Kerala
'വിശുദ്ധ ഖുര്‍ആന്‍ വഴി കാട്ടുന്നു' റമസാന്‍ ക്യാമ്പയിന് തുടക്കമായി

കോഴിക്കോട്: വിശുദ്ധ ഖുര്‍ആന്‍ വഴികാട്ടുന്നു എന്ന സന്ദേശവുമായി ഇന്ന് മുതല്‍ ജൂണ്‍ 15വരെ കേരള മുസ്‌ലിം ജമാഅത്ത് വിപുലമായ റമസാന്‍ ക്യാമ്പയിന്‍ ആചരിക്കും. കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് സംയുക്തമായാണ് റമസാന്‍ കാമ്പയിന്‍ നടത്തുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ആതുരസേവന മേഖലകളിലും ജനപങ്കാളിത്തത്തോടെ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കും.
യൂനിറ്റ് തലങ്ങളില്‍ റമസാന്‍ മുന്നൊരുക്കങ്ങള്‍ ഇതിനകം നടന്നു കഴിഞ്ഞു. നോമ്പുതുറ, അത്താഴ വിഭവങ്ങള്‍ എന്നില പാവപ്പെട്ടവരുടെ വീടുകളിലെത്തിച്ച് എല്ലാവര്‍ക്കും ഒരു പോലെ റമസാന്‍ അനുഭവിക്കാന്‍ അവസരമൊരുക്കും. പളളികള്‍ കേന്ദ്രീകരിച്ച് വിപുലമായ രീതിയില്‍ ഇഫ്താറുകള്‍ സംഘടിപ്പിക്കും. ഇഫ്താറുകളില്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പരമാവധി ഒഴിവക്കാനും സ്റ്റീല്‍/പേപ്പര്‍ ഗ്ലാസുകളും പ്ലേറ്റുകളും ഉപയോഗിക്കാനും പ്രോത്സാഹിപ്പിച്ച് പരിസ്ഥിതി സംരക്ഷണത്തില്‍ പങ്കാളികളാകാന്‍ കൂടി ക്യാമ്പയിന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍, പ്രഭാഷണ സദസ്സുകള്‍, വനിതകള്‍ക്കായി മോറല്‍ സ്‌കൂള്‍, തസ്‌കിയത്ത് ക്യാമ്പ്, റിലീഫ് ഡേ, ബദര്‍ അനുസ്മരണം, സകാത്ത് സെമിനാര്‍, സുംറ, റമസാന്‍ ദര്‍സ് തുടങ്ങിയവ ക്യാമ്പയിനിന്റെ ഭാഗമായി യൂനിറ്റ്, സര്‍ക്കിള്‍, സോണ്‍ ജില്ലാ ഘടകങ്ങളുടെ നേതൃത്വത്തില്‍ നടക്കും. ഐ പി എഫിന് കീഴില്‍ ചാപ്റ്റര്‍, റീജ്യന്‍ തലത്തില്‍ തസ്‌കിയത്ത് ക്ലാസും നടക്കും.
കോഴിക്കോട് ചേര്‍ന്ന കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി സയ്യിദ് ഖലീലുല്‍ ബുഖാരി, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, പ്രൊഫ. യു സി അബ്ദുല്‍ മജീദ് തുടങ്ങിയവര്‍ പങ്കെടുത്തു.