Connect with us

Kerala

കേരളം അഴിമതിമുക്തമായി: മുഖ്യമന്ത്രി

Published

|

Last Updated

കണ്ണൂര്‍: രാഷ്ട്രീയ രംഗത്തെ ജീര്‍ണതയാലും അഴിമതിയാലും തലകുനിക്കേണ്ടിവന്ന ഒരു സംസ്ഥാനത്ത ഇതില്‍ നിന്ന് മുക്തമാക്കാന്‍ കഴിഞ്ഞതാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തെ വലിയ ഭരണ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതിമുക്തമാക്കി സമുന്നതമായ കേരളത്തിന്റെ രാഷ്ട്രീയ പാരമ്പര്യം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞു. രാജ്യത്ത് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളം രണ്ട് വര്‍ഷം കൊണ്ട് മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സര്‍ക്കാര്‍ രണ്ട് വര്‍ഷം കൊണ്ട് എന്ത് ചെയ്തു എന്ന് ചോദിക്കുന്നവര്‍ ഇതിന് മുമ്പത്തെ കേരള രാഷ്ട്രീയം ഓര്‍ക്കണം. വ്യവസായത്തിലൂടെ മാത്രമുള്ള വികസനത്തിന് പകരം സര്‍വതല സ്പര്‍ശിയായി നാടിന്റെ വികസനം വ്യാപിപ്പിച്ചു. തരിശുഭൂമിയില്‍ കൃഷിയിറക്കി. പാല്‍, മുട്ട, പച്ചക്കറി മേഖലകളില്‍ സംസ്ഥാനം സ്വയംപര്യാപതതയിലേക്ക് അടുത്തെത്തി. തദ്ദേശ സ്ഥാപനങ്ങളെ മുന്‍നിര്‍ത്തി മാലിന്യ സംസ്‌കരണം ശക്തിപ്പെടുത്തി. പ്രധാനപ്പെട്ട പട്ടണങ്ങളില്‍ കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്ലാന്റിന് തുടക്കമിട്ടു. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തി. ഒന്നരലക്ഷം കൂട്ടികള്‍ കഴിഞ്ഞവര്‍ഷം സ്വാകര്യ മേഖലകളില്‍ നിന്ന് സര്‍ക്കാര്‍ സ്‌കൂളിലേക്ക് കടന്നുവന്നു. വീടില്ലാത്തവര്‍ക്ക് ഭവനം ഒരുക്കുന്ന ലൈഫ്മിഷന്‍ ലക്ഷ്യപ്രാപ്തിക്കായി കൂടുതല്‍ മുന്നോട്ടുപോകുന്നു. സര്‍ക്കാര്‍ പ്രകടനപത്രികയില്‍ എന്തെല്ലാം പറഞ്ഞിട്ടുണ്ടോ അതെല്ലാം അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കും. പ്രകടനപത്രിക മുന്‍നിര്‍ത്തി സര്‍ക്കാറിന്റെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനം സംബന്ധിച്ച പ്രോഗ്രസ് റിപ്പോര്‍ട്ട് ഉടന്‍ പുറത്തിറക്കും.

കേരളത്തില്‍ ഒന്നും നടക്കില്ലെന്ന പൊതുധാരണ നേരത്തെ പലരും വെച്ചുപുലര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവിടെയും ചിലത് നടക്കുമെന്ന അവസ്ഥയായി. നിക്ഷേപങ്ങള്‍ തുടങ്ങുന്നതിനുള്ള അപേക്ഷക്ക് നിശ്ചിത ദിവസത്തിനുള്ളില്‍ തീരുമാനം വരാന്‍ തുടങ്ങി. വലിയ നിക്ഷേപം വരാന്‍ തുടങ്ങി. നോക്കുകൂലി നിരോധിച്ചു. കേരളത്തിന്റെ വികസനത്തിന് തടസ്സം തൊഴിലാളി സംഘടനകളാണെന്ന് ചിലര്‍ ആക്ഷേപം ഉന്നയിക്കുകയാണ്. ഇതിന് അടിസ്ഥാനമില്ല. ദേശീയപാത വികസനം വലിയ തോതില്‍ മുന്നോട്ടുപോയി. ഭൂമി ഏറ്റെടുക്കല്‍ പല ജില്ലകളിലും അവസാന ഘട്ടത്തിലെത്തി. കാസര്‍കോട് ജില്ലയില്‍ പ്രവൃത്തി തുടങ്ങുന്ന അവസ്ഥയിലെത്തി. ഭൂമി ഏറ്റെടുക്കലില്‍ ചിലര്‍ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഏര്‍പ്പെടുത്തി. ഇത് കേന്ദ്ര സര്‍ക്കാറും അംഗീകരിച്ചു. മുടങ്ങിക്കിടന്ന ഗെയില്‍ പദ്ധതി സമയബന്ധിതമായി പുരോഗമിച്ചു.
കണ്ണൂര്‍ വിമാനത്താവളം സെപ്തംബറില്‍ പ്രവര്‍ത്തനം തുടങ്ങും. സംസ്ഥാനത്തുടനീളം ഹൈസ്പീഡ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കും. ലൈബ്രറി പോലുള്ള പൊതുഇടങ്ങളില്‍ വൈഫൈ സൗകര്യവും ഏര്‍പ്പെടുത്തും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

കര്‍ണാടകയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവങ്ങള്‍ നമ്മുടെ ജനാധിപത്യത്തിന് ഏല്‍പ്പിച്ച പോറല്‍ വളരെ വലുതാണ്. ഭരണഘടനയും പാര്‍ലിമെന്ററി ചട്ടങ്ങളെയും അട്ടിമറിക്കുന്ന പ്രവര്‍ത്തനമാണ് കേന്ദ്രം ഭരിക്കുന്ന ബി ജെ പി നടത്തുന്നത്. ആര്‍ എസ് എസിന്റെ അജന്‍ഡക്ക് അനുസരിച്ചാണ് ഇതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ എ കെ ശശീനദ്രന്‍, കെ ചന്ദ്രശേഖരന്‍, കെ കെ ശൈലജ, മാത്യൂ ടി തോമസ്, എം പിമാരായ പി കെ ശ്രീമതി, പി കരുണാകരന്‍, എം എല്‍ എമാരായ ഇ പി ജയരാജന്‍, സി കൃഷ്ണന്‍, ടി വി രാജേഷ്, എ എന്‍ ഷംസീര്‍ പങ്കെടുത്തു.

Latest