Connect with us

Kerala

പത്ത് മാസത്തിന് ശേഷം എം എം ആര്‍ വാക്‌സിനുകളെത്തുന്നു

Published

|

Last Updated

കൊച്ചി: കുട്ടികള്‍ക്ക് ഒന്നര വയസില്‍ നല്‍കേണ്ട എം എം ആര്‍ വാക്‌സിന്‍ പത്ത് മാസങ്ങള്‍ക്ക് ശേഷം സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്കെത്തുന്നു. സംസ്ഥാനത്തെ മേഖലാ കേന്ദ്രങ്ങളില്‍ എം എം ആര്‍ വാക്‌സിനുകള്‍ കഴിഞ്ഞ ആഴ്ചയോടെയാണ് എത്തിയത്. വാക്‌സിനുകള്‍ ഈ ആഴ്ച തന്നെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെത്തും.

15 മുതല്‍ 18 മാസം വരെ പ്രായമായ കുട്ടികള്‍ക്ക് നല്‍കേണ്ട എം എം ആര്‍ വാക്‌സിനുകള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി സംസ്ഥാനത്തെ ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് നല്‍കിയിട്ടില്ല. കേന്ദ്രത്തില്‍ നിന്നും കിട്ടേണ്ട മരുന്ന് എത്താതിരുന്നതാണ് വാക്‌സിന്‍ വിതരണത്തെ ബാധിച്ചതെന്നാണ് സംസ്ഥാനത്തെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടവര്‍ നല്‍കിയ വിശദീകരണം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് റീജിയനുകള്‍ മുഖേനെയാണ് സംസ്ഥാനത്ത് കുട്ടികള്‍ക്കുള്ള സൗജന്യവും നിര്‍ബന്ധിതവുമായ മരുന്നുകള്‍ വിതരണം ചെയ്യുന്നത്. റീജിയനുകള്‍ മുഖേനെ അംഗനവാടികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ മരുന്ന് എത്തിച്ചാണ് കുട്ടികള്‍ക്ക് നല്‍കിവരുന്നത്.

അംഗനവാടിയിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുട്ടികളുമായി എത്തുന്ന മാതാപിതാക്കള്‍ക്ക് കഴിഞ്ഞ പത്ത് മാസമായി മരുന്നില്ല എന്ന മറുപടിയാണ് കിട്ടിക്കൊണ്ടിരുന്നത്. പലരും ഇതോടെ സ്വകാര്യ ആശുപത്രികളിലെത്തി വാക്‌സിനുകള്‍ നല്‍കി. പല പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും എത്തുന്നവരോട് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാനുള്ള നിര്‍ദേശമാണ് ഉദ്യോഗസ്ഥര്‍ നല്‍കിയത്. എന്നാല്‍ ഗ്രാമമേഖലയിലുള്ള സ്വകാര്യ ആശുപത്രികള്‍ എം എം ആര്‍ വാക്‌സിനുകള്‍ സൂക്ഷിക്കാറില്ല. സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നത്‌കൊണ്ടും ഇത്തരം വാക്‌സിനുകള്‍ ഫ്രീസറില്‍ വക്കാന്‍ പാടില്ലാത്തതിനാലുമാണ് ഇവ സ്വകാര്യ ആശുപത്രികള്‍ സൂക്ഷിക്കാത്തത്.

മുണ്ടിനീര്, അഞ്ചാംപനി, റുബെല്ല എന്നിവക്കെതിരെയുള്ള വാക്സിനാണ് എം എം ആര്‍. എന്നാല്‍ എം എം ആര്‍ വാക്സിനേഷന്‍ നിലച്ചെങ്കിലും തുടര്‍ന്ന നല്‍കേണ്ട എം ആര്‍ വാക്സിന്‍ കൃത്യമായി തന്നെ നല്‍കിയിരുന്നു. എം എം ആര്‍ എടുക്കാന്‍ കഴിയാത്തവര്‍ക്കും 15 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികള്‍ക്കും ഇത് പര്യാപതമാണന്നാണ് സര്‍ക്കാര്‍ ആരോഗ്യമേഖലയിലുള്ളവര്‍ പറയുന്നത്. 2016ല്‍ ജനിച്ച കുട്ടികള്‍ക്കാണ് പ്രധാനമായും എം എം ആര്‍ വാക്‌സിന്‍ കിട്ടാതിരുന്നത്.തദ്ദേശസ്വയംഭരണ വകുപ്പിന്റെ കണക്ക് പ്രകാരം 2016 ല്‍ 4,66,731 കുട്ടികളാണ് സംസ്ഥാനത്ത് ജനിച്ചത്.

sijukm707@gmail.com