യെദ്യൂരപ്പയെ കൂടുതല്‍ കുരുക്കിലാക്കി ഒരു ശബ്ദരേഖകൂടി പുറത്ത്

Posted on: May 19, 2018 3:25 pm | Last updated: May 19, 2018 at 5:35 pm

ബംഗളുരു: നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാകുമോയെന്ന വലിയ ആശങ്ക നിലനില്‍ക്കെ ബിജെപിയേയും ബിഎസ് യെദ്യൂരപ്പയേയും കൂടുതല്‍ കുരുക്കുലാക്കി മറ്റൊരു ഫോണ്‍ സംഭാഷണ ശബ്ദരേഖ കൂടി പുറത്ത്. കോണ്‍ഗ്രസ് എംഎല്‍എ ബിസി പാട്ടീലിന് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് ബിജെപി പാളയത്തിലെത്തിക്കാന്‍ യെദ്യൂരപ്പ നേരിട്ട് ശ്രമിച്ചതായി കോണ്‍ഗ്രസ് ആരോപിക്കുന്നു.

ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ കോണ്‍ഗ്രസ് പുറത്തുവിട്ടു. കോണ്‍ഗ്രസ് സംഘത്തിനൊപ്പം റിസോര്‍ട്ടിലേക്ക് പോകരുതെന്നും ബംഗളുരുവില്‍ തങ്ങണമെന്നും യെദ്യൂരപ്പയെന്ന് അവകാശപ്പെടുന്നയാള്‍ ഫോണില്‍ പറയുന്നുണ്ട്. പാട്ടീലിന് മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്യുന്നുണ്ട്. യെദ്യൂരപ്പയുടെ മകന്‍ വിജയേന്ദ്രയും കോണ്‍ഗ്ര്‌സ് എംഎല്‍എയുടെ ഭാര്യയുമായുള്ള ഫോണ്‍സംഭാഷണവും പുറത്തുവന്നതിന് പിറകെയാണ് യെദ്യൂരപ്പയുടെ പേരിലുള്ള ശബ്ദരേഖയും കോണ്‍ഗ്രസ് പുറത്തുവിട്ടിരിക്കുന്നത്. ഇത്തരത്തില്‍ അഞ്ചോളം ശബ്ദരേഖകള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്.