കന്നഡലോകത്തും മലയാളിത്തിളക്കം

Posted on: May 16, 2018 6:11 am | Last updated: May 16, 2018 at 12:18 am

ബെംഗളൂരു: അങ്കത്തിനിറങ്ങിയ മൂന്ന് മലയാളികള്‍ക്ക് വിജയം. മൊത്തം അഞ്ച് മലയാളികളാണ് മത്സരിച്ചത്. ജയിച്ചവരില്‍ രണ്ട് പേര്‍ മന്ത്രിമാരും ഒരാള്‍ സിറ്റിംഗ് എം എല്‍ എയുമാണ്. പ്രമുഖ കോണ്‍ഗ്രസ് നേതാവും നഗര വികസന മന്ത്രിയുമായ കെ ജെ ജോര്‍ജ് ബെംഗളൂരുവിലെ സര്‍വജ്ഞ നഗര്‍ മണ്ഡലത്തിലും ഭക്ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രി യു ടി ഖാദര്‍ മംഗളൂരൂ സിറ്റിയില്‍ നിന്നും എന്‍ എ ഹാരിസ് ശാന്തിനഗറില്‍ നിന്നും വീണ്ടും വിജയിച്ചു. ദക്ഷിണ കന്നഡ ജില്ലയില്‍ ബി ജെ പിയുടെ കാവിക്കാറ്റില്‍ പിടിവിടാതെ യു ടി ഖാദര്‍ നേടിയത് മിന്നുംവിജയമാണ്. മംഗളൂരു ജില്ലയിലെ എട്ട് മണ്ഡലങ്ങളില്‍ ഏഴിലും ബി ജെ പി വിജയിച്ചപ്പോള്‍ യു ടി ഖാദര്‍ മാത്രമാണ് കോണ്‍ഗ്രസിന്റെ മാനം കാത്തത്. ബി ജെ പിയുടെ സന്തോഷ് കുമാര്‍ റായി ബൊളിയാരുവിനെ പരാജയപ്പെടുത്തിയാണ് ഖാദര്‍ വിജയിച്ചത്. ബൊമ്മനഹള്ളി മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ച അനില്‍ കുമാറും ബെംഗളൂരുവിലെ ശാന്തിനഗറില്‍ എ എ പി സ്ഥാനാര്‍ഥിയായി മത്സരിച്ച രേണുകാ വിശ്വനാഥനുമാണ് മത്സരിച്ച മറ്റ് രണ്ട് മലയാളികള്‍. ഇരുവരും പരാജയപ്പെട്ടു.

കെ ജെ ജോര്‍ജിന് ജനതാദള്‍- എസിലെ അന്‍വര്‍ ഷെരീഫായിരുന്നു പ്രധാന എതിരാളി. 28814 വോട്ടുകള്‍ക്കാണ് ജോര്‍ജ് വിജയിച്ചത്. എം എന്‍ റെഡ്ഢിയെയാണ് ബി ജെ പി ഇറക്കിയത്. 38,217 വോട്ട് ജോര്‍ജ് നേടിയപ്പോള്‍ എം എന്‍ റെഡ്ഢിക്ക് 12,155 വോട്ട് മാത്രമാണ് ലഭിച്ചത്. സിദ്ധരാമയ്യ മന്ത്രിസഭയുടെ തുടക്കത്തില്‍ ആഭ്യന്തര വകുപ്പാണ് ജോര്‍ജ് കൈയാളിയത്. മംഗളൂരു ഡി വൈ എസ് പി. എം കെ ഗണപതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായതിനെ തുടര്‍ന്ന് 2016 ജൂലൈയില്‍ മന്ത്രിസ്ഥാനം രാജിവെച്ചു. എന്നാല്‍, സെപ്തംബറില്‍ മന്ത്രിസഭയില്‍ തിരിച്ചെത്തുകയായിരുന്നു. കോട്ടയം ജില്ലയിലെ ചിങ്ങവനത്ത് കേളചന്ദ്ര വീട്ടില്‍ ചാക്കോ ജോസഫിന്റെയും മറിയാമ്മയുടെയും മകനാണ് ജോര്‍ജ്.

കാസര്‍കോട് ജില്ലയിലെ ഉപ്പള തുരുത്തി സ്വദേശിയാണ് യു ടി ഖാദര്‍. പിതാവ് യു ടി ഫരീദിന്റെ വഴിയെ രാഷ്ട്രീയ രംഗത്തെത്തി മിന്നുന്ന പ്രവര്‍ത്തനം കാഴ്ച വെച്ച ഖാദര്‍ പിന്നീട് എം എല്‍ എയും മന്ത്രിയുമായി. 2013ലെ തിരഞ്ഞെടുപ്പില്‍ യു ടി ഖാദര്‍ ബി ജെ പിയിലെ ചന്ദ്രഹാസ ഉള്ളാളിനെ 29,111 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. കാസര്‍കോട് മേല്‍പ്പറമ്പ് സ്വദേശിയായ എന്‍ എ ഹാരിസ് പിതാവും രാഷ്ട്രീയക്കാരനും വ്യവസായിയുമായ എന്‍ എ മുഹമ്മദിന്റെ വഴിയെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. ശാന്തിനഗര്‍ മണ്ഡലത്തില്‍ ഹാട്രിക് വിജയമാണ് ഹാരിസ് നേടിയത്.