Connect with us

Kerala

എസ് എന്‍ ഡി പി നിലപാട് 20ന് പ്രഖ്യാപിക്കും: വെള്ളാപ്പള്ളി

Published

|

Last Updated

ചേര്‍ത്തല: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ എസ് എന്‍ ഡി പി യോഗം നിലപാട് 20ന് പ്രഖ്യാപിക്കുമെന്നും അതിനായി മൂന്നംഗ ഉപസമിതിയെ കൗണ്‍സില്‍ ചുമതലപ്പെടുത്തിയെന്നും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കൗണ്‍സില്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനറല്‍ സെക്രട്ടറിക്ക് പുറമെ പ്രസിഡന്റ് ഡോ. എം എന്‍ സോമന്‍, കൗണ്‍സില്‍ അംഗം കെ ആര്‍ പ്രസാദ് (തിരുവനന്തപുരം) എന്നിവരാണ് ഉപസമിതി അംഗങ്ങള്‍. സ്ഥാനാര്‍ഥികളെയും എസ് എന്‍ ഡി പി യോഗത്തോടുള്ള അവരുടെ സമീപനവും വിലയിരുത്തിയാകും വ്യക്തമായ നിലപാട്.

ബി ഡി ജെ എസ് നിലപാടുമായി ഇക്കാര്യത്തില്‍ യാതൊരു ബന്ധവുമുണ്ടാകില്ല. എസ് എന്‍ ഡി പി യോഗത്തിന് പ്രത്യേക രാഷ്ട്രീയമില്ല. എസ് എന്‍ ഡി പി യോഗത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ ചെയ്യാത്ത പലതും പിണറായി സര്‍ക്കാര്‍ ഇതിനകം ചെയ്തു. വിദ്യാഭ്യാസ മേഖലയിലാണ് എസ് എന്‍ ട്രസ്റ്റ് സ്ഥാപനങ്ങള്‍ അവഗണിക്കപ്പെട്ടിരുന്നത്. പ്യൂണ്‍ തസ്തികയില്ലാതെയാണ് കോളജുകള്‍ പ്രവര്‍ത്തിച്ചത്. വിരമിക്കല്‍ തസ്തികയില്‍ നിയമനവും അനുവദിച്ചിരുന്നില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് ഒറ്റത്തവണ നിവേദനം നല്‍കിതോടെ അടിയന്തിര നടപടി ഉണ്ടായി. നിവേദന ഫയല്‍ വച്ചുതാമസിപ്പിക്കാതെയാണ് നടപടി സ്വീകരിച്ചത്. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് കുറേകാര്യങ്ങള്‍ ചെയ്തുതന്നു. ബാക്കിയുള്ളവ പരിഹരിക്കുമെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു.

സര്‍വകലാശാലക്ക് ശ്രീനാരായണ ഗുരുവിന്റെ പേര് നല്‍കണമെന്ന് മാത്രമാണ് കേന്ദ്ര സര്‍ക്കാറിനോട് എസ് എന്‍ ഡി പി യോഗം ആവശ്യപ്പെട്ടത്. നരേന്ദ്രമോദിയോടും അമിത്ഷായോടും ഈ ആവശ്യം ഉന്നയിച്ചപ്പോള്‍ ചെയ്യാമെന്ന് ഉറപ്പ് നല്‍കി.
എന്നാല്‍ യാതൊരു സാമ്പത്തിക ചെലവും ഇല്ലാത്ത ഇക്കാര്യം ഇതേവരെ നടപ്പാക്കിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വോട്ട് എന്‍ ഡി എക്ക്
തന്നെയെന്ന് തുഷാര്‍

ചേര്‍ത്തല: ബി ഡി ജെ എസിന്റെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ചെങ്ങന്നൂര്‍ ഉപ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉണ്ടാകില്ലെന്ന് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

രണ്ട് ദിവസത്തിനകം പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷ. ഇല്ലെങ്കില്‍ എന്‍ ഡി എ സ്ഥാനാര്‍ഥിയുടെ പ്രചാരണത്തില്‍ ഉണ്ടാകില്ല. എന്നാല്‍ മറ്റെങ്ങും പോകാത്ത സാഹചര്യത്തില്‍ എന്‍ ഡി എ സ്ഥാനാര്‍ഥിക്ക് പ്രവര്‍ത്തകര്‍ വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Latest