Connect with us

Gulf

യു എ ഇയില്‍ വ്രതാരംഭം നാളെ; ഒരുക്കം പൂര്‍ത്തിയായി

Published

|

Last Updated

റമസനെ വരവേല്‍ക്കാനൊരുങ്ങി ഷാര്‍ജ ഈത്തപ്പഴ മാര്‍ക്കറ്റ്
ഫോട്ടോ: അബ്ദുര്‍റഹ്മാന്‍ മണിയൂര്‍

ദുബൈ: റമസാന്‍ വ്രതാനുഷ്ഠാനത്തിനു യു എ ഇയിലെങ്ങും ഒരുക്കം പൂര്‍ത്തിയായി. നാളെ (വ്യാഴം)യാണ് വ്രതാരംഭം. സ്വകാര്യ മേഖലക്ക് പ്രവര്‍ത്തി സമയത്തില്‍ രണ്ട് മണിക്കൂര്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. റമസാന്‍ പ്രമാണിച്ച് ജോലി സമയത്തില്‍ നല്‍കുന്ന ഇളവില്‍ മത വിവേചനം പാടില്ലെന്ന് യുഎ ഇ തൊഴില്‍ നിയമം നിഷ്‌കര്‍ഷിക്കുന്നുണ്ട്. സാധാരണ എട്ടു മണിക്കൂറാണ് ജോലി സമയമെങ്കില്‍ റമസാനില്‍ പ്രവൃത്തി സമയം ആറു മണിക്കൂറായിരിക്കും. മിക്ക സ്ഥലങ്ങളിലും ഇഫ്താര്‍ കൂടാരങ്ങള്‍ സ്ഥാപിതമായി. ആരാധനാലയങ്ങള്‍ ശുചീകരിച്ചു. ഓഫീസുകളും വിദ്യാലയങ്ങളും പ്രവര്‍ത്തി സമയം പുനഃക്രമീകരിച്ചു.

രാവിലെ 8.30 മുതല്‍ പന്ത്രണ്ടു വരെയായിരിക്കും കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ പ്രവര്‍ത്തിക്കുക. ആണ്‍കുട്ടികള്‍ക്ക് രാവിലെ എട്ടു മുതല്‍ 12.35 വരെയും പെണ്‍കുട്ടികള്‍ക്ക് രാവിലെ ഒന്‍പതു മുതല്‍ 1.35 വരെയുമാണ് ക്ലാസുകളുണ്ടാവുക. സെക്കന്‍ഡറി സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്ക് രാവിലെ എട്ടു മുതല്‍ 1.20 വരെയും പെണ്‍കുട്ടികള്‍ക്ക് രാവിലെ ഒന്‍പതു മുതല്‍ 2.20 വരെയും. കിന്റര്‍ഗാര്‍ട്ടന്‍ അധ്യാപകരുടെ പ്രവൃത്തിസമയം. രാവിലെ എട്ടു മുതല്‍ ഒരു മണി വരെയായിരിക്കും. സെക്കന്‍ഡറി അധ്യാപകരുടേത് രാവിലെ ഒന്‍പതു മുതല്‍ 2.20 വരെയും.

ദുബൈയില്‍ സ്‌കൂളുടെ പഠന സമയം അഞ്ചു മണിക്കൂറാക്കി കുറച്ചിട്ടുണ്ട്. നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡവലപ്‌മെന്റ് അതോറിറ്റി അറിയിച്ചതാണിത്. എട്ടിന് ആരംഭിക്കുന്ന സ്‌കൂളുകള്‍ ഒന്നിനും എട്ടരയ്ക്ക് ആരംഭിക്കുന്ന സ്‌കൂളുകള്‍ ഒന്നരക്കും അവസാനിപ്പിക്കണമെന്നാണ് നിര്‍ദേശം. കൂടാതെ റമസാനില്‍ പി ഇ ക്ലാസുകള്‍ നിര്‍ത്തിവെക്കണമെന്നും നിര്‍ദേശമുണ്ട്. ക്ലാസ് മുറിക്ക് പുറത്തുള്ള പരിപാടികളും പാടില്ല. ചൂടില്‍നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സ്‌കൂള്‍ സമയത്ത് പൊതുസ്ഥലങ്ങളില്‍ ഭക്ഷിക്കാനും കുടിക്കാനും പാടില്ല. പ്രത്യേക സ്ഥലങ്ങളില്‍ മറ്റു വിദ്യാര്‍ഥികള്‍ക്ക് പ്രയാസമുണ്ടാകാതെയായിരിക്കണം ഭക്ഷണം നല്‍കേണ്ടത്. റമസാന്റെ പവിത്രത കാത്തുസൂക്ഷിക്കണമെന്നും ഓര്‍മിപ്പിച്ചു.

പകല്‍ സമയങ്ങളില്‍ ഹോട്ടലുകളും റസ്റ്ററന്റുകളും അടച്ചിടും. ഈ സമയങ്ങളില്‍ അമുസ്‌ലിംകള്‍ക്ക് സ്വന്തമായി ഭക്ഷണം പാകം ചെയ്‌തോ നേരത്തേ ഹോട്ടലില്‍നിന്ന് ശേഖരിച്ചുവച്ചോ സ്വകാര്യമായി കഴിക്കുന്നതിന് വിരോധമില്ല. ഇഫ്താറിന് ഒരു മണിക്കൂര്‍ മുന്‍പ് മാത്രമേ ഹോട്ടലുകള്‍ തുറക്കൂ.

ഷോപ്പിങ് മാളുകള്‍ പതിവുപോലെ തുറന്ന് പ്രവര്‍ത്തിക്കും. പ്രത്യേക അനുമതി എടുക്കുന്ന സ്ഥാപനങ്ങളില്‍ പാഴ്‌സല്‍ ഭക്ഷണം അമുസ്‌ലിംകള്‍ക്ക് വിതരണം ചെയ്യാന്‍ അനുമതിയുണ്ട്. ഇത്തരക്കാര്‍ക്ക് സൂപ്പര്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും പാഴ്‌സല്‍ ഭക്ഷണം ലഭിക്കും. പവിത്രത കാക്കണം നൈറ്റ് ക്ലബുകളും അടച്ചിടും. ചില ബാറുകളും പബുകളും സൂര്യാസ്തമനത്തിന് ശേഷം തുറന്ന് പ്രവര്‍ത്തിക്കുന്നതിന് അനുമതിയുണ്ട്. സംഗീത, നൃത്ത പരിപാടികള്‍ പാടില്ല.

ശൈഖ് മുഹമ്മദ് 700 തടവുകാരെ മോചിപ്പിച്ചു

ദുബൈ: റമസാന്‍ മാസത്തിനോടനുബന്ധിച്ചു യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം 700 തടവുകാരെ മോചിതരാക്കാന്‍ ഉത്തരവിട്ടു. ദുബൈ ജയിലുകളില്‍ കഴിയുന്ന തടവുകാരെയാണ് ഉത്തരവനുസരിച്ചു മോചിപ്പിക്കുക. ജയില്‍ പുള്ളികള്‍ക്ക് മികച്ച തുടര്‍ ജീവിത രീതി ഒരുക്കി കുടുംബങ്ങളോടും ഉറ്റവരോടും ഒത്തു കഴിയുന്നതിന് വേണ്ടിയാണ് ശൈഖ് മുഹമ്മദിന്റെ പ്രഖ്യാപനം. സമൂഹത്തില്‍ വീണ്ടും ഇഴുകി ചേര്‍ന്ന് പൊതു പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകുന്നതിനും മോചിതരാക്കപ്പെടുന്നവരെ പ്രേചോദിപ്പിക്കുമെന്നും ദുബൈ അറ്റോര്‍ണി ജനറല്‍ ഇസാം ഇസാ അല്‍ ഹുമൈദാന്‍ പറഞ്ഞു.

ദുബൈയില്‍ വൈകിട്ട് ആറ് മുതല്‍ എട്ട് വരെ പാര്‍കിംഗ് സൗജന്യം

ദുബൈ: റമസാനില്‍ ദുബൈയില്‍ വൈകുന്നേരം ആറു മുതല്‍ എട്ട് വരെ രണ്ട് മണിക്കൂര്‍ വാഹന പാര്‍കിംഗ് സൗജന്യമായിരിക്കുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി-ആര്‍ ടി എ അറിയിച്ചു. മുഴുവന്‍ സോണുകളിലെയും പെയ്ഡ് പാര്‍കിംഗ് രണ്ട് സമയങ്ങളായി വേര്‍തിരിച്ചിട്ടുണ്ട്. രാവിലെ എട്ട് മുതല്‍ വൈകുന്നേരം ആറ് വരെയും രാത്രി എട്ട് മുതല്‍ രാത്രി 12 വരെയുമാണിത്. മള്‍ട്ടി ലെവല്‍ പാര്‍കിംഗ് ബില്‍ഡിംഗുകളില്‍ 24 മണിക്കൂറും പണം നല്‍കേണ്ടി വരും. റമസാനില്‍ ആര്‍ ടി എ കസ്റ്റമര്‍ കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തന സമയത്തിലും മാറ്റമുണ്ട്. ഞായര്‍ മുതല്‍ വ്യാഴം വരെ ഉം അല്‍ റമൂല്‍ സെന്റര്‍ രാവിലെ ഒന്‍പത് മുതല്‍ രണ്ട് വരെ മാത്രമേ പ്രവര്‍ത്തിക്കൂ. അല്‍ തവാര്‍, അല്‍ അവീര്‍, അല്‍ മനാറ, ദേര, അല്‍ ബര്‍ശ, അല്‍ കഫാഫ് സെന്ററുകള്‍ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ച് വരെ പ്രവര്‍ത്തിക്കും.

ദുബൈ മര്‍കസില്‍
വിപുലമായ ഇഫ്താര്‍ സൗകര്യം

ദുബൈ: ദുബൈ മര്‍കസില്‍ ഇത്തവണയും വിപുലമായ രീതിയില്‍ ഇഫ്താര്‍ സൗകര്യമൊരുക്കും. മുന്‍വര്‍ഷങ്ങളിലേതു പോലെ ആയിരത്തോളം പേര്‍ക്ക് നോമ്പ് തുറക്കാനുള്ള സൗകര്യമാണ് ഒരുക്കുക. റമസാനിലെ എല്ലാ ദിവസവും വൈകുന്നേരം അഞ്ചു മുതല്‍ ഇഫ്താറിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. ക്ഷേമകാര്യ സമിതിയുടെ നേതൃത്വത്തില്‍ ഐ സി എഫ്- ആര്‍ എസ് സി വളണ്ടിയര്‍മാരാണ് ഇഫ്താറിനു നേതൃത്വം നല്‍കുന്നത്. ഇഫ്താര്‍ സജ്ജീകരണത്തിന് നൗശാദ് തെന്നല, നിയാസ് ചൊക്ലി, നജീം വര്‍ക്കല, നജ്മുദ്ദീന്‍ പുതിയങ്ങാടി, മൊയ്തീന്‍ ആട്ടിരി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ഇഫ്താറിനെത്തുന്ന വിവിധ ഭാഷക്കാര്‍ക്കായി പ്രത്യേക ഉത്‌ബോധന സെഷനുകളും ഒരുക്കിയിട്ടുണ്ട്. പ്രവാസികള്‍ക്കായി ഐ സി എഫും മര്‍കസും ഗള്‍ഫ് രാജ്യങ്ങളില്‍ നടത്തിവരുന്ന സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് മര്‍കസില്‍ ഇഫ്താര്‍ സൗകര്യം ഒരുക്കിയിട്ടുള്ളത്.

ശൈഖ് സായിദ് മസ്ജിദില്‍
പതിനായിരങ്ങള്‍ക്ക് ഇഫ്താര്‍ ഒരുക്കും

അബുദാബി: അബുദാബി ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദില്‍ അതിഥികളെ സീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി. ഈ വര്‍ഷം റമസാനില്‍ അരാധകരെ സ്വീകരിക്കുന്നതിന് മസ്ജിദ് മാനേജ്മെന്റ് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. ആധുനിക രീതിയില്‍ ശീതീകരിച്ച ടെന്റുകളാണ് ഇഫ്താറിനായി ഒരുക്കിയത്. കഴിഞ്ഞ വര്‍ഷം രാത്രിയിലെ ആരാധനകള്‍ക്കായി ദിവസം 1,500 വിശ്വാസികളാണ് പള്ളിയിലെത്തിയത്. നഗരത്തിലെ പാലങ്ങളും, വലിയ കെട്ടിടങ്ങളും വര്‍ണ വിളക്കുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. മാളുകളും, സൂപ്പര്‍ മാര്‍ക്കറ്റുകളും റമസാനില്‍ ഒരു മാസത്തെ കിഴിവാണ് അനുവദിച്ചിട്ടുള്ളത്.

Latest