ബി ജെ പിയുടെ ജനാധിപത്യ വഴികള്‍

ഇത് തന്നെയാണ് 2019 ലോക്‌സഭയിലേക്കുള്ള ചൂണ്ടുപലക. കോണ്‍ഗ്രസിനും ജനതാദളിനും കൂടി കിട്ടിയ വോട്ട് ശതമാനവും കൂട്ടിയാല്‍ കിട്ടുന്നത് 55. ഭരണം കൈപ്പിടിയിലാക്കാന്‍ നോക്കുന്ന ബി ജെ പിക്ക് കിട്ടിയത് 37 ശതമാനം. അപ്പോള്‍ കോണ്‍ഗ്രസും ജനതാദളും സഖ്യമായി ചേര്‍ന്നു മത്സരിച്ചിരുന്നെങ്കിലോ? ആ ബുദ്ധി കോണ്‍ഗ്രസിനും ജനതാദളിനും ഉണ്ടായില്ല. ഒറ്റക്ക് ഭരണം പിടിച്ചടക്കാന്‍ കഴിയുമെന്ന് സിദ്ധരാമയ്യ കണക്കുകൂട്ടി. ത്രിശങ്കു നിയമസഭയാവുമ്പോള്‍ രണ്ട് കക്ഷിയോടും വില പേശി കിംഗ് മേക്കറോ കിംഗ് തന്നെയോ ആവാമെന്ന് ജനതാ ദളും സ്വപ്‌നം കണ്ടു.
Posted on: May 16, 2018 6:01 am | Last updated: May 16, 2018 at 12:08 am

കര്‍ണാടകയില്‍ ബി ജെ പി 104 സീറ്റുമായി ഏറ്റവും വലിയ കക്ഷിയായി ഉയര്‍ന്നിരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യ രീതികളനുസരിച്ച് ബി ജെ പിയെ തന്നെയാണ് ഗവര്‍ണര്‍ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിക്കേണ്ടത്. ഇതാണ് പതിവ് ജനാധിപത്യ രീതിയും കീഴ്‌വഴക്കവും. പക്ഷേ, കഴിഞ്ഞ വര്‍ഷം ഗോവയില്‍ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഏറ്റവും വലിയ കക്ഷിയായി ഉയര്‍ന്നുവന്ന കോണ്‍ഗ്രസിനെ മന്ത്രിസഭയുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതേയില്ല. മറ്റംഗങ്ങളെ ചേര്‍ത്ത് പുതിയൊരു പട്ടികയുമായി ചെന്ന ബി ജെ പിയെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിക്കുകയായിരുന്നു ഗവര്‍ണര്‍. നാഗാലാന്റിലും മണിപ്പൂരിലുമൊക്കെ ബി ജെ പി ഇതേ കളി കളിച്ചു. കര്‍ണാടകയിലിപ്പോള്‍ ഏറ്റവും വലിയ കക്ഷി എന്നതിന്റെ പേരില്‍ മന്ത്രിസഭയുണ്ടാക്കാന്‍ തങ്ങള്‍ക്കാണ് യോഗ്യത എന്ന് പ്രഖ്യാപിക്കുകയാണ് ബി ജെ പി. ജനങ്ങള്‍ കോണ്‍ഗ്രസിനെ കൈവിട്ടുവെന്നും തിരഞ്ഞെടുപ്പിന്റെ മാന്‍ഡേറ്റ് കോണ്‍ഗ്രസിനെതിരാണെന്നും ബി ജെ പി വാദിക്കുന്നു.

വോട്ടിംഗ് ശതമാനത്തില്‍ മുന്നില്‍ നില്‍ക്കുന്ന കോണ്‍ഗ്രസിനോടാണ് പ്രതിപക്ഷത്തിരിക്കാന്‍ ബി ജെ പി ആജ്ഞാപിക്കുന്നത്. ബി ജെ പി 37 ശതമാനം വോട്ട് നേടിയപ്പോള്‍ കോണ്‍ഗ്രസ് നേടിയത് 38 ശതമാനം വോട്ട്. ജനതാദള്‍ എസ് കൈക്കലാക്കിയത് 17 ശതമാനവും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കിട്ടിയതിനേക്കാള്‍ 16 ശതമാനം അധികം വോട്ട് നേടാന്‍ ബി ജെ പിക്ക് കഴിഞ്ഞുവെന്നത് നേര്. പക്ഷേ, കോണ്‍ഗ്രസിന്റെ ജനകീയ അടിത്തറക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധേയമാണ്. സിദ്ധാരാമയ്യയുടെ ഭരണത്തിനും നയങ്ങള്‍ക്കും നടപടികള്‍ക്കുമെതിരായ ഒരു ജനവികാരം വോട്ടെടുപ്പില്‍ പ്രകടമായില്ലെന്നതും ഒരു വലിയ പ്രത്യേകതയാണ്.

ഇത് തന്നെയാണ് 2019 ലോക്‌സഭയിലേക്കുള്ള ചൂണ്ടുപലക. കോണ്‍ഗ്രസിനും ജനതാദളിനും കൂടി കിട്ടിയ വോട്ട് ശതമാനവും കൂട്ടിയാല്‍ കിട്ടുന്നത് 55. ഭരണം കൈപ്പിടിയിലാക്കാന്‍ നോക്കുന്ന ബി ജെ പിക്ക് കിട്ടിയത് 37 ശതമാനം. അപ്പോള്‍ കോണ്‍ഗ്രസും ജനതാദളും സഖ്യമായി ചേര്‍ന്നു മത്സരിച്ചിരുന്നെങ്കിലോ? ആ ബുദ്ധി കോണ്‍ഗ്രസിനും ജനതാദളിനും ഉണ്ടായില്ല. ഒറ്റക്ക് ഭരണം പിടിച്ചടക്കാന്‍ കഴിയുമെന്ന് സിദ്ധരാമയ്യ കണക്കുകൂട്ടി. ത്രിശങ്കു നിയമസഭയാവുമ്പോള്‍ രണ്ട് കക്ഷിയോടും വില പേശി കിംഗ് മേക്കറോ കിംഗ് തന്നെയോ ആവാമെന്ന് ജനതാ ദളും സ്വപ്നം കണ്ടു. രണ്ട് കക്ഷികളും ഒന്നിച്ചു നിന്നിരുന്നു എങ്കില്‍ ബി ജെ പിയെ തുരത്താമായിരുന്നു എന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രസ്താവിച്ചു കഴിഞ്ഞു.

ഇതാണ് 2019 ലേക്കുള്ള ചൂണ്ടുപലകയുടെ നേര്‍ വ്യാഖ്യാനം. യു പിയില്‍ സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും ഇക്കാര്യം മനസ്സിലാക്കിക്കഴിഞ്ഞു. ഗോരഖ്പൂരിലും ഫുല്‍പൂരിലും അവര്‍ ഒന്നിച്ചു നിന്നു മത്സരിച്ചപ്പോള്‍ ബി ജെ പി സ്വന്തം തട്ടകത്തില്‍ തകര്‍ന്നടിഞ്ഞു. വരുന്ന പൊതു തിരഞ്ഞെടുപ്പിലും തങ്ങള്‍ ഒന്നിച്ചു തന്നെ നില്‍ക്കുമെന്ന് രണ്ട് പാര്‍ട്ടികളും പ്രഖ്യാപിച്ചുകഴിഞ്ഞു.

ദേശീയ തലത്തില്‍ ബി ജെ പിക്കെതിരെ പ്രതിപക്ഷ കക്ഷികളുടെ ഐക്യനിര ഉണ്ടാക്കാന്‍ കഴിയുമോ എന്ന ചോദ്യം തന്നെയാണ് കര്‍ണാടക തിരഞ്ഞെടുപ്പ് ആവര്‍ത്തിക്കുന്നത്. ഓരോ തിരഞ്ഞെടുപ്പിലും ഗോള്‍പോസ്റ്റുകള്‍ സ്വന്തം ഇഷ്ടത്തിനനുസരിച്ച് മാറ്റുകയും സ്വന്തം രീതികള്‍ ജനാധിപത്യത്തിന്റെ പേരില്‍ നടപ്പാക്കുകയും ചെയ്യുന്ന ബി ജെ പിയുടെ അടുത്ത ലക്ഷ്യം 2019 ആണെന്ന് കാണുക. കര്‍ണാടക അതിനായുള്ള ചവിട്ടുപടിയാക്കാനാണ് ബി ജെ പി ബദ്ധപ്പെടുന്നത്.