി പദത്തില്‍ എത്തിയ യദിയൂരപ്പ കോണ്‍ഗ്രസ് എംഎല്‍എമാരെ പാര്‍പ്പിച്ച ഈഗിള്‍ടണ്‍ റിസോര്‍ട്ടിന്റെ സുരക്ഷ പിന്‍വലിച്ചു. ഇതോടെ അപകടം മണത്ത കോണ്‍ഗ്രസ് എംഎല്‍എമാരെ സംസ്ഥാനത്തിന് പുറത്ത് എത്തിക്കാന്‍ ശ്രമം തുടങ്ങി. കൊച്ചിയിലേക്ക് മാറ്റാനായിരുന്നു ആദ്യ ആലോചനയെങ്കിലും പിന്നീട് ഹൈദരാബാദിലേക്ക് മാറ്റി. എന്നാല്‍ ഇൗ സമയം എംഎല്‍എമാരെ തങ്ങളുടെ പാളയത്തില്‍ എത്തിക്കാനുള്ള അവസാന വട്ട നീക്കത്തിലായിരുന്നു ബിജെപി. എംഎല്‍എമാര്‍ക്ക് പണവും മന്ത്രിപദവും എല്ലാം എല്ലാം അവര്‍ വാഗ്ദാനം നല്‍കി. വെള്ളിയാഴ്ച രാത്രിയോടെ ഈ കഥകള്‍ പുറംലോകമറിഞ്ഞു. ബിജെപി നേതാക്കള്‍ കോഴവാഗ്ദാനം ചെയ്യുന്ന ശബ്ദരേഖ കോണ്‍ഗ്രസ് പുറത്തുവിട്ടു. ഇതിന് പിന്നാലെ നാല് ശബ്ദരേഖകള്‍ കൂടി പുറത്തായി. യെദിയൂരപ്പ അടക്കമുള്ള നേതാക്കള്‍ കോഴ വാഗ്ദാനം ചെയ്യുന്നത് അതിലുണ്ടായിരുന്നു. ഇതിനിടെ ജെഡിഎസിന്റെ രണ്ട് എംഎല്‍എമാരെ കാണാതായി. പിന്നീട് ഇവരെ ബന്ധപ്പെടാന്‍ സാധിച്ചുവെന്ന് ജെഡിഎസ് നേതാക്കള്‍ അറിയിച്ചു.

ഇനി നാടകത്തിലെ അവസാന സീനാണ്. വിശ്വാസം തെളിയിക്കേണ്ട ശനിയാഴ്ച സഭ സമ്മേളിച്ചു. കോണ്‍ഗ്രസ് – ജെഡിഎസ് പാളയത്തിലെ എല്ലാവരും സഭയില്‍ നിരന്നിരിക്കുന്നു. ഇനി എന്തുചെയ്യുമെന്ന ആശങ്ക ബിജെപി ക്യാമ്പില്‍ പ്രകടമായി. പക്ഷേ ആത്മവിശ്വാസം കൈവിടാതെ വിശ്വാസം തെളിയിക്കാനാകുമെന്ന് അവര്‍ ഉറപ്പിച്ചുപറഞ്ഞു. എന്നാല്‍ ഉച്ചയോടെ ഈ ആത്മവിശ്വാസം കൈവിടുന്നതാണ് കണ്ടത്. രണ്ട് എംഎല്‍എമാരുടെ കുറവ് തങ്ങള്‍ക്കുണ്ടെന്ന് ബിജെപി ക്യാമ്പ് തുറന്നുസമ്മതിച്ചു. ഇതോടെ യെദിയൂരപ്പ വിശ്വാസവോട്ടിന് കാത്തിരിക്കില്ലെന്ന് ഉറപ്പായി. മുമ്പ് 13 ദിവസം മാത്രം ഭരണത്തിലിരുന്ന് വിശ്വാസ പ്രമേയം നേരിടാനാകില്ലെന്ന് വന്നപ്പോള്‍ വികാരധീനനായി രാജിപ്രഖ്യാപിച്ച ബിജെപി നേതാവ് വാജ്പേയിയുടെ ചരിത്രമുണ്ട്. ഇൗ ചരിത്രം കര്‍ണാടകയില്‍ ആവര്‍ത്തിക്കുമെന്ന് ഉറപ്പായ ഘട്ടം.

ഒടുവില്‍ സുപ്രിം കോടതി നിശ്ചയിച്ച നാല് മണിയായി. അംഗങ്ങളുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കിയ ശേഷം വിശ്വാസ വോട്ടെടുപ്പിലേക്ക് കടക്കേണ്ട സമയം. വിശ്വാസം തേടിയുള്ള പ്രമേയം അവതരിപ്പിക്കുന്നതിന് പകരം സഭയില്‍ എഴുന്നേറ്റുനിന്ന യെദിയൂരപ്പ പ്രസംഗം തുടങ്ങി. അമിത് ഷായ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി പറഞ്ഞ് തുടങ്ങിയ പ്രസംഗത്തില്‍ ആറരക്കോടി ജനങ്ങള്‍ ബിജെപിക്കൊപ്പമാണെന്ന് അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. തനിക്ക് ജനങ്ങളെ സേവിക്കണമെന്ന ആഗ്രഹവും പങ്കുവെച്ചു. കോണ്‍ഗ്രസിനേയും ജെഡിഎസിനേയും ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്നും ഇരുകൂട്ടര്‍ക്കും ജനാധിപത്യത്തില്‍ വിശ്വാസമില്ലെന്നും പറഞ്ഞ യെദിയൂരപ്പ ഒടുവില്‍ ആ പ്രഖ്യാപനം നടത്തി. താന്‍ രാജിവെക്കുന്നു.

ശേഷം കരഞ്ഞുകലങ്ങിയ കണ്ണുകളോടെ രാജ്ഭവനിലേക്ക്. അവിടെ എത്തി ഗവര്‍ണറെ കണ്ട് ഔദ്യോഗികമായി രാജി നല്‍കിയതോടെ, അഞ്ച് ദിവസം നീണ്ട നാടകത്തിന് താത്കാലികമായി തിരശ്ശീല വീണു. കര്‍ണാടകയില്‍ ജെഡിഎസ് – കോണ്‍ഗ്രസ് സഖ്യം അധികാരത്തിലേറുമ്പോള്‍ ഇനി എന്തെല്ലാം നടക്കുമെന്ന് കാത്തിരുന്ന് കാണുക തന്നെ വേണം.

എഡിറ്റർ ഇൻ ചാർജ്, സിറാജ്‍ലെെവ്. 2003ൽ പ്രാദേശിക ലേഖകനായി സിറാജ് ദിനപത്രത്തിൽ പത്രപ്രവർത്തനം തുടങ്ങി. 2006 മുതൽ കോഴിക്കോട് ഡെസ്കിൽ സബ് എഡിറ്റർ. 2010ൽ മലപ്പുറം യൂണിറ്റ് ചീഫായി സേവനമനുഷ്ടിച്ചു. 2012 മുതൽ സിറാജ്‍ലെെവിൽ എഡിറ്റർ ഇൻ ചാർജായി പ്രവർത്തിച്ചുവരുന്നു.

Latest