Connect with us

Kerala

ലേക്ക് പാലസിലേക്കുള്ള റോഡ്: അന്വേഷണത്തിന് വീണ്ടും ഉത്തരവിട്ടു

Published

|

Last Updated

കോട്ടയം: മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് അനധികൃതമായി റോഡ് നിര്‍മിച്ച പരാതിയില്‍ അന്വേഷണത്തിന് കോട്ടയം വിജിലന്‍സ് കോടതി വീണ്ടും ഉത്തരവിട്ടു. ആലപ്പുഴ മുന്‍ കലക്ടര്‍ എം പത്മകുമാറിനെതിരെ പ്രാഥമിക അന്വേഷണം നടത്താനും കോടതി നിര്‍ദ്ദേശിച്ചു. കലക്ടര്‍ക്കെതിരായ പ്രാഥമിക അന്വേഷണം മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് 2012ല്‍ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി നിര്‍മിച്ച റോഡും പാര്‍ക്കിംഗ് സ്ഥലവും തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചാണെന്നും നടപടി സ്വീകരിക്കേണ്ട കലക്ടര്‍ അടക്കമുള്ളവര്‍ ഇതിന് കൂട്ടു നിന്നെന്നുമാണ് പരാതിക്കാരനായ അഡ്വ. സുഭാഷ് നല്‍കിയ ഹരജിയില്‍ ആരോപിച്ചിരുന്നത്.

ഹരജിയില്‍ വിശദമായ വാദം കേട്ട കോടതി, തോമസ് ചാണ്ടി മുന്‍ ആലപ്പുഴ ജില്ല കലക്ടര്‍ പത്മകുമാര്‍, ആര്‍ ഡി ഒ, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എന്നിവരടക്കം എട്ട് പേര്‍ക്കെതിരെ പ്രാഥമിക അന്വേഷണം നടത്താന്‍ ഉത്തരവിടുകയായിരുന്നു. വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി നിലം നികത്തിയത് പൂര്‍വ സ്ഥിതിയിലാക്കാതിരിക്കാന്‍ ജില്ല കലക്ടറും ആര്‍ ഡി ഒയും കൃഷി ഓഫീസറും അടക്കമുള്ളവര്‍ ചേര്‍ന്ന് ഗൂഢാലോന നടത്തിയതായും പരാതിയില്‍ പറയുന്നുണ്ട്. വലിയകുളം സീറോജട്ടി റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട കേസുമായി ഇതിന് ബന്ധമില്ലെന്നും പരാതിക്കാരന്‍ പറയുന്നു.

നിലം നികത്തലില്‍ നടപടിയെടുത്തില്ലെന്ന ഹരജിയില്‍ മുന്‍ ആലപ്പുഴ ജില്ല കലക്ടര്‍ പത്മകുമാര്‍ ഒന്നാം പ്രതിയാണ്. കേസില്‍ മൂന്നാം പ്രതിയാണ് തോമസ് ചാണ്ടി. അന്വേഷണ റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കാനാണ് വിജിലന്‍സ് കോടതിയുടെ ഉത്തരവ്.