ഗുരുവായൂര്‍ ദേവസ്വം ചന്ദനക്കൊള്ള; അന്വേഷണം തടയാന്‍ പ്രവേശ നിരോധം

Posted on: May 16, 2018 6:15 am | Last updated: May 15, 2018 at 11:44 pm
പഴയ ദേവസ്വം ഒഫീസിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ്

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിലെ ചന്ദനക്കൊള്ള അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്റെ പരിശോധനക്ക് തടയിടാന്‍ വേണ്ടി പഴയ ദേവസ്വം ഓഫീസിന് മുന്നില്‍ സ്ഥാപിച്ച അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡ് ഇടതുപക്ഷ സര്‍ക്കാര്‍ നിയമിച്ച പുതിയ ദേവസ്വം ബോര്‍ഡും മാറ്റാന്‍ തയ്യാറായില്ല. ഗുണനിലവാരം തീരെയില്ലാത്ത മൂവായിരം കിലോ ചന്ദനമാണ് പഴയ ഓഫീസില്‍ സൂക്ഷിച്ചിട്ടുള്ളത്. സംഭവം അന്വേഷിച്ച വിജിലന്‍സ് സംഘം ദേവസ്വത്തില്‍ സ്റ്റോക്കുള്ള ചന്ദനം പരിശോധിക്കാനായി ഗുരുവായൂരില്‍ എത്തിയിരുന്നു.

പരിശോധനക്ക് എത്തുന്നത് ഇതര മതസ്ഥരായ ഉദ്യോഗസ്ഥരാണെന്ന് മനസ്സിലാക്കിയ ദേവസ്വം ഓഫീസിന് മുന്നില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡ് സ്ഥാപിച്ച് പരിശോധനക്ക് തടയിടുകയായിരുന്നു. അന്നത്തെ ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്ററുടെ നേതൃത്വത്തിലാണ് ബോര്‍ഡ് സ്ഥാപിച്ചത്. പഴയ ഓഫീസ് മുറ്റത്ത് ഗണപതി ക്ഷേത്രം ഉണ്ടെന്നും അഹിന്ദുക്കള്‍ പ്രവേശിക്കാന്‍ പാടില്ലെന്നുമാണ് കാരണമായി പറഞ്ഞത്.
തന്ത്രിയുടെയൊ മറ്റോ നിര്‍ദേശമൊന്നുമില്ലാതെ ഉദ്യോഗസ്ഥ തലത്തില്‍ മാത്രമെടുത്ത തീരുമാനമായിരുന്നു അത്. ഓഫീസിന് പിറകിലുള്ള തൊഴുത്തിലേക്ക് വരുന്ന കാലിത്തീറ്റ, വൈക്കോല്‍, പുല്ല് എന്നിവ ഇറക്കുന്നത് എല്ലാ മതവിഭാഗത്തിലും പെട്ട ചുമട്ട് തൊഴിലാളികള്‍ ആണ്. അപ്പോഴൊന്നും ഇല്ലാത്ത അശുദ്ധിയാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധനക്ക് എത്തുമ്പോള്‍ ദേവസ്വം അധികൃതര്‍ കല്‍പ്പിക്കുന്നത്.

ഇതിനെതിരെ രൂക്ഷമായ രീതിയില്‍ പ്രതികരിച്ചു കൊണ്ടുള്ള കത്ത് വിജിലന്‍സ് ദേവസ്വത്തിന് നല്‍കിയിരുന്നു. ചന്ദനം വിറ്റ വകയില്‍ ആറ് ലക്ഷം രൂപ നഷ്ടമുണ്ടായെന്ന് ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. അതില്‍ ഒരു നടപടിയും ദേവസ്വം എടുത്തില്ലെന്ന വസ്തുതയും നിലവിലുണ്ട്.