ദേശീയ ഗാനത്തെ അപമാനിച്ചു; യെദ്യൂരപ്പയും സ്പീക്കറും എംഎല്‍എമാരും വിവാദത്തില്‍

Posted on: May 19, 2018 5:24 pm | Last updated: May 19, 2018 at 6:51 pm

ബെംഗളൂരു: ബിഎസ് യെദ്യൂരപ്പയും ബിജെപി എംഎല്‍എമാരും ദേശീയ ഗാനത്തിനിടെ വിധാന്‍ സൗധ വിട്ടിറങ്ങിയത് വിവാദത്തില്‍. രാജിപ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് യെദ്യൂരപ്പയും ബിജെപി എംഎല്‍എമാരും സഭയില്‍ നിന്ന് പുറത്തിറങ്ങിയത്. സഭയില്‍ ദേശീയ ഗാനം തുടങ്ങിയ വേളയിലായിരുന്നു ഇത്.

സംഭവത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അപലപിച്ചു. ബിജെപി എംഎല്‍എമാരും സ്പീക്കറും ദേശീയ ഗാനത്തെ അപമാനിച്ചുവെന്നും ആര്‍എസ്എസും ബിജെപിയും ഭരണഘടനാ സ്ഥാപനങ്ങളോട് ഇതാണ് ചെയ്യുന്നതെന്നും രാഹുല്‍ ആരോപിച്ചു. നേരത്തെ, കര്‍ണാടക ഗവര്‍ണറായ വാജുഭായി വാലയും ദേശീയ ഗാനത്തെ അപമാനിച്ച് വിവാദത്തില്‍ അകപ്പെട്ടിരുന്നു.

രാജ്ഭവനില്‍ നടന്ന ചടങ്ങിന് ശേഷം ദേശീയ ഗാനം ആലപിക്കുന്നതിനിടെ ഗവര്‍ണര്‍ ഇറങ്ങിപ്പോകുകയായിരുന്നു. ഗവര്‍ണറുടെ പ്രവര്‍ത്തികണ്ട് ആദ്യം പകച്ചു നിന്ന അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്നീട് അദ്ദേഹത്തിന് ഒപ്പം പോയി. എന്നാല്‍, അബദ്ധം പറ്റിയത് മനസ്സിലാക്കിയ ഗവര്‍ണര്‍ പിന്നീട് വേദിയിലേക്ക് തിരിച്ചു വരികയും അറ്റന്‍ഷനില്‍ നില്‍ക്കുകയുമായിരുന്നു.