ബിജെപിക്ക് കനത്ത തിരിച്ചടി; രണ്ട് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണ കോണ്‍ഗ്രസിനെന്ന് റിപ്പോര്‍ട്ട്

Posted on: May 17, 2018 12:46 pm | Last updated: May 17, 2018 at 3:06 pm

ബെംഗളൂരു: കര്‍ണാടകയില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള ബിജെപിയുടെ നീക്കത്തിന് തിരിച്ചടി. കെപിജെപി എംഎല്‍എ ആര്‍. ശങ്കര്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. ഇന്നലെ രാവിലെ ശങ്കര്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി യെദ്യൂരപ്പയെ വീട്ടിലെത്തി കണ്ടിരുന്നു. കെഎസ് ഈശ്വരപ്പക്കൊപ്പമാണ് ശങ്കര്‍ യെദ്യൂരപ്പയെ കണ്ടത്. എന്നാല്‍ വൈകുന്നേരം അദ്ദേഹം മലക്കം മറിഞ്ഞ് കോണ്‍ഗ്രസിന് പിന്തുണ അറിയിക്കുകയായിരുന്നു. കെപിസിസി ഓഫീസിലെത്തിയാണ് അദ്ദേഹം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്.

അതേസമയം, മുല്‍ബഗലില്‍ നിന്ന് മത്സരിച്ച് ജയിച്ച എച്ച് നാഗേഷും കോണ്‍ഗ്രസിന് പിന്തുണക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് പിന്തുണയോടെ ജയിച്ച നാഗേഷ് ഇന്നലെ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിന്റെ വീട്ടിലെത്തിയാണ് നാഗേഷ് കോണ്‍ഗ്രസിന് പിന്തുണ അറിയിച്ചത്. ഇന്നലെ വൈകിട്ട് ബി.ജെ.പി നേതാവ് ഈശ്വരപ്പക്കൊപ്പം യെദിയൂരപ്പയുടെ ഓഫീസിലെത്തി പിന്തുണ അറിയിച്ചിരുന്നു. ഇന്ന് രാവിലെ തികച്ചും നാടകീയമായ നീക്കങ്ങള്‍ക്കൊടുവില്‍ ശങ്കര്‍ കോണ്‍ഗ്രസിനെ പിന്തുണച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.