Connect with us

National

അവകാശവാദം ഉന്നയിച്ച് കുമാരസ്വാമിയും യെദിയൂരപ്പയും ഗവര്‍ണറെ കണ്ടു

Published

|

Last Updated

ബംഗളൂരു: തൂക്കുസഭ രൂപപ്പെട്ട കര്‍ണാടകയില്‍ സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് ബിജെപിയും ജെഡിഎസും ഗവര്‍ണറെ കണ്ടു. ബി എസ് യദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സംഘവും എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെഡിഎസ് സംഘവുമാണ് ഗവര്‍ണര്‍ വജുഭായ് വാലയെ കണ്ട് സര്‍ക്കാര്‍ രൂപവത്കരണത്തിന് അവകാശവാദമുന്നയിച്ചത്.

വൈകീട്ട് അഞ്ച് മണിയോടെയാണ് ബിജെപി സംഘം രാജ്ഭവനില്‍ എത്തിയത്. യദിയൂരപ്പയോടൊപ്പം അനന്ത്കുമാര്‍, ശോഭ കരന്തലാജെ, രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ക്കൊപ്പമാണ് യദിയൂരപ്പ എത്തിയത്. സര്‍ക്കാര്‍ രൂപവത്കരിക്കാനാകുമെന്ന കാര്യത്തില്‍ നൂറ് ശതമാനം ഉറപ്പുണ്ടെന്ന് യദിയൂരപ്പ ഗവര്‍ണറെ അറിയിച്ചു.

യദിയൂരപ്പ മടങ്ങിയതിന് ശേഷം 5.25നാണ് കുമാരസ്വാമി ഗവര്‍ണറെ കാണാന്‍ എത്തിയത്. സര്‍ക്കാര്‍ രൂപവത്കരണത്തിന് അവകാശവാദമുന്നയിച്ചുള്ള കത്ത് അദ്ദേഹം ഗവര്‍ണര്‍ക്ക് നല്‍കി. തങ്ങളെ പിന്തുണച്ചുള്ള കോണ്‍ഗ്രസിന്റെ കത്തും അദ്ദേഹം ഗവര്‍ണര്‍ക്ക് കൈമാറി.

ഇരുവിഭാഗവും അവകാശവാദമുന്നയിച്ചതോടെ പന്ത് ഇനി ഗവര്‍ണറുടെ ക്വാര്‍ട്ടിലാണ്. ഗവര്‍ണര്‍ സര്‍ക്കാറുണ്ടാക്കാന്‍ ആരെ ക്ഷണിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.