Sports
പന്ത്രണ്ട് ഡിഫന്‍ഡര്‍മാര്‍, കൊറിയ ഗോളടിക്കാന്‍ സമ്മതിക്കില്ല !

സോള്‍: പന്ത്രണ്ട് ഡിഫന്‍ഡര്‍മാരെ ഉള്‍പ്പെടുത്തിക്കൊണ്ട് ദക്ഷിണ കൊറിയ ഫിഫ ലോകകപ്പിനുള്ള 28 അംഗ പ്രാഥമിക സ്‌ക്വാഡ് പ്രഖ്യാപിച്ചു.
യോഗ്യതാ റൗണ്ടില്‍ പ്രതിരോധ നിരയില്‍ കണ്ട ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാനാണ് കോച്ച് ഷിന്‍ ശ്രമിക്കുന്നത്. എന്നാല്‍, മുന്നേറ്റ നിരയില്‍ യൂറോപ്യന്‍ ഫുട്‌ബോളില്‍ പരിചയമുള്ളവരുണ്ട്.
ടോട്ടനം ഹോസ്പറിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ സന്‍ ഹ്യുംഗ് മിന്‍, സ്വാന്‍സി സിറ്റിയുടെ കി സുംഗ് യോംഗ്, എഫ് സി ഓഗ്‌സ്ബര്‍ഗിന്റെ കോ യാ ചോല്‍ എന്നിവരാണ് യൂറോപ്പില്‍ പന്ത് തട്ടുന്നവര്‍.
2002 ലോകകപ്പില്‍ സെമിഫൈനലിലെത്തിയ ദക്ഷിണ കൊറിയ പിന്നീട് കാര്യമായ നേട്ടങ്ങളില്ല. ഇത്തവണ, സ്വീഡനും മെക്‌സിക്കോയും നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മനിയും ഉള്‍പ്പെട്ട ഗ്രൂപ്പ് എഫില്‍ നിന്ന് നോക്കൗട്ടിലെത്തുക വെല്ലുവിളിയാകും.
ടോട്ടനം ഹോസ്പറിനായി വിവിധ ചാമ്പ്യന്‍ഷിപ്പുകളില്‍ നിന്ന് പതിനെട്ട് ഗോളുകളാണ് സന്‍ ഹ്യുംഗ് മിന്‍ നേടിയത്.
പ്രീമിയര്‍ ലീഗില്‍ ടോട്ടനം മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തതില്‍ കൊറിയന്‍ മുന്നേറ്റ താരത്തിന്റെ പങ്ക് വലുതാണ്.
ഇറ്റാലിയന്‍ ക്ലബ്ബ് ലാസ് വെറോണയുടെ ലീ സ്യുംഗ് വൂവിനെ പ്രാഥമിക സ്‌ക്വാഡിലുള്‍പ്പെടുത്തിയ കോച്ച് ഷിന്‍ അപ്രതീക്ഷിത നീക്കങ്ങള്‍ തന്നില്‍ പ്രതീക്ഷിക്കാമെന്ന സൂചനയാണ് നല്‍കുന്നത്. ജൂണ്‍ നാലിന് മുമ്പ് 23 അംഗ അന്തിമ സ്‌ക്വാഡിനെ പ്രഖ്യാപിക്കും.
മെയ് 28ന് ഹോണ്ടുറാസുമായും ജൂണ്‍ ഒന്നിന് ഹെര്‍സെഗോവിനയുമായും സന്നാഹ മത്സരങ്ങള്‍ കൊറിയ കളിക്കും.
ഇതില്‍ വെറോണയുടെ ഇരുപതു വയസുകാരനായ മിഡ്ഫീല്‍ഡര്‍ക്ക് അവസരമൊരമുണ്ടാകും.
കൊറിയയുടെ പരിശീലകസ്ഥാനത്ത് നിന്ന് ജര്‍മനിയുടെ ഉലി സ്റ്റിലെകെയെ മാറ്റിഷിനിനെ ചുമതല ഏല്‍പ്പിച്ചതിന് ശേഷം കൊറിയ പതിനാല് മത്സരങ്ങള്‍ കളിച്ചു. ഇരുപത് ഗോളുകള്‍ നേടിയപ്പോള്‍ വഴങ്ങിയത് പത്തൊമ്പതെണ്ണം.
സ്‌ക്വാഡില്‍ പന്ത്രണ്ട് ഡിഫന്‍ഡര്‍മാരെ താന്‍ ഉള്‍പ്പെടുത്താന്‍ ഈ ഗോള്‍ കണക്ക് തന്നെയാണ് കാരണമെന്ന് കോച്ച് ഷിന്‍ പറയുന്നു.
ഏറ്റവും മികച്ച പ്രതിരോധ ലൈനപ്പ് ഉണ്ടാക്കുകയാണ് പ്രധാന അജണ്ട. വിശ്വസിക്കാന്‍ കൊള്ളാവുന്ന ഡിഫന്‍സില്ലെങ്കില്‍ മുന്നേറ്റ നിരക്ക് ആത്മവിശ്വാസമുണ്ടാകില്ല – ഷിന്‍ പറയുന്നു.
2014 ലോകകപ്പില്‍ ഗ്രൂപ്പ് റൗണ്ടില്‍ പുറത്തായ കൊറിയന്‍ ടീമില്‍ ഉണ്ടായിരുന്ന ഒമ്പത് പേര്‍ മാത്രമാണ് റഷ്യയിലേക്കുള്ള സ്‌ക്വാഡിലുള്ളത്.