Connect with us

Kerala

ശുഐബ് വധം: കുറ്റപത്രം സമര്‍പ്പിച്ചു

Published

|

Last Updated

മട്ടന്നൂര്‍: യൂത്ത്‌കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായിരുന്ന എടയന്നൂര്‍ എസ് വി ശുഐബി (30)നെ വെട്ടികൊലപ്പെടുത്തിയ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ ഗൂഢാലോചന ഒഴിവാക്കിക്കൊണ്ടുള്ള കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥനായ മട്ടന്നൂര്‍ സി ഐ. എ വി ജോണ്‍ മട്ടന്നൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിച്ചത്. ഗൂഢാലോനയില്‍ പങ്കെടുത്തതെന്ന് സംശയിക്കുന്ന ചില പ്രതികളെ ഇനിയും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി പിന്നീട് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

386 പേജുള്ള കുറ്റപത്രത്തിനൊപ്പം 8000ത്തോളം പേജുള്ള അനുബന്ധ രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്. എടയന്നൂര്‍ സ്‌കൂളിലുണ്ടായ എസ് എഫ് ഐ- കെ എസ് യു സംഘര്‍ഷവും തുടര്‍ന്നുണ്ടായ സി പി എം- കോണ്‍ഗ്രസ് തര്‍ക്കങ്ങളാണ് കൊലക്ക് കാരണമെന്നാണ് കുറ്റപത്രം പറയുന്നത്. കൊലപാതക സമയത്ത് പ്രതികള്‍ സ്‌ഫോടക വസ്തുക്കള്‍ കൈവശം വെച്ചതിനാല്‍ ജില്ലാ കലക്ടറുടെ അനുമതിയോടെയാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പ്രതികള്‍ അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് നിയമം. ഈ സാഹചര്യത്തിലാണ് കൊലപാതകത്തിനുള്ള കാരണവും പ്രതികള്‍ക്കുള്ള പങ്കും വിശദമയി വിവരിച്ച്‌കൊണ്ട് സംഭവം നടന്ന് 92-ാം ദിവസം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

തില്ലങ്കേരിയിലെ സി പി എം പ്രവര്‍ത്തകരായ ആകാശ് തില്ലങ്കേരി, രജില്‍ രാജ്, ജിതിന്‍, ദീപ്ചന്ദ്, അഖില്‍, അന്‍വര്‍ സാദത്ത്, സഞ്ജയ്, രജത്ത്, സംഗീത്, കെ ബൈജു, അസ്‌കര്‍ എന്നീ 11 പ്രതികള്‍ക്കെതിരായ കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. കൊലപാതകം നടത്താന്‍ നേരിട്ടും ഗൂഢോലോചനയിലുമായി 16 പേര്‍ പങ്കെടുത്തതായാണ് അന്വേഷണ സംഘത്തിന് നേരത്തെ ലഭിച്ച വിവരം. ഇനിയും ഗൂഢോലോചനയില്‍ ഉള്‍പ്പെട്ട അഞ്ച് പ്രതികളെ ഇതുപ്രകാരം പിടിയിലാകാനുണ്ട്. കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുമ്പ് പ്രതികളെ കണ്ടെത്താന്‍ അന്വേഷണ സംഘം തിരച്ചില്‍ നടത്തിയെങ്കിലും പിടികൂടാനായില്ല.

കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ശുഐബിന്റെ പിതാവ് മുഹമ്മദ് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് സ്റ്റേ ചെയ്യണമെന്നും ശുഐബിന്റെ പിതാവ് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും സി പി എം ഭരണത്തില്‍ തെളിവുകള്‍ തേയ്ച്ചു മാച്ച് കളയുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതില്‍ കോടതി സര്‍ക്കാറിന് നോട്ടീസ് അയക്കുകയും കേസ് പരിഗണിക്കുന്നത് ജൂലൈ 16ലേക്ക് മാറ്റിവെച്ചിരിക്കുകയുമാണ്. ഇതിനിടെയാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതെന്ന് ശ്രദ്ധേയമാണ്.

അതിനിടെ, സി പി എമ്മിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് വിശദമായ അന്വേഷണം നടത്താതെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ ആരോപിച്ചു.

കഴിഞ്ഞ ഫെബ്രൂവരി 12 രാത്രി 11.30ഓടെയാണ് ശുഐബിനെ ഒരു സംഘം അക്രമിച്ച് കൊലപ്പെടുത്തിയത്.
സുഹൃത്തിനൊപ്പം ഹോട്ടലില്‍ ചായകുടിച്ച് കൊണ്ടരിക്കുകയായിരുന്ന ശുഐബിനെ വിളിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു കൊലപതാകം. തടയാന്‍ ശ്രമിച്ച രണ്ട് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും വെട്ടേറ്റിരുന്നു.

---- facebook comment plugin here -----

Latest