മോദിക്കും ഷാക്കും ഇളക്കാനാകാത്ത കന്നഡ ഇടങ്ങള്‍

'മിഷന്‍ 150' പരാജയപ്പെട്ടത് സംഘടനാ ദൗര്‍ബല്യമെന്ന് ബി ജെ പി വിലയിരുത്തല്‍
Posted on: May 17, 2018 6:03 am | Last updated: May 17, 2018 at 1:05 am

ബെംഗളൂരു: താഴേത്തട്ടില്‍ ആര്‍ എസ് എസിന്റെ സഹായത്തോടെ ബി ജെ പി നടത്തിയ കണ്ണുവെച്ച നീക്കങ്ങള്‍ അവരെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കിയെങ്കിലും ഭരണത്തിലെത്താന്‍ സാധിക്കാതെ പോയത് സംഘടനാ ദൗര്‍ബല്യങ്ങള്‍ മൂലമെന്ന് വിലയിരുത്തല്‍. മിഷന്‍ 150 ആണ് ആദ്യം ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ചിരുന്നത്. പിന്നെയത് മിഷന്‍ 130 ആക്കി ചുരുക്കി. ഒടുവില്‍ വോട്ടെണ്ണിയപ്പോള്‍ 104ല്‍ ഒതുങ്ങി.

കര്‍ണാടകയില്‍ പല മേഖലകളിലും സാന്നിധ്യമറിയിക്കാന്‍ പോലും ഇപ്പോഴും സാധിച്ചിട്ടില്ലെന്നാണ് ബി ജെ പിയുടെ വിലയിരുത്തല്‍. ഇത്തവണത്തെ തിരഞ്ഞെടുപ്പിലും ഈ സ്ഥിതിക്ക് മാറ്റമുണ്ടാക്കാനായിട്ടില്ല. മോദി നടത്തിയ പ്രചാരണപ്പകിട്ടും ചില വര്‍ഗീയ വിഭജന പ്രചാരണങ്ങളും എല്ലാ മണ്ഡലങ്ങളിലും ഓളമുണ്ടാക്കിയിരിക്കാം. എന്നാല്‍, സംഘടനാ സംവിധാനത്തിന്റെ കാര്യത്തില്‍ വട്ടപ്പൂജ്യമായ ഇടങ്ങള്‍ ഇപ്പോഴുമുണ്ട്. രാംനഗര്‍, മാണ്ഡ്യ, ചിക്കബല്ലപുര തുടങ്ങിയ മേഖലകളാണ് ഇത്തരത്തില്‍ കാവിക്കൊടി ഉയരാത്ത ഇടങ്ങള്‍. മുംബൈ കര്‍ണാടക, ഹൈദരാബാദ് കര്‍ണാടക ഉള്‍പ്പെട്ട വടക്കന്‍ കര്‍ണാടകയില്‍ ലിംഗായത്ത് വിഷയത്തെ തിരിച്ചിട്ടാണ് ബി ജെ പി സീറ്റ് നില ഉയര്‍ത്തിയത്. 2013ല്‍ 18 സീറ്റുണ്ടായിരുന്നത് ഇത്തവണ 50 ആയി ഉയര്‍ത്തി. തീരദേശ മേഖലയില്‍ ഹുന്ദുത്വ അജന്‍ഡ അപ്പടി പുറത്തെടുത്തപ്പോള്‍ അവിടെ സമ്പൂര്‍ണ ആധിപത്യവും ഉറപ്പിച്ചു. ബെംഗളൂരു നഗരത്തില്‍ ബി ജെ പി ഉയര്‍ത്തിയത് വികസനമായിരുന്നു.

ഒരു പാര്‍ട്ടി എന്ന നിലയില്‍ കര്‍ണാടകക്കാകെ പാകമായ നയങ്ങളോ എല്ലായിടത്തും അനുയായി പിന്തുണയോ ബി ജെ പിക്കില്ലെന്ന് ചുരുക്കം.