കര്‍ണാടക തിരഞ്ഞെടുപ്പ്: ക്ഷീണം തീര്‍ക്കാന്‍ എം എല്‍ എമാര്‍ക്ക് കേരളാ ടൂറിസം വകുപ്പിന്റെ ക്ഷണം

ക്ഷണത്തിനു പിന്നില്‍ കുതിരക്കച്ചവടത്തില്‍ നിന്നുള്ള രക്ഷപ്പെടലും
Posted on: May 15, 2018 8:12 pm | Last updated: May 15, 2018 at 8:12 pm

തിരുവനന്തപുരം: കര്‍ണാടകയില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം നേടാന്‍ സാധിക്കാതെ വന്നതോടെ കുതിരകച്ചവടത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. എം എല്‍ എമാരെ വല വീശിപ്പിടിക്കാനും എം എല്‍ എമാര്‍ മറുകണ്ടെ ചാടാനും സാധ്യത കണ്ടതോടെ ഇതില്‍ നിന്നും എം എല്‍ എ മാരെ രക്ഷിക്കാനുള്ള മാര്‍ഗവുമായെത്തിയിരിക്കുകയാണ്് കേരളാ ടൂറിസം വകുപ്പ്.

വാശിയേറിയ തിരഞ്ഞെടുപ്പ് വരുത്തിയ ക്ഷീണം തീര്‍ക്കാനും കുതിരകച്ചവടത്തിന് ഇരയാകാതിരിക്കാനും വേണ്ടി ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ പ്രകൃതിരമണീയമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് എം എല്‍ എ മാരെ ക്ഷണിച്ചിരിക്കുകയാണ് ടൂറിസം വകുപ്പ്. ക്ഷണം ട്വിറ്ററിലൂടെയാണ് ടൂറിസം വകുപ്പ് പുറത്ത് വിട്ടത്. കര്‍ണാടകയിലെ വാശിയേറിയ തിരഞ്ഞെടുപ്പിന്റെ ക്ഷീണത്തിലിരിക്കുന്ന എംഎല്‍എമാരെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ മനോഹരമായ റിസോര്‍ട്ടുകളിലേക്ക് സ്വാഗതം ചെയ്യുന്നു എന്നാണ് ടൂറിസം വകുപ്പിന്റെ ട്വീറ്റ്.

ടൂറിസം വകുപ്പിന്റെ ക്ഷണം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. പോസ്റ്റ് ചെയ്ത് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും 5700 റീട്വീറ്റുകളും 9400 ലൈക്കുകളുമാണ് ട്വീറ്റിന് ലഭിച്ചിട്ടുള്ളത്.