തുറന്നുപറച്ചിലുകളുടെ ന്യായാധിപന്‍ പടിയിറങ്ങി

Posted on: May 19, 2018 6:30 am | Last updated: May 18, 2018 at 11:38 pm

ന്യൂഡല്‍ഹി: അടുത്ത മാസം 22ന് ഔദ്യോഗികമായി വിരമിക്കാനിരിക്കെ, ജസ്റ്റിസ് ജെ ചെവമേശ്വറിന് ഇന്നലെ സുപ്രീം കോടതിയിലെ അവസാന പ്രവൃത്തി ദിനം. സംഭവബഹുലമായ നീതിന്യായ ദിനങ്ങള്‍ക്ക് പൂര്‍ണവിരാമമിട്ട് ചെലമേശ്വര്‍ പടിറങ്ങുന്നത് ഇന്ത്യന്‍ ജുഡീഷ്യല്‍ ചരിത്രത്തിലെ വിപ്ലവകരമായ തുറന്ന് പറച്ചിലിലൂടെ വിമതനായ ജഡ്ജിയെന്ന പേര് സമ്പാദിച്ചു കൊണ്ടാണ്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചിലായിരുന്നു അവസാന പ്രവൃത്തി ദിനത്തില്‍ ജസ്റ്റിസ് ചെലമേശ്വര്‍. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ബഞ്ചിലുണ്ടായിരുന്നു. സുപ്രീം കോടതി ദീര്‍ഘ വേനല്‍ക്കാല അവധിയില്‍ പ്രവേശിക്കുന്നത് കൊണ്ടാണ് ഇന്നലെ അദ്ദേഹത്തിന്റെ അവസാന പ്രവൃത്തി ദിനമായത്. വിരമിക്കുന്ന ന്യായാധിപനെ അവസാന ദിവസം ചീഫ് ജസ്റ്റിസിന്റെ ബഞ്ചില്‍ പോസ്റ്റ് ചെയ്യുകയെന്നത് കീഴ്‌വഴക്കമാണ്. വിരമിക്കുന്ന ജഡ്ജിക്ക് നല്‍കുന്ന ആദരമാണത്. ഒന്നാം നമ്പര്‍ കോടതിയിലാണ് ഈ സിറ്റിംഗ് നടക്കുക.

സുപ്രീം കോടതിയുടെയും ചീഫ് ജസ്റ്റിസിന്റെയും പ്രവര്‍ത്തനം ശരിയായ നിലയിലല്ലെന്ന് തുറന്നടിച്ച് കോടതി മുറിയില്‍ നിന്ന് ഇറങ്ങി വന്ന് പത്രസമ്മേളനം വിളിച്ച മുതിര്‍ന്ന നാല് ജഡ്ജിമാരില്‍ ചെലമേശ്വര്‍ ഉണ്ടായിരുന്നു. നീതിന്യായ വിഭാഗത്തിന്റെ വഴിവിട്ട പോക്കിനെക്കിറിച്ചുള്ള അസാധാരണമായ തുറന്ന വിമര്‍ശമായിരുന്നു അത്. അഞ്ച് മുതിര്‍ന്ന ന്യായാധിപരില്‍ രണ്ടാം സ്ഥാനക്കാരനായ ചെലമേശ്വര്‍ കൊളീജിയത്തില്‍ അംഗമാണ്. നാഷനല്‍ ജുഡീഷ്യല്‍ കമ്മീഷന്‍ രൂപവത്കരണത്തിന് അനുകൂലമായ നിലപാട് മുതല്‍ ദീപക് മിശ്രയോടുള്ള എതിര്‍പ്പ് വരെ വ്യത്യസ്തമായ ജുഡീഷ്യല്‍ അവബോധം അവശേഷിപ്പിക്കാന്‍ ജസ്റ്റിസ് ചെലമേശ്വറിന് സാധിച്ചു. ആന്ധ്രാ പ്രദേശ് ഹൈക്കോടതിയില്‍ അഡീഷനല്‍ ജഡ്ജ് ആയിരുന്നു അദ്ദേഹം. 2007ല്‍ ഗുവാഹതി ഹൈക്കോടതി ചീഫ് ജസ്റ്റിസായി അവരോധിതനായി. കേരളാ ഹൈക്കോടതിയിലും അദ്ദേഹം ചീഫ് ജസ്റ്റിസായി സേവനം ചെയ്തു. 2011 ഒക്‌ടോബറിലാണ് അദ്ദേഹത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ഉയര്‍ത്തിയത്.

ഐ ടി ആക്ടിലെ സെക്ഷന്‍ 66 എ അസാധുവാക്കിയതാണ് ജസ്റ്റിസ് ചെലമേശ്വര്‍ നടത്തിയ ഏറ്റവും പ്രധാനപ്പെട്ട വിധി. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം ഉയര്‍ത്തിപ്പിടിക്കുന്ന ആ വിധിന്യായം ജസ്റ്റിസ് റോഹിംഗ്ടണ്‍ ഫാലി നരിമാനൊപ്പം ചേര്‍ന്നാണ് ചെലമേശ്വര്‍ എഴുതിയത്. ഇന്റര്‍നെറ്റില്‍ നടത്തുന്ന ഏത് സ്വതന്ത്ര അഭിപ്രായപ്രകടനത്തെയും അപകീര്‍ത്തികരമെന്ന ചാപ്പ കുത്തി വ്യവഹാരത്തിലേക്ക് വലിച്ചിഴക്കുന്ന വകുപ്പാണ് സെക്ഷന്‍ 66 എ എന്ന് ആ വിധി വ്യക്തമാക്കി. ഐ ടി ആക്ടിലെ ഡ്രാകോണിയന്‍ വ്യവസ്ഥ അസാധുവാക്കുകയായിരുന്നു.

ആധാറുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കവേ സ്വകാര്യത മൗലികാവകാശമാണെന്ന് വിധിച്ച ബഞ്ചിനെ നയിച്ചതും ജസ്റ്റിസ് ചെലമേശ്വര്‍ ആയിരുന്നു. ആധാര്‍ സംബന്ധിച്ചായിരുന്നു വിധിയെങ്കിലും വ്യക്തികളുടെ സ്വകാര്യത അവകാശമാണെന്ന് പ്രഖ്യാപിക്കുക വഴി വിശാലമായ പ്രയോഗങ്ങള്‍ ഈ വിധിക്ക് കൈവന്നു. ആധാര്‍ ഇല്ല എന്ന ഒറ്റക്കാരണത്താല്‍ ഒരു ഇന്ത്യന്‍ പൗരന് സബ്‌സിഡി പോലുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്നും മറ്റൊരു വിധിയില്‍ ജസ്റ്റിസ് ചെലമേശ്വര്‍ വ്യക്തമാക്കി.

ഉയര്‍ന്ന നീതിന്യായ തസ്തികകളിലേക്ക് നിയമനം നടത്താനായി ജുഡീഷ്യല്‍ അപ്പോയിന്‍മെന്റ് കമ്മീഷന്‍ രൂപവത്കരിക്കുന്നത് തടഞ്ഞ് കൊണ്ട് സുപ്രീം കോടതി ഭൂരിപക്ഷ വിധി പുറപ്പെടുവിച്ചപ്പോള്‍ വിയോജനക്കുറിപ്പ് എഴുതിയ ന്യായാധിപനാണ് ജസ്റ്റിസ് ചെലമേശ്വര്‍.