Connect with us

Kerala

സി പി ഐ എക്‌സിക്യൂട്ടീവ്: മന്ത്രി സുനില്‍കുമാര്‍ ഉള്‍പ്പെടെ നാല് ഇസ്മാഈല്‍ പക്ഷക്കാര്‍ പുറത്ത്

Published

|

Last Updated

തിരുവനന്തപുരം: കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ ഉള്‍പ്പെടെ നാല് ഇസ്മാഈല്‍ പക്ഷക്കാരെ നീക്കി സി പി ഐ സംസ്ഥാന നിര്‍വാഹക സമിതി പുനഃസംഘടിപ്പിച്ചു. വി എസ് സുനില്‍കുമാറിന് പുറമെ കെ ഇ ഇസ്മാഈല്‍ പക്ഷക്കാരായ കമല സദാനന്ദന്‍, വി വി ബിനു, പി കെ കൃഷ്ണന്‍ എന്നിവരാണ് ഒഴിവാക്കപ്പെട്ടത്.

പകരം കാനം രാജേന്ദ്രന്‍ പക്ഷക്കാരായ രാജാജി മാത്യു തോമസ്, പി വസന്തം, എ കെ ചന്ദ്രന്‍, പി പി സുനീര്‍ എന്നിവരെയാണ് പുതുമുഖങ്ങളായി നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുത്തിയത്.

അതേസമയം, ദേശീയ കൗണ്‍സിലില്‍ നിന്ന് നീക്കംചെയ്യപ്പെട്ടതിന് പിന്നാലെ നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന സി ദിവാകരന്‍ എം എല്‍ എയെയും സി എന്‍ ചന്ദ്രനെയും എക്‌സിക്യൂട്ടീവില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഇതോടൊപ്പം അസിസ്റ്റന്റ് സെക്രട്ടറിമാരായി കെ പ്രകാശ്ബാബുവും സത്യന്‍ മൊകേരിയും തുടരും.

അസിസ്റ്റന്റ്. സെക്രട്ടറി സ്ഥാനത്ത് പ്രകാശ്ബാബുവിനിത് മൂന്നാമൂഴമാണ്. സത്യന്‍ മൊകേരി രണ്ടാം തവണയാണ് അസി.സെക്രട്ടറിമാരാകുന്നത്. കെ ആര്‍ ചന്ദ്രമോഹനന്‍ ട്രഷററായും സി പി മുരളി കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനായും ജെ ഉദയഭാനു സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

21 അംഗ എക്‌സിക്യൂട്ടിവിലെ മറ്റ് അംഗങ്ങള്‍: കാനം രാജേന്ദ്രന്‍, കെ പ്രകാശ്ബാബു, സത്യന്‍ മൊകേരി, മന്ത്രി ഇ ചന്ദ്രശേഖരന്‍, കെ പി രാജേന്ദ്രന്‍, സി എന്‍. ജയദേവന്‍ എം പി, ജെ ചിഞ്ചുറാണി, എന്‍ രാജന്‍, സി എ കുര്യന്‍, ടി പുരുഷോത്തമന്‍, വി ചാമുണ്ണി, കെ രാജന്‍ എം എല്‍ എ, കെ ആര്‍ ചന്ദ്രമോഹനന്‍, മുല്ലക്കര രത്‌നാകരന്‍ എം എല്‍ എ, പി പ്രസാദ്. കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാനെന്ന നിലയില്‍ സി പി മുരളിയും നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുന്നുണ്ട്. മുന്‍മന്ത്രി കെ പി രാജേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗം ഇ സി ജി സുദര്‍ശന്‍, സുഭദ്രാമ്മ തങ്കച്ചി, സി ആര്‍ രാമചന്ദ്രന്‍ എന്നിവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Latest