Connect with us

Sports

ചിലതൊക്കെ തെളിയിക്കാന്‍ പോഗ്ബ റഷ്യയിലേക്ക്

Published

|

Last Updated

ലോകകപ്പില്‍ എനിക്ക് ചിലതൊക്കെ തെളിയിക്കാനുണ്ട് !. ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബ ആത്മവിശ്വാസത്തെ കൂട്ടുപിടിക്കുന്നു. 2014 ലോകകപ്പില്‍ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട പോഗ്ബ ക്ലബ്ബ് ഫുട്‌ബോളില്‍ യുവെന്റസിനായി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. എന്നാല്‍, പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെത്തിയതോടെ കഥ മാറി.

ഇടക്കിടെ മാത്രം മിന്നുന്ന നക്ഷത്രമായി പോഗ്ബ മാറി. 2017-18 സീസണില്‍ സ്ഥിരതയില്ലാത്ത പ്രകടനം പോഗ്ബക്ക് ചീത്തപ്പേരുണ്ടാക്കി. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ച് ജോസ് മൗറിഞ്ഞോ പോഗ്ബയുടെ പ്രകടനത്തില്‍ നിരാശ പ്രകടിപ്പിച്ചെന്നും ട്രാന്‍സ്ഫര്‍ നടന്നേക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ലീഗ് ചാമ്പ്യന്‍പട്ടം തിരിച്ചുപിടിക്കാന്‍ സാധിക്കാത്തതും യൂറോപ്യന്‍ ഫുട്‌ബോളിലും കാര്യമായ ചലനമുണ്ടാക്കാന്‍ സാധിക്കാത്തതും പോഗ്ബയുടെ നെഞ്ചത്താണ്.

മുടക്കിയ കാശിന്റെ മുതലില്ലെന്ന വിമര്‍ശം പോഗ്ബക്ക് നേരെ ഉയര്‍ന്നു കഴിഞ്ഞു. അതുകൊണ്ടാണ് ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പറയുന്നത് : ലോകകപ്പില്‍ എനിക്ക് ചിലതൊക്കെ തെളിയിക്കാനുണ്ട് !

ഫ്രാന്‍സിനായി 51 രാജ്യാന്തര മത്സരങ്ങള്‍ ഇരുപത്തഞ്ച് വയസിനുള്ളില്‍ പോഗ്ബ കളിച്ചു. ഒമ്പത് ഗോളുകള്‍, ഏഴ് ഗോളുകള്‍ക്ക് വഴിയൊരുക്കല്‍. ഇത്രയുമാണ് പ്രകടന സ്റ്റാറ്റിസ്റ്റിക്‌സ്.