പി എസ് സി: 20നകം പരീക്ഷാ കണ്‍ഫര്‍മേഷന്‍ നല്‍കാത്തവര്‍ക്ക് അവസരം നഷ്ടമാകും

ഇതുവരെ കണ്‍ഫര്‍മേഷന്‍ നല്‍കാത്തത് രണ്ടര ലക്ഷത്തോളം പേര്‍
Posted on: May 17, 2018 8:48 pm | Last updated: May 18, 2018 at 10:06 am

തിരുവനന്തപുരം: കമ്പനി കോര്‍പ്പറേഷന്‍, ബോര്‍ഡ് അസിസ്റ്റന്‍ഡ് തസ്തികകളിലേക്ക് നടക്കുന്ന പി എസ് സി പരീക്ഷക്ക് കണ്‍ഫര്‍മേഷന്‍ നല്‍കുന്നത് 20ന് അവസാനിക്കും. ഇതുവരെ കണ്‍ഫര്‍മേഷന്‍ നല്‍കിയത് നാലേകാല്‍ ലക്ഷം പേര്‍ മാത്രമാണ്. രണ്ടര ലക്ഷത്തോളം പേര്‍ ഇതുവരെ കണ്‍ഫര്‍മേഷന്‍ നല്‍കിയിട്ടില്ല. ഈ മാസം 20ന് മുമ്പ് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ കണ്‍ഫര്‍മേഷന്‍ നല്‍കാത്തവര്‍ക്ക് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമാകും.

രണ്ട് കാറ്റഗറികളിലായി 11.98 ലക്ഷം പേര്‍ പരീക്ഷക്ക് അപേക്ഷിച്ചിട്ടുണ്ട്. അപേക്ഷ ക്ഷണിച്ചത് ഒന്നിച്ചായതിനാല്‍ ഒരേ ഉദ്യോഗാര്‍ഥി തന്നെ രണ്ട് കാറ്റഗറികളിലും അപേക്ഷിച്ചിട്ടുണ്ട്. ഫലത്തില്‍ യഥാര്‍ഥ അപേക്ഷകരുടെ എണ്ണം ആറ് ലക്ഷത്തോളമേ വരൂ.

പി ആര്‍ ഡിയിലേക്കുള്ള അസിസ്റ്റന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിംഗ് കമ്പനിയില്‍ ജൂനിയര്‍ അസിസ്റ്റന്‍ഡ് എന്നിവയുടെ പരീക്ഷയും ഇതോടൊപ്പം നടക്കുന്നുണ്ട്. എഴുപതിനായിരത്തോളം പേര്‍ ഇതിലേക്കും അപേക്ഷിച്ചിട്ടുണ്ട്. നാല് കാറ്റഗറികളിലുമായി 670 ലക്ഷം അപേക്ഷകരാണുള്ളത്. എന്നാല്‍ രണ്ടര ലക്ഷത്തോളം പേര്‍ ഇതുവരെ കണ്‍ഫര്‍മേഷന്‍ നല്‍കിയിട്ടില്ല. 20നകം കണ്‍ഫര്‍മേഷന്‍ നല്‍കാത്തവര്‍ക്ക് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടപ്പെടുമെന്ന് പി എസ് സി അധികൃതര്‍ അറിയിച്ചു.