Editorial
വേണം പുതിയൊരു തൊഴില്‍ സംസ്‌കാരം

പുതിയ തൊഴില്‍ നയം പ്രഖ്യാപിച്ചിരിക്കയാണ് സംസ്ഥാന സര്‍ക്കാര്‍. കുറഞ്ഞ ദിവസവേതനം 600 രൂപ, സേവന കാലയളവിലും തുടര്‍ന്നും തൊഴിലാളികള്‍ക്ക് ന്യായമായ വേതനവുംആരോഗ്യ സുരക്ഷയും ഉറപ്പ് വരുത്തല്‍, ഉത്പാദനക്ഷമത പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ തൊഴില്‍ മേഖലകളില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് തൊഴിലാളിശ്രേഷ്ഠ അവാര്‍ഡ്, തൊഴില്‍ തര്‍ക്കങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് നല്ല തൊഴിലാളി -തൊഴിലുടമ ബന്ധം, സത്രീതൊഴിലാളികള്‍ക്ക് പ്രസവാനുകൂല്യങ്ങളും തൊഴിലിടങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാനുള്ള സൗകര്യവും, മിന്നല്‍ പണിമുടക്കും ചെയ്യാത്ത ജോലിക്ക് കൂലി വാങ്ങുന്നതും അമിത കൂലി ഈടാക്കുന്നതും അവസാനിപ്പിക്കുക തുടങ്ങിയയാണ് കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരം നല്‍കിയ തൊഴില്‍ നയത്തിലെ നിര്‍ദേശങ്ങള്‍.
കേരളത്തില്‍ തൊഴില്‍ രഹിതരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചു വരികയാണ്. തൊഴില്‍ സാധ്യതകള്‍ അതിനനുസൃതമായി വര്‍ധിക്കുന്നില്ല. മാത്രമല്ല, അവിദഗ്ധ തൊഴില്‍ മേഖല ഏറെക്കുറെ ഇതരസംസ്ഥാന തൊഴിലാളികള്‍ കൈയടക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ തൊഴില്‍ മേഖലയുടെ വികസനത്തിനും തൊഴില്‍ സൗഹൃദ സംസ്ഥാനമായി മാറ്റുന്നതിനും തൊഴിലാളികളുടെ മനോഭാവത്തിലും ട്രേഡ് യൂനിയനുകളുടെ പ്രവര്‍ത്തന രീതിയിലും സമൂലമാറ്റം അനിവാര്യമാണെന്ന തിരിച്ചറിവായിരിക്കണം നയപരിഷ്‌കരണത്തെക്കുറിച്ച ചിന്തയുടെ ഉറവിടം.
പാടങ്ങളിലും പറമ്പുകളിലും പണിയെടുത്തും കൃഷിയിറക്കിയും കിട്ടുന്ന വരുമാനം കൊണ്ട് ജീവിച്ച ഒരുകാലമുണ്ടായിരുന്നു കേരളീയന്. ഇന്ന് കാലംമാറി. മലയാളിയും ഏറെ മാറി. ഭക്ഷണത്തില്‍, വസ്ത്ര ധാരണത്തില്‍, ജീവിതരീതികളില്‍, തൊഴില്‍ സംസ്‌കാരത്തില്‍ എല്ലാം മാറ്റങ്ങള്‍ വന്നു. വിദ്യാഭ്യാസത്തില്‍ ഏറെ മുന്നോട്ട് പോകുകയും അദ്ധ്വാനത്തിന്റെ കാര്യത്തില്‍ പിറകോട്ടടിക്കുകയും ചെയ്തു. വിദ്യാസമ്പന്നനായിക്കഴിഞ്ഞാല്‍ നാട്ടുകാരുടെ മുമ്പില്‍ അദ്ധ്വാനിക്കുന്നത് കുറച്ചിലാണെന്ന മിഥ്യാധാരണയിലാണിന്ന് യുവ സമൂഹം. “കുറച്ചു അദ്ധ്വാനം കൂടുതല്‍ വരുമാന”മെന്നതാണ് പുതിയ തലമുറയുടെ മുദ്രാവാക്യം. വിയര്‍പ്പൊഴുക്കേണ്ട തൊഴില്‍ മേഖലകളെല്ലാം ഇതരസംസ്ഥാനക്കാര്‍ കൈയടക്കി. അതോടെ തൊഴിലില്ലാത്ത കേരളീയരുടെ എണ്ണം വര്‍ധിച്ചു. ദശാബ്ദങ്ങളായി അവന് ആശ്രയം നല്‍കിയിരുന്ന ഗള്‍ഫ് മേഖലയിലും അവസരങ്ങള്‍ കുറഞ്ഞു വന്നതോടെ തൊഴില്‍ സംസ്‌കാരത്തില്‍ പുനര്‍ചിന്ത അനിവാര്യമായിരിക്കയാണ്.
തൊഴില്‍ മേഖലയുടെ തളര്‍ച്ചയില്‍ സംസ്ഥാനത്തെ ട്രേഡ് യൂനിയനുകളുടെ തെറ്റായ പ്രവര്‍ത്തന രീതിക്കുമുണ്ട് പങ്ക്. അവകാശങ്ങളെക്കുറിച്ച് മാത്രം സംസാരിക്കുകയും ഉത്തരവാദിത്വങ്ങള്‍ മറക്കുകയും ചെയ്യുന്നവരാണ് ആധുനിക തൊഴിലാളി പ്രസ്ഥാനങ്ങള്‍. തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ വസ്തുനിഷ്ഠമായി മനസ്സിലാക്കാനും യുക്തമായ തീരുമാനങ്ങളെടുക്കാനും കഴിവില്ലാത്ത, തൊഴിലുടമകളോട് സംഘര്‍ഷത്തിലേര്‍പ്പെടാന്‍ മാത്രം അറിയുന്ന നേതാക്കളാണ് ഇത്തരം പ്രസ്ഥാനങ്ങളെ നയിക്കുന്നത്. അവകാശങ്ങള്‍ക്കൊപ്പം കടമകളുമുണ്ട് തൊഴിലാളികള്‍ക്കെന്ന തത്വം പഠിപ്പിക്കാതെ നേതാക്കള്‍ തൊഴിലാളികളെ നിരന്തരം സമരങ്ങളിലേക്ക് ഇറക്കി വിട്ടപ്പോള്‍, വ്യവസായികള്‍ കേരളത്തിലേക്ക് വരാതായി. പല വ്യവസായ സ്ഥാപനങ്ങളും അടച്ചു പൂട്ടുകയും ചെയ്തു. തൊഴിലാളി താത്പര്യം മാത്രം സംരക്ഷിച്ചു ഒരു വ്യവസായത്തിനും മുന്നോട്ട് പോകാനാകില്ല. തൊഴിലുടമയും ജീവനക്കാരും തമ്മിലുള്ള നല്ല ബന്ധം തൊഴില്‍ സംസ്‌കാരത്തിന്റെ അടിസ്ഥന ശിലയാണ്. പരസ്പര സഹകരണവും വിട്ടുവീഴ്ചയും നിലനില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കേ പുരോഗതി കൈവരികയുള്ളൂ. സഹകരിച്ചു മുന്നേറിയില്ലെങ്കില്‍ നഷ്ടം ഇരു കൂട്ടര്‍ക്കുമാണ്.
രാഷ്ട്രീയ പ്രേരിതവും വ്യക്തിതാത്പര്യത്തിലധിഷ്ഠതവുമാണ് പല ട്രേഡ്‌യൂനിയന്‍ നേതൃത്വങ്ങളുടെയും പ്രവര്‍ത്തനം. നിസ്സാര പ്രശ്‌നങ്ങള്‍ ഊതിപ്പെരുപ്പിച്ചു തൊഴിലാളികളെ സഹായിക്കാനെന്ന പേരില്‍ വ്യവസായ സ്ഥാപനങ്ങളില്‍ പ്രക്ഷോഭങ്ങള്‍ സൃഷ്ടിക്കുന്ന നേതാക്കള്‍ അതോടൊപ്പം സ്ഥാപന മാനേജ്‌മെന്റുമായി സ്വന്തം താത്പര്യത്തിലൂന്നിയുള്ള വ്യക്തിബന്ധം പുലര്‍ത്തുകയും ചെയ്യും. ചൂഷണത്തിന് വിധേയരായ തൊഴിലാളികളുടെ രക്ഷക്കായി ആരംഭിച്ച ട്രേഡ് യൂനിയന്‍ പ്രസ്ഥാനങ്ങള്‍ ഇപ്പോള്‍ തൊഴിലാളികളുടെയും മുതലാളിമാരുടെയും ചൂഷകരായി മാറുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. തൊഴില്‍ സ്ഥാപനങ്ങള്‍ സ്ഥിരം നിയമന രീതിയില്‍ നിന്ന് കരാര്‍ നിയമന രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നു തത്വദീക്ഷയില്ലാത്ത തൊഴിലാളി നേതൃത്വങ്ങളാണ്.
മാന്യമായ വേതനം, തൊഴില്‍ മേഖലയിലെ സുരക്ഷിതത്വം, തൊഴിലുടമയില്‍ നിന്ന് നല്ല പെരുമാറ്റം തുടങ്ങി തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി പൊരുതുമ്പോള്‍, ആത്മാര്‍ഥതയും വിശ്വസ്തതയും കഠിനാദ്ധ്വാനവും ഏല്‍പ്പിച്ച ജോലി പൂര്‍ണമായും ഭംഗിയായും നിറവേറ്റലും തൊഴിലാളിയില്‍ നിന്ന് തിരിച്ച് ലഭിക്കേണ്ട അവകാശങ്ങളാണെന്ന തിരിച്ചറിവും തൊഴില്‍ സംഘടനാ നേതാക്കള്‍ക്ക് വേണം. ഇതുവഴി ഊഷ്മളായ തൊഴിലുടമ-തൊഴിലാളി ബന്ധം നിലനിര്‍ത്തുകയാണ് സംസ്ഥാനത്തെ തൊഴില്‍ സാധ്യതയുടെ വര്‍ധനവിനും തൊഴില്‍ മേഖലയുടെ വികസനത്തിനും ഇന്നാവശ്യം.