മെസിയില്ലാ ബാഴ്‌സ വീണു

Posted on: May 15, 2018 6:17 am | Last updated: May 15, 2018 at 12:44 am

മാഡ്രിഡ്: സ്പാനിഷ് ലീഗ് സീസണില്‍ അപരാജിത കുതിപ്പ് തുടരുവാന്‍ ഇറങ്ങിയ ബാഴ്‌സലോണ ഞെട്ടി. ഒമ്പത് ഗോളുകള്‍ പിറന്ന ആവേശകരമായ പോരാട്ടത്തില്‍ ലെവന്റെ 5-4ന് ബാഴ്‌സയെ വീഴ്ത്തി. കഴിഞ്ഞ സീസണിലേത് ഉള്‍പ്പെടെ സ്പാനിഷ് ലീഗിലെ അവസാന 44 മല്‍സരങ്ങളിലെ അപരാജിത കുതിപ്പിനു ശേഷമാണ് ബാഴ്‌സ തോല്‍വി വഴങ്ങുന്നത്.

സൂപ്പര്‍താരം ലയണല്‍ മെസ്സിയില്ലാതെയാണ് ബാഴ്‌സ 37ാം റൗണ്ട് പോരാട്ടത്തിനിറങ്ങിയത്. മെസ്സിക്ക് ബാഴ്‌സ കോച്ച് വിശ്രമം നല്‍കുകയായിരുന്നു. അട്ടിമറി വിജയത്തോടെ പോയിന്റ് പട്ടികയില്‍ 15ാം സ്ഥാനത്തേക്ക് കയറാനും ലെവന്റെയ്ക്ക് കഴിഞ്ഞു. 37 മല്‍സരങ്ങളില്‍ നിന്ന് 90 പോയിന്റുള്ള ബാഴ്‌സ നേരത്തെ തന്നെ ലീഗ് കിരീടം ഉറപ്പിച്ചിരുന്നു. ഇത്രയും മല്‍സരങ്ങളില്‍ നിന്ന് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള അത്‌ലറ്റികോ മാഡ്രിഡിന് 78 ഉം റയല്‍ മാഡ്രിഡിന് 75 ഉം പോയിന്റാണുള്ളത്.

ഒരുഘട്ടത്തില്‍ 59ാം മിനിറ്റ് വരെ 51ന് പിന്നിലായിരുന്നു ബാഴ്‌സ. എന്നാല്‍, പിന്നീട് മൂന്ന് ഗോളുകള്‍ തിരിച്ചടിച്ച് ബാഴ്‌സ തോല്‍വിയുടെ ആഘാതം കുറയ്ക്കുകയായിരുന്നു. സമനില ഗോളിനുള്ള അവസാന പരിശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് ലീഗ് സീസണിലാദ്യമായി ബാഴ്‌സ തോല്‍വിയിലേക്ക് വീണത്. ആതിഥേയരായ ലെവന്റെയ്ക്കു വേണ്ടി ഇമ്മാനുവല്‍ ബോട്ടെങ് ഹാട്രിക്കും എനിസ് ബാര്‍ദി ഇരട്ട ഗോളും നേടി. ബാഴ്‌സയ്ക്കായി ഫിലിപ്പെ കോട്ടീഞ്ഞോ ഹാട്രിക്ക് ഗോള്‍ നേടിയപ്പോള്‍ ലൂയിസ് സുവാറസിന്റെ വകയായിരുന്നു ശേഷിക്കുന്ന ഒരു ഗോള്‍.