എം എല്‍ എക്ക് ബി ജെ പി നൂറിരട്ടി സ്വത്ത് വാഗ്ദാനം ചെയ്‌തെന്ന ആരോപണവുമായി കോണ്‍ഗ്രസ്

ഓഡിയോ സന്ദേശം പുറത്തുവിട്ടു
Posted on: May 18, 2018 8:17 pm | Last updated: May 19, 2018 at 11:08 am

ബെംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങള്‍ക്കിടെ ബി ജെ പിക്കെതിരെ കൈക്കൂലി ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബി ജെ പി നേതാവ് ജനാര്‍ദന്‍ റെഡ്ഡി കോണ്‍ഗ്രസ് എം എല്‍ എമാരെ പണം നല്‍കി വശത്താക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. ഇതിന് തെളിവായി ടെലിഫോണ്‍ റെക്കോര്‍ഡിംഗും കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്.

റായ്ചൂര്‍ റൂറലില്‍ നിന്നു ജയിച്ച ബസവന ഗൗഡ എം എല്‍ എക്ക് പണവും സ്വത്തും വാഗ്ദാനം ചെയ്തതെന്നാണ് ആരോപണം. തങ്ങളുടെ കൂടെ വന്നാല്‍ ഇപ്പോഴുള്ള സ്വത്തിന്റെ നൂറിരട്ടി തരാമെന്നാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. സ്വത്തിനൊപ്പം മന്ത്രിസ്ഥാനവും വാഗ്ദാനത്തിലുണ്ട്. അമിത്ഷായുമായി നേരിട്ട് സംസാരിക്കാന്‍ അവസരം ലഭ്യമാക്കാമെന്നും റെഡ്ഡി വാഗ്ദാനം ചെയ്തിട്ടുണ്ട്.

അതേസമയം ശനിയാഴ്ച്ച തന്നെ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഭൂരിപക്ഷം തെളിയിക്കാന്‍ സമയം നല്‍കണമെന്ന ബി ജെ പിയുടെ ആവശ്യം തള്ളിയാണ് നാളെ നാല് മണിക്ക് മുമ്പ് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് കോടിതി നിര്‍ദ്ദേശിച്ചത്. വോട്ടെടുപ്പിന് രഹസ്യബാലറ്റ് വേണമെന്ന ആവശ്യവും കോടതി തള്ളി.

ഇനി ഇരുപത്തിനാല് മണിക്കൂറില്‍ താഴെ മാത്രമേ വിശ്വാസ വോട്ടെടുപ്പിനു സമയമുള്ളൂ എന്നിരിക്കെ ചടുലമായ നീക്കങ്ങളാണ് ബി ജെ പിയുടേയും കോണ്‍ഗ്രസ്-ജെ ഡി(എസ്) സഖ്യത്തിന്റേയും ഭാഗത്ത് നടക്കുന്നത് എന്നതിനുള്ള തെളിവാണ് പുതിയ സംഭവ വികാസങ്ങള്‍.