Connect with us

National

ആവര്‍ത്തിക്കുന്ന 'താമര വേട്ട'

Published

|

Last Updated

കൃത്യം പത്ത് വര്‍ഷം മുമ്പ് കര്‍ണാടകയില്‍ ബി ജെ പി അഭിമുഖീകരിച്ചത് ഇന്നത്തേതിന് സമാനമായ പ്രതിസന്ധിയാണ്. അന്ന് ആ പ്രതിസന്ധി മറികടന്നത് “ഓപറേഷന്‍ കമല”യിലൂടെയായിരുന്നു. കേവല ഭൂരിപക്ഷത്തിന് മൂന്ന് അംഗങ്ങളുടെ മാത്രം കുറവുണ്ടായിരുന്ന ബി ജെ പി, മുതിര്‍ന്ന നേതാവും ഖനി രാജാവുമായ ജനാര്‍ദന്‍ റെഡ്ഢിയുടെ തന്ത്രപരമായ നീക്കത്തിലൂടെയാണ് ബി എസ് യദ്യൂരപ്പയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ പിടിച്ചുകയറിയത്.

പണവും അധികാരവും വാഗ്ദാനം ചെയ്ത് മൂന്ന് കോണ്‍ഗ്രസ് എം എല്‍ എമാരെയും നാല് ജെ ഡി എസ്. എം എല്‍ എമാരെയും റെഡ്ഢിയുടെ സഹായത്തോടെ ബി ജെ പി ചാക്കിട്ട് പിടിക്കുകയായിരുന്നു. ഈ എം എല്‍ എമാര്‍ രാജിവെച്ച് പിന്നീട് ബി ജെ പി സ്ഥാനാര്‍ഥികളായി അതത് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചു. ഏഴില്‍ അഞ്ച് പേര്‍ ജയിക്കുകയും ചെയ്തു. ഇതോടെ അംഗബലം 115 ആയി ഉയര്‍ത്തിയ ബി ജെ പി അധികാരം ഉറപ്പിക്കുകയായിരുന്നു. കൂറുമാറ്റ നിരോധന നിയമം അട്ടിമറിക്കുന്നതിന് വേണ്ടിയായിരുന്നു ഈ തന്ത്രം. ഇതേ തന്ത്രം ആവര്‍ത്തിക്കാനാണ് പത്ത് വര്‍ഷത്തിനിപ്പുറവും ബി ജെ പി ശ്രമിക്കുന്നത്.

ഇത്തവണ ബി ജെ പിക്ക് സഭയില്‍ കേവല ഭൂരിപക്ഷത്തിന് എട്ട് എം എല്‍ എമാരുടെ കുറവാണുള്ളത്. ഇത് നികത്താന്‍ കോണ്‍ഗ്രസ്, ജെ ഡി എസ്. എം എല്‍ എമാരെ ചാക്കിട്ടുപിടിക്കാനുള്ള നീക്കങ്ങള്‍ ബി ജെ പി ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. കോണ്‍ഗ്രസും ജെ ഡി എസും ഈ ആരോപണം ഉന്നയിച്ചു കഴിഞ്ഞിട്ടുമുണ്ട്. ഇത്തവണ ബി ജെ പി ലക്ഷ്യമിടുന്നത്, തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് അടുത്തിടെ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന നാല് കോ ണ്‍ഗ്രസ്, രണ്ട് ജെ ഡി എസ്. എം എല്‍ എമാരെയാണ്. അതിനിടെയാണ്, നാലോ അഞ്ചോ കോണ്‍ഗ്രസ്, ജെ ഡി എസ്. എം എല്‍ എമാരുമായി ഇതുവരെ നേതൃത്വത്തിന് ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തുവരുന്നത്. ഇത് രണ്ടും കൂട്ടിവായിക്കുമ്പോള്‍ ഓപറേഷന്‍ കമല ഇത്തവണയും ആവര്‍ത്തിക്കുമോ എന്ന ആശങ്ക ജെ ഡി എസ്- കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്.

എന്നാല്‍, ബി ജെ പിയുടെ ആ തന്ത്രം ഇത്തവണ നടക്കില്ലെന്നാണ് ജെ ഡി എസ് നേതാവ് കുമാരസ്വാമി പറയുന്നത്. “ഇത്തവണയും ഓവറേഷന്‍ കമല ആവര്‍ത്തിക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നാണ് കേള്‍ക്കുന്നത്. അവര്‍ ശ്രമിച്ചോട്ടെ. ഞങ്ങള്‍ കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാര്‍ രൂപവത്കരിക്കുക തന്നെ ചെയ്യും.”- കുമാരസ്വാമി ഉറപ്പിച്ചു പറഞ്ഞു. ഓപറേഷന്‍ കമലയൊന്നും ഇത്തവണ വിജയിക്കില്ലെന്നാണ് സിദ്ധരാമയ്യയുടെ അഭിപ്രായം.

പക്ഷേ, അധികാരത്തിലേക്ക് ഏറെ അടുത്തുനില്‍ക്കുന്ന സന്ദര്‍ഭത്തില്‍ സ്ഥിതിഗതികള്‍ അനുകൂലമാക്കാന്‍ ഇത്തവണയും ജനാര്‍ദന്‍ റെഡ്ഢി ശ്രമിക്കുമെന്ന് ഉറപ്പാണ്. ഇത്തവണ ഇദ്ദേഹത്തിന്റെ രണ്ട് സഹോദരന്മാരാണ് നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചിട്ടുള്ളത്. 2008ല്‍ നിന്ന് ഭിന്നമായി ഇത്തവണ കേന്ദ്രത്തില്‍ അധികാരമുണ്ടെന്നത് ഈ നീക്കത്തില്‍ ബി ജെ പിക്ക് ഏറെ അനുകൂലമാകുകയും ചെയ്യും.

സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ആവശ്യമായ എണ്ണത്തില്‍ പാര്‍ട്ടിയെ എത്തിക്കാന്‍ റെഡ്ഢിക്ക് സാധിച്ചാല്‍ അതില്‍ അത്ഭുതപ്പെടാനില്ലെന്നാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഒരു ബി ജെ പി. എം എല്‍ എ പ്രതികരിച്ചത്.