കര്‍ണാടക ഗവര്‍ണര്‍ക്കെതിരെ രാംജഠ്മലാനി സുപ്രീം കോടതിയില്‍

Posted on: May 17, 2018 3:21 pm | Last updated: May 17, 2018 at 8:10 pm

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബി.ജെ.പിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ മുതിര്‍ന്ന അഭിഭാഷകനും നിയമവിദഗ്ദ്ധനുമായ രാംജഠ്മലാനി സുപ്രീം കോടതിയെ സമീപിച്ചു. ഭരണഘടന നല്‍കുന്ന അധികാരത്തെ ഗവര്‍ണര്‍ ദുരുപയോഗം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയാണ് രാംജഠ്മലാനി ഹരജി നല്‍കിയത്.

തന്റെ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചിനോട് ജഠ്മലാനി ആവശ്യപ്പെട്ടു. എന്നാല്‍ കര്‍ണാടക വിഷയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ ഹര്‍ജി പരിഗണിച്ച മൂന്നംഗ ബഞ്ചിനെ സമീപിക്കാന്‍ ചീഫ് ജസ്റ്റിസ് ജഠ്മലാനിയോട് നിര്‍ദേശിച്ചു. കര്‍ണാടക ഗവര്‍ണറുടെ നടപടിയിലൂടെ ഗവര്‍ണര്‍ പദവിക്ക് തന്നെ കളങ്കം വന്നിരിക്കുകയാണ്. ഏതെങ്കിലും പാര്‍ട്ടിക്കു വേണ്ടിയല്ല ഞാന്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ ഗവര്‍ണറുടെ നടപടി എനിക്ക് വ്യക്തിപരമായി വിഷമം ഉണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

ജസ്റ്റിസ് എ.കെ.സിക്രിയുടെ നേതൃത്വത്തിലുള്ള ബഞ്ച് നാളെ രാവിലെ 10.30നാണ് കോണ്‍ഗ്രസിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കുക. ഇതിന് മുമ്പായി ഈ ബഞ്ചിനെ സമീപിക്കാനാണ് കോടതി നിര്‍ദേശിച്ചത്. യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കരുതെന്ന ആവശ്യവുമായി കോണ്‍ഗ്രസ് ബുധനാഴ്ച രാത്രി വൈകിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍, സത്യപ്രതിജ്ഞ തടയാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി വെള്ളിയാഴ്ച്ച കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി മാറ്റിവെക്കുകയായിരുന്നു.