പതിറ്റാണ്ടു നീണ്ട ജാനകിയുടെ വിരഹത്തിന് വിരാമം; അമ്മയെ തേടി മകനെത്തി

Posted on: May 18, 2018 6:14 am | Last updated: May 18, 2018 at 12:54 am
ജാനകി മകനോടൊപ്പം

തിരുവനന്തപുരം: ഒരു പതിറ്റാണ്ട് നീണ്ട വിരഹത്തിന് വിരാമിട്ട് അമ്മയെ കാണാന്‍ മകനെത്തി. പത്ത് വര്‍ഷം മുമ്പ് കാണാതായ മകനെ തേടി കൊയിലാണ്ടിയില്‍ നിന്ന് തലസ്ഥാനത്തെത്തിയ ജാനകിക്കാണ് സുമനസ്സുകളുടെ സഹായത്തോടെ മകന്‍ ഷാജിയെ കണ്ടെത്താനായത്. 72 വയസ്സുകാരിയായ കൊയിലാണ്ടി മുജുകുന്ന് പാടാലി മീത്തല്‍ ജാനകിയാണ് പത്ത് വര്‍ഷം മുമ്പ് വീടുവിട്ടിറങ്ങിയ മകനെ തേടി മൂന്ന് ദിവസം മുമ്പ് തലസ്ഥാനത്തെത്തിയത്. ജീവിക്കാനായി വീട്ടുജോലികള്‍ ചെയ്തിരുന്ന ജാനകി മകന്‍ എവിടെയാണെന്നറിയാതെ വിഷമിച്ച് നാളുകള്‍ തള്ളിനീക്കുമ്പോഴാണ് തിരുവനന്തപുരത്ത് ഉണ്ടെന്ന വിവരം അറിയുന്നത്.

ഭാര്യാ വീട്ടുകാരുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഷാജി നാടുവിട്ടത്. ഷാജി മടങ്ങിവന്നാ ല്‍ വീട് തുറക്കാമെന്ന നിലപാടെടുത്ത് ഭാര്യ വീട് പൂട്ടി. മറ്റു മക്കളും ബന്ധുക്കളും കൈയൊഴിഞ്ഞതോടെ മകനൊപ്പം താമസിച്ചിരുന്ന ജാനകി പെരുവഴിയിലായി. നിത്യവൃത്തിക്കായി വീട്ടുജോലികളെടുത്ത് വൃദ്ധസദനങ്ങളിലായി ജാനകിയുടെ അന്തിയുറക്കം. തലസ്ഥാനത്തെത്തി താമസിക്കാന്‍ ഇടമില്ലാതെ റെയില്‍വേസ്റ്റേഷനില്‍ ഇരുന്ന ജാനകിയെ സഹായിക്കാനായി റെയില്‍വേ പോലീസും ബേക്കറി അസോസിയേഷന്‍ പ്രതിനിധികളും രംഗത്തെത്തിയതാണ് കൂടിച്ചേരലിനു വഴിയൊരുക്കിയത്. തലസ്ഥാനത്തെ ബേക്കറി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ മാധ്യമവാര്‍ത്തകള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തതോടെയാണ് തിരുവല്ലത്ത് ബേക്കറിയില്‍ ജോലിചെയ്യുന്ന ഷാജികുമാര്‍ അമ്മയെ തേടിയെത്തിയത്. പത്ത് വര്‍ഷത്തിന് ശേഷം കണ്ട മകനെ ജാനകിയമ്മ ചേര്‍ത്തുപിടിച്ചു. ജാനകിയമ്മ മകനെ തേടുന്നുവെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതോടെ സര്‍ക്കാരും ഇവരുടെ ശ്രമങ്ങളില്‍ പങ്കുചേര്‍ന്നു. മന്ത്രി കെ കെ ശൈലജയും കൂടിച്ചേരലിനു ചുക്കാന്‍ പിടിച്ച സാമൂഹികസുരക്ഷാ മിഷന്‍ ഡയറക്ടര്‍ ഡോ മുഹമ്മദ് അഷീലും സന്തോഷമുഹൂര്‍ത്തത്തിന് സാക്ഷികളായി. വിഷയത്തില്‍ ഇടപെട്ട മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയും ഇരുവരും നന്ദി പറഞ്ഞു.