അബ്ദുല്‍ മജീദ് ഫൈസി മോളൂര്‍ നിര്യാതനായി

Posted on: May 16, 2018 6:07 am | Last updated: May 15, 2018 at 11:10 pm

ചെര്‍പ്പുളശ്ശേരി: ദക്ഷിണകേരളത്തിലെ പ്രമുഖ പണ്ഡിതനും മുദര്‍രിസുമായ ഇടപ്പള്ളി എം ടി അബ്ദുല്‍ മജീദ് ഫൈസി മോളൂര്‍ (65) നിര്യാതനായി. നാല്‍പത്തിയഞ്ച് വര്‍ഷത്തോളം തെക്കന്‍ കേരളത്തില്‍ ദര്‍സീ രംഗത്ത് സജീവമായിരുന്നു ഫൈസി. ആലപ്പുഴയിലെ ചന്ദിരൂര്‍, നീര്‍ക്കുന്നം മസ്ജിദുല്‍ ഇജാബ, പുന്നപ്ര ജുമുഅത്ത് പള്ളി, കൊല്ലം ഐ സി എസ്, കൊളപ്പാടം ഖാദിരിയ്യ ശരീഅത്ത് കോളജ് എന്നിവിടങ്ങളില്‍ മുദര്‍രിസായി പ്രവര്‍ത്തിച്ചിരുന്നു. കൊച്ചി ഇടപ്പള്ളിയിലാണ് അവസാനമായി സേവനം ചെയ്തിരുന്നത്. ഏലംകുളം ബുഖാരി മുസ് ലിയാര്‍ (തൃക്കാക്കര മുദരിസ്), നെല്ലായ കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ എന്നിവരാണ് പ്രധാന ഗുരുനാഥന്മാര്‍. ബാദുഷ സഖാഫി കൊല്ലം, എച്ച് എ അഹ്മദ്് സഖാഫി ആലപ്പുഴ, എം എ റശീദ് മദനി ഉള്ളാള്‍, കെ എ അലി ബാഖവി തൃക്കാക്കര, സൈതലവി ഫൈസി കാഞ്ഞിരപ്പുഴ, സഅദ് ഫൈസി മുളയങ്കാവ്, എം ടി അബൂബക്കര്‍ ദാരിമി മോളൂര്‍ തുടങ്ങിയവര്‍ പ്രധാന ശിഷ്യന്മാരാണ്. മര്‍ഹൂം എ വിമാനുപ്പമുസ്‌ലിയാരുമൊത്ത് നീണ്ടകാലം ആലപ്പുഴ, കൊല്ലം ജില്ലകളില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇന്നലെ വൈകീട്ട് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മോളൂര്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ മയ്യിത്ത് ഖബറടക്കി. ഭാര്യ: ഹവ്വാ ഉമ്മ. മക്കള്‍: ഫാത്വിമ സുആദ, സുഹൈമ, മരുമക്കള്‍: അബ്ദുര്‍റശീദ് സഖാഫി കുമരംപുത്തര്‍, സിദ്ദീഖ് റഹ്മാനി വീരമംഗലം.
വ്യാകരണം, തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ്, ഉസ്സൂല്‍, തത്വശാസ്ത്രം, അലങ്കാര ശാസ്ത്രം, വചനശാസ്ത്രം, ആത്മ സംസ്‌കരണം, തര്‍ക്കശാസ്ത്രം തുടങ്ങിയ വിജ്ഞാനശാഖകളില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്നു.

അബ്ദുല്‍ മജീദ് ഫൈസിയുടെ നിര്യാണത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മയ്യിത്ത് നിസ്‌കരിക്കാനും പ്രാര്‍ഥിക്കാനും കാന്തപുരം അഭ്യര്‍ഥിച്ചു.