സര്‍ക്കാര്‍ സേവനങ്ങള്‍ വിരല്‍ തുമ്പില്‍

ഒരൊറ്റ യൂസര്‍ ഐ ഡിയില്‍ ഏക ജാലക പോര്‍ട്ടല്‍
Posted on: May 15, 2018 6:27 am | Last updated: May 14, 2018 at 11:31 pm
SHARE

തിരുവനന്തപുരം: സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കാന്‍ ഇനി പല വെബ്‌സൈറ്റുകള്‍ തേടി പോകേണ്ടതില്ല. ഏകജാലകം വഴി എല്ലാം വിരല്‍ തുമ്പിലെത്തിക്കാനുള്ള പോര്‍ട്ടല്‍ സജ്ജമാകുന്നു. ഒരു യൂസര്‍ നെയിമും പാസ്‌വേഡും വഴി എല്ലാ വകുപ്പുകളുടേയും സേവനങ്ങള്‍ ലഭ്യമാക്കുന്നതാണ് സംവിധാനം. ംംം.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റ് ഇതിനായി പുതുമോടിയില്‍ പ്രവര്‍ത്തന സജ്ജമാക്കുകയാണ്. കമ്പ്യൂട്ടറിലും സ്മാര്‍ട്‌ഫോണിലും സൗകര്യപ്രദമായി ലഭ്യമാകും വിധമാകും ക്രമീകരണം.

കെട്ടും മട്ടും മാറി പുതിയ വെബ്‌സൈറ്റ് എത്തുന്നതോടെ വിവിധ വകുപ്പുകളുടെ 60 ഓളം സേവനങ്ങള്‍ ഇതുവഴി ലഭിക്കും. വൈദ്യുതി ബില്‍, വെള്ളക്കരം, യൂനിവേഴ്‌സിറ്റി ഫീസ് തുടങ്ങിയ അനേകം സേവനങ്ങള്‍ക്ക് പണമടക്കാനും പോര്‍ട്ടല്‍ വഴി ലഭ്യമാക്കും. പഞ്ചായത്ത്, ഗ്രാമവികസനം, വാട്ടര്‍ അതോറിറ്റി, വി എച്ച് എസ് ഇ, ഇലക്ട്രിസിറ്റി ബോര്‍ഡ്, റവന്യൂ, മോട്ടോര്‍ വാഹനം, രജിസ്‌ട്രേഷന്‍ തുടങ്ങിയ വകുപ്പുകളുടെയും യൂനിവേഴ്‌സിറ്റികളുടെയും സര്‍ട്ടിഫിക്കറ്റുകളും ബില്ലുകള്‍ അടക്കാനും സൗകര്യമാണ് ഇങ്ങനെ ലഭിക്കുക. നിലവില്‍ ഇതിനെല്ലാം ഓണ്‍ലൈന്‍ സംവിധാനമുണ്ടെങ്കിലും വ്യത്യസ്ത വെബ്‌സൈറ്റുകള്‍ വഴിയാണ് സേവനം ലഭ്യമാക്കുന്നത്.

പണമിടപാടിനായി സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുമായി ഇതിനകം കരാര്‍ ഒപ്പിട്ടു. ഇതിന് പുറമെ 54 ബേങ്കുകളുടെ ബേങ്ക് ടു ബേങ്ക്, ഇന്റര്‍നെറ്റ് ബേങ്കിംഗ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും. സര്‍ക്കാറിലേക്ക് പണമടക്കാന്‍ ഇ ട്രഷറി വഴിയുള്ള ഏകോപനവും ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ സേവനങ്ങള്‍ക്കുമായി പൊതുവായി ഒരുതവണ ഒരു യൂസര്‍ നെയിമും പാസ്‌വേഡും സൃഷ്ടിച്ചുകഴിഞ്ഞാല്‍ സര്‍ക്കാറിലേക്കുള്ള എതു അപേക്ഷ സമര്‍പ്പിക്കലും ഫീസടക്കലും, ബാങ്കിംഗും സൗകര്യപൂര്‍വം നടത്താം. ഇന്റര്‍നെറ്റ് ബേങ്കിംഗ് വഴി പണമടക്കുന്നതിന് സര്‍വീസ് ചാര്‍ജ് ഈടാക്കില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം. പണമിടപാടിന്റെ വിവരങ്ങളും ലഭിക്കും. വിവിധ വകുപ്പുകളില്‍ ലഭിക്കുന്ന സേവനങ്ങളും അപേക്ഷകളും വകുപ്പ് തിരിച്ച് ലഭിക്കും.

വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം, ആരോഗ്യ സേവനങ്ങള്‍, തൊഴിലവസരങ്ങള്‍, നൈപുണ്യവികസനം, സംരഭകത്വസേവനങ്ങള്‍, എന്നിവ മനസിലാക്കാനും സേവനങ്ങളിലേക്ക് എത്തിപ്പെടാനും പ്രത്യേകം വിഭാഗങ്ങളുണ്ട്. പുതുസംരംഭങ്ങള്‍ക്കുള്ള ഏകജാലക ക്ലിയറന്‍സ്, ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് എന്നിവയെപ്പറ്റി അറിയാനും അതത് വിഭാഗങ്ങളിലെത്താനുള്ള ലിങ്കുകളുമുണ്ടാകും.

സര്‍ക്കാര്‍ മുഖേനയുള്ള ഇ സേവനങ്ങള്‍ ജനനം മുതല്‍ മരണം വരെയുള്ള ക്രമത്തില്‍ ‘ലൈഫ് ഇവന്റ് മോഡല്‍’ എന്ന വിഭാഗത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. ഗര്‍ഭധാരണസമയം അമ്മയും കുഞ്ഞും പദ്ധതി മുതല്‍, സ്‌കൂള്‍, പഠന സംബന്ധ അപേക്ഷകള്‍, ഉന്നതവിദ്യാഭ്യാസം, തൊഴിലവസരങ്ങള്‍, വിവാഹം, വീട്ടാവശ്യ സര്‍ട്ടിഫിക്കറ്റുകളും ബില്ലടവുകളും, ജീവിതശൈലി, ആരോഗ്യം, യാത്ര ആവശ്യങ്ങള്‍, പെന്‍ഷന്‍, മരണ സര്‍ട്ടിഫിക്കറ്റ്, അവകാശ സര്‍ട്ടിഫിക്കറ്റ് വരെയുള്ളവ വിഭാഗം തിരിച്ച് ക്രോഡീകരിച്ചിട്ടുണ്ട്.

ഇതിനുപുറമേ, പുറത്തുനിന്നുള്ളവര്‍ക്ക് കേരളത്തെപ്പറ്റി മനസിലാക്കാനും പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ അറിയാനും എത്തിപ്പെടാനുള്ള മാര്‍ഗങ്ങളും ഇന്‍ഫര്‍മേഷന്‍ സെന്റര്‍ വിവരങ്ങളും പോര്‍ട്ടലിലുണ്ട്. സര്‍ക്കാര്‍ സംബന്ധ ഉത്തരവുകള്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സംബന്ധിച്ച അന്വേഷണങ്ങള്‍, മിഷനുകളുടെ വിവരങ്ങള്‍ എന്നിവയുമുണ്ടാകും.

പൊതുജനപങ്കാളിത്തം ഉറപ്പാക്കുംവിധം നവീകരിച്ച പോര്‍ട്ടലില്‍ സര്‍ക്കാരുമായി സംവദിക്കാനും മാര്‍ഗങ്ങളുണ്ട്. സംസ്ഥാന ഐ ടി മിഷന്റെ നേതൃത്വത്തിലാണ് പോര്‍ട്ടല്‍ തയാറാകുന്നത്. ആദ്യം പോര്‍ട്ടലിന്റെ ഇംഗ്ലീഷ് പതിപ്പും പിന്നാലെ മലയാളം പതിപ്പും ലഭ്യമാകും. കേരള സര്‍ക്കാറിന്റെ വിവിധ മൊബൈല്‍ ആപ്പുകളെപ്പറ്റി അറിയാനും ഡൗണ്‍ലോഡ് ചെയ്യാനും ‘കേരള ആപ്പ് സ്‌റ്റോര്‍’ എന്ന വിഭാഗവും പോര്‍ട്ടലിലുണ്ട്. എം കേരള മൊബൈല്‍ ആപ്പ് കൂടുതല്‍ സൗകര്യങ്ങളോടെ വികസിപ്പിച്ച പതിപ്പും ഉടന്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here