Connect with us

Ongoing News

2004 ആവര്‍ത്തിക്കുമോ?

Published

|

Last Updated

ബെംഗളൂരു: കര്‍ണാടകയില്‍ 2004 ആവര്‍ത്തിക്കുമോ എന്നാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. മണിക്കൂറുകളോളം നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കുമൊടുവില്‍ രൂപപ്പെട്ട ജെ ഡി എസ്- കോണ്‍ഗ്രസ് സഖ്യം 2004ന്റെ ആവര്‍ത്തനമാണ്. ജെ ഡി എസുമായി ചേര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപവത്കരിക്കുന്നത് ഇതാദ്യമല്ല. 2004 മെയ് 13ന് കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യത്തിലുള്ള സര്‍ക്കാറായിരുന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയത്. അന്ന് 79 സീറ്റുകള്‍ നേടി ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 65 സീറ്റുകളില്‍ വിജയിച്ച കോണ്‍ഗ്രസ് രണ്ടാമതെത്തി. 58 എം എല്‍ എമാരുമായി ജെ ഡി എസായിരുന്നു മൂന്നാം സ്ഥാനത്ത്. തുടര്‍ന്നാണ് കോണ്‍ഗ്രസ് – ജെ ഡി എസ് സഖ്യത്തിന് കളമൊരുങ്ങിയത്. കോണ്‍ഗ്രസിന്റെ ധരംസിംഗായിരുന്നു അന്നത്തെ മുഖ്യമന്ത്രി. അന്ന് ജെ ഡി എസിലായിരുന്ന സിദ്ധരാമയ്യ ഉപമുഖ്യമന്ത്രിയാകുകയും ചെയ്തു.

2005ല്‍ സിദ്ധരാമയ്യ ജെ ഡി എസുമായി തെറ്റിപ്പിരിഞ്ഞു. കുമാരസ്വാമിയുമായുള്ള അഭിപ്രായവ്യത്യാസവും സൗന്ദര്യപ്പിണക്കങ്ങളുമാണ് സിദ്ധരാമയ്യയെ പിന്നീട് കോണ്‍ഗ്രസ് പാളയത്തിലെത്തിച്ചത്. സിദ്ധരാമയ്യയെ സ്വീകരിച്ച കോണ്‍ഗ്രസുമായി ജനതാദള്‍- എസ് ഇടയുകയും ചെയ്തു. ഒരു സുപ്രഭാതത്തില്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചാണ് ജെ ഡി എസ് ഇതിനോട് മധുര പ്രതികാരം തീര്‍ത്തത്. മാത്രമല്ല, ബി ജെ പിയുമായി ജെ ഡി എസ് സഖ്യത്തിലേര്‍പ്പെടുകയും ചെയ്തു. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യമായിരുന്നു ബി ജെ പിയുടെ മുന്നില്‍ ഉന്നയിച്ചത്. ചര്‍ച്ചകള്‍ക്കൊടുവില്‍ തീരുമാനവുമായി. നിശ്ചിതകാലയളവിലേക്ക് കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാം. എന്നാല്‍, കാലാവധി അവസാനിച്ചപ്പോള്‍ കുമാരസ്വാമി പാലം വലിച്ചു.തെറ്റിയ ബി ജെ പി, സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു. ഗത്യന്തരമില്ലാതെ കുമാരസ്വാമി രാജിവെച്ചു. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. ഈ സമയങ്ങളില്‍ ഇരു കക്ഷികളും അനുരഞ്ജന ചര്‍ച്ചകളും നടന്നു. അങ്ങനെ വിജയം കണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ബി എസ് യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കി ബി ജെ പി- ജെ ഡി എസ് സഖ്യസര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയത്. അഞ്ച് വര്‍ഷത്തിനിടെ മൂന്ന് മുഖ്യമന്ത്രിമാര്‍ എന്ന സവിശേഷതയും കര്‍ണാടക സ്വന്തമാക്കി. ഇപ്പോള്‍ 14 വര്‍ഷത്തിനു ശേഷം വീണ്ടും കോണ്‍ഗ്രസും ജെ ഡി എസും വിധാന സൗധയിലെത്താന്‍ കൈകോര്‍ക്കുകയാണ്. ഈ കൂട്ടുകെട്ട് അധിക കാലം മുന്നോട്ട് പോവുമോ എന്നാണ് കണ്ടറിയേണ്ടത്.