അലിഗഢിനെ അവര്‍ നോട്ടമിട്ടിരിക്കുന്നു

മറുചേരിയില്‍ കാര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് പുരോഗമിക്കുന്നത്. അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയുടെ പേര് മാറ്റണമെന്ന് ഹരിയാന ധനമന്ത്രി ക്യാപ്റ്റന്‍ അഭിമന്യു ആവശ്യപ്പെട്ടുകഴിഞ്ഞു. രാജ മഹേന്ദ്ര പ്രതാപ് സിംഗിന്റെ പേര് യൂനിവേഴ്‌സിറ്റിക്ക് നല്‍കണമത്രേ. കലാലയം സ്ഥാപിക്കാന്‍ സര്‍ സയ്യിദ് അഹ്മദ് ഖാന് ഭൂമി സംഭാവന ചെയ്ത വ്യക്തിയാണ് രാജ മഹേന്ദ്ര പ്രതാപ് സിംഗ്. ഈ സംഭവവികാസങ്ങള്‍ക്ക് പുറമെ നിന്ന് നോക്കിയാല്‍ യാദൃച്ഛികത തോന്നാമെങ്കിലും കൃത്യമായ ആസൂത്രണത്തിന്റെയും ഗൃഹപാഠത്തിന്റെയും ഘടകങ്ങള്‍ കാണാം. ആദ്യമൊരു കത്ത്, പിന്നീട് തീവ്രഹിന്ദുത്വ സംഘടനകളെ ഇളക്കിവിടുക, മുതലെടുപ്പ് നടത്തുക, തുടര്‍ന്ന് പലവിധ കോണുകളില്‍ നിന്ന് വിവിധങ്ങളായ ആവശ്യങ്ങള്‍ ഉന്നയിക്കുക.
Posted on: May 15, 2018 6:00 am | Last updated: May 14, 2018 at 11:20 pm

ബി ജെ പിയുടെ പാര്‍ലിമെന്റംഗം സതീഷ് ഗൗതം അലിഗഢ് മുസ്‌ലിം യൂനിേവഴ്‌സിറ്റി വൈസ് ചാന്‍സലര്‍ക്ക് മെയ് ഒന്നിന് ഒരു കത്തെഴുതിയതോടെയാണ് മുഹമ്മദലി ജിന്നയുടെ ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തലപൊക്കിയത്. വിദ്യാര്‍ഥി യൂനിയന്‍ ഹാളില്‍ 1938 മുതല്‍ തൂങ്ങുന്ന പാക്കിസ്ഥാന്‍ സ്ഥാപകന്‍ മുഹമ്മദലി ജിന്നയുടെ ചിത്രം നീക്കം ചെയ്യണമെന്നാണ് സതീഷ് ഗൗതം എം പിയുടെ ആവശ്യം. കത്തിന്റെ ചിത്രമെടുത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിന്റെ പിറ്റേന്ന് തന്നെ അലിഗഢിലെ സംഘ്പരിവാര്‍ സംഘടനകള്‍ പ്രത്യേകിച്ചും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ‘സ്വന്തം’ ഹിന്ദു യുവവാഹിനിയടക്കമുള്ള സംഘടനകളുടെ പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ അതിക്രമിച്ചു കയറി വെടിവെപ്പ് അടക്കമുള്ള ആക്രമണങ്ങള്‍ നടത്തി. മെയ് രണ്ടിനാണ് സംഭവങ്ങളുണ്ടായത്. അന്ന് മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി പങ്കെടുക്കുന്ന വിദ്യാര്‍ഥി യൂനിയന്റെ പരിപാടിയുമുണ്ടായിരുന്നു. അക്രമം നടന്നതിന് 30 മീറ്ററിനപ്പുറമാണ് ഹാമിദ് അന്‍സാരി ഉണ്ടായിരുന്നത്. സ്റ്റുഡന്‍സ് യൂനിയന്റെ ആജീവനാന്ത അംഗത്വം സ്വീകരിക്കാനാണ് ഹാമിദ് അന്‍സാരി അലീഗ്ഢ് ഗസ്റ്റ് ഹൗസിലെത്തിയത്. തൊട്ടുപിന്നാലെയാണ് മുപ്പതോളം വരുന്ന തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകര്‍ ക്യാമ്പസിലേക്ക് ഇരച്ചുകയറുന്നത്. ക്യാമ്പസില്‍ അതിക്രമം നടത്തിയ തീവ്രഹിന്ദുത്വ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികളെ പോലീസ് ക്രൂരമാംവിധത്തില്‍ ലാത്തിച്ചാര്‍ജ് ചെയ്തു. നിരവധി വിദ്യാര്‍ഥികള്‍ക്കാണ് പരുക്കേറ്റത്. അറസ്റ്റ് ആവശ്യം മുന്‍നിര്‍ത്തി ബാബെ സയീദ് ഗേറ്റിന് മുന്‍വശം 15,000ത്തോളം വരുന്ന വിദ്യാര്‍ഥികളുടെ സമരം തുടരുകയാണ്. നിരാഹാരമടക്കമുള്ള സമരമുറകള്‍ സ്വീകരിക്കാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.

അതേസമയം, മറുചേരിയില്‍ കാര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് പുരോഗമിക്കുന്നത്. അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയുടെ പേര് മാറ്റണമെന്ന് ഹരിയാന ധനമന്ത്രി ക്യാപ്റ്റന്‍ അഭിമന്യു ആവശ്യപ്പെട്ടതാണ് വലതുചേരിയിലെ അവസാന ശബ്ദം. രാജ മഹേന്ദ്ര പ്രതാപ് സിംഗിന്റെ പേര് യൂനിവേഴ്‌സിറ്റിക്ക് നല്‍കണമത്രേ. അദ്ദേഹത്തിന്റെ പടം യൂനിവേഴ്‌സിറ്റിക്കകത്ത് ഇല്ലാത്തത് ഖേദകരമാണെന്നും അഭിമന്യു പറഞ്ഞുവെക്കുന്നു. കലാലയം സ്ഥാപിക്കാന്‍ സര്‍ സയ്യിദ് അഹ്മദ് ഖാന് ഭൂമി സംഭാവന ചെയ്ത വ്യക്തിയാണ് രാജ മഹേന്ദ്ര പ്രതാപ് സിംഗ്. നാടിന് അഭിമാനമാകുന്ന ഒരു സംരംഭത്തിന് കലവറയില്ലാത്ത സഹായം നല്‍കിയ ഒരു വ്യക്തിയുടെ ഉദ്ദേശ്യശുദ്ധി താറടിക്കുന്നതാണ് ഹരിയാന മന്ത്രിയുടെ ആവശ്യമെന്നത് മറ്റൊരു കാര്യം. ഈ സംഭവവികാസങ്ങള്‍ക്ക് പുറമെ നിന്ന് നോക്കിയാല്‍ യാദൃച്ഛികത തോന്നാമെങ്കിലും കൃത്യമായ ആസൂത്രണത്തിന്റെയും ഗൃഹപാഠത്തിന്റെയും ഘടകങ്ങള്‍ കാണാം. തീവ്രഹിന്ദുത്വ അജന്‍ഡകള്‍ എവ്വിധമാണ് നടപ്പാക്കപ്പെടുന്നത് എന്നതിന്റെ നിദര്‍ശനങ്ങള്‍. ആദ്യമൊരു കത്ത്, പിന്നീട് തീവ്രഹിന്ദുത്വ സംഘടനകളെ ഇളക്കിവിടുക, മുതലെടുപ്പ് നടത്തുക, തുടര്‍ന്ന് പലവിധ കോണുകളില്‍ നിന്ന് വിവിധങ്ങളായ ആവശ്യങ്ങള്‍ ഉന്നയിക്കുക.

ചില നിഷ്‌കളങ്കര്‍ക്ക് തോന്നാം പാക്കിസ്ഥാന്‍ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ പടം അവിടെ നിന്ന് നീക്കം ചെയ്താല്‍ എന്താണ് കുഴപ്പമെന്ന്. പ്രത്യേകിച്ച്, രാജ്യഭരണ സംവിധാനവും മറ്റും ആ രാജ്യത്തെ മറ്റൊരു കോണിലൂടെ കാണുകയും അങ്ങനെത്തന്നെ നോക്കാന്‍ പൗരന്മാരെ നിര്‍ബന്ധിക്കുകയും എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരെ ആ രാജ്യത്തേക്ക് പായിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുമ്പോള്‍. അതിന്റെ ഉത്തരം എ എം യു എസ് യു പ്രസിഡന്റ് മശ്കൂര്‍ അഹ്മദ് ഉസ്മാനി രാഷ്ട്രപതി രാം കോവിന്ദിന് അയച്ച കത്തില്‍ പറയുന്നുണ്ട്. അലിഗഢ് യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ ജിന്നയെയോ അദ്ദേഹത്തിന്റെ ചിത്രത്തെയോ ഒരു തരത്തിലും ന്യായീകരിക്കുകയോ പ്രതിരോധിക്കുകയോ ചെയ്യുന്നില്ല. 1938 മുതല്‍ ആ ചിത്രം വിദ്യാര്‍ഥി യൂനിയന്‍ ഹാളിലുണ്ട്. 80 വര്‍ഷമായുള്ള ഒരു സംഗതി ഇപ്പോള്‍ മാത്രം അലര്‍ജിയായതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ട്. ആ ചിത്രം ഒരു പിടിവള്ളിയായി ഉപയോഗിക്കുകയാണ്. മാത്രമല്ല, ഇപ്പോള്‍ ആ ആവശ്യം അംഗീകരിച്ച് ചിത്രം മാറ്റിയാല്‍ വരുംനാളുകളില്‍ കൂടുതല്‍ അക്രമണോത്സുകമായ പല ആവശ്യങ്ങളും അന്തരീക്ഷത്തില്‍ ഉയരും. ഫാസിസ്റ്റുകളുടെ രീതി കേട്ടും കണ്ടുമറിഞ്ഞവര്‍ക്ക് മുളയിലേ നുള്ളുകയെന്ന രീതിയാണ് പ്രതിരോധമായി സ്വീകരിക്കേണ്ടതെന്നറിയാം. അതിനാലാണ് വിദ്യാര്‍ഥി യൂനിയന്‍ ഭീഷണികള്‍ക്കും മാറ്റിക്കൂടേയെന്ന നിഷ്‌കളങ്ക ചോദ്യങ്ങള്‍ക്കും വഴങ്ങാത്തത്. മാത്രമല്ല, ക്യാമ്പസിലേക്ക് ഇരച്ചുകയറി പോലീസ് ഒത്താശയോടെ അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരെ ചെറുവിരലനക്കാന്‍ പോലും ഭരണസംവിധാനം ഒരുങ്ങുന്നില്ലെന്നതും വിദ്യാര്‍ഥികളുടെ സമരത്തിന്റെ തീക്ഷ്ണത വര്‍ധിപ്പിക്കുന്നു. അതിനാല്‍ ജിന്ന വിഷയത്തില്‍ സുഗമമായ രീതിയില്‍ പങ്ക് വഹിച്ച് പരിഹാരം കാണണമെന്നാണ് രാഷ്ട്രപതിയോട് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്. നിലവില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രകോപനപരമായ പോസ്റ്റുകള്‍ ചെയ്ത രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. ഹിന്ദു യുവ വാഹിനി സിറ്റി മുന്‍ പ്രസിഡന്റ് യോഗേഷ് വര്‍ഷണി, എ ബി വി പി പ്രവര്‍ത്തകന്‍ അമിത് ഗോസ്വാമി എന്നിവരാണ് പിടിയിലായത്. ക്യാമ്പസില്‍ കയറി ആക്രമണം നടത്തിയ, അതും രണ്ട് തവണ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായിരുന്ന സര്‍വസമ്മതനായ വ്യക്തിക്ക് തന്നെ സുരക്ഷാ ഭീഷണിയുയര്‍ത്തുന്ന രീതിയില്‍ ആക്രമണമഴിച്ചുവിട്ടവര്‍ക്കെതിരെയോ അതിന്റെ സൂത്രധാരന്മാര്‍ക്കെതിരെയോ ചെറുവിരലനക്കുന്നില്ല.

സംഘ്പരിവാര്‍ സംഘടനകള്‍ ദേശത്തിന്റെ സമാധാനാന്തരീക്ഷത്തിന് എവ്വിധമാണ് ഭീഷണിയാകുകയെന്നത് കൂടി അലിഗഢ് സംഭവം വിളിച്ചോതുന്നുണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപപ്പെടുത്തിയതാണ് ഹിന്ദു യുവവാഹിനി. അലിഗഢ് ആക്രമണത്തിന് പിന്നിലെ പ്രധാന കൈകളും ഇവരുടേത് തന്നെ. സായുധ സംഘമായാണ് ഹിന്ദുയുവവാഹിനി പ്രവര്‍ത്തിക്കുന്നത്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിന് ശേഷം ഈ മിലീഷ്യയിലേക്ക് ആളുകളുടെ തള്ളിച്ചയാണത്രെ. ഇക്കാലമത്രയും അകലം പ്രാപിച്ചവര്‍ പെട്ടെന്നുള്ള സംഭവവികാസങ്ങളാല്‍ കൂട്ടത്തോടെയെത്തുന്നതില്‍ ഇതിന്റെ നേതാക്കള്‍ക്കും അത്ഭുതമാണ്. ചെറുതും വലുതുമായ ഉപേക്ഷിക്കപ്പെട്ടതും അല്ലാത്തതുമായ ക്ഷേത്രങ്ങള്‍ ആസ്ഥാനമാക്കിയാണ് ഇവരുടെ പ്രവര്‍ത്തനം. യോഗി തന്നെ ഗോരഖ്പൂരിലെ ഗോരഖ്‌നാഥ് മഠത്തിന്റെ അധിപതിയായിരുന്നല്ലോ. അലിഗഢില്‍ ഹിന്ദുയുവവാഹിനിക്ക് പുറമെ എ ബി വി പിയും വിശ്വഹിന്ദു പരിഷത്തും ഹിന്ദു ജാഗരണ്‍ മഞ്ചുമുണ്ട്. പുറമെ ചെറുഹിന്ദുത്വ സംഘടനകളായ ഹിന്ദു ജാഗരണ്‍ സമിതി, ധര്‍മ ജാഗരണ്‍ മഞ്ച്, വിശ്വഹിന്ദു മഹാസംഘ് തുടങ്ങിയവയും. ഈ സംഘടനകളിലെ പ്രവര്‍ത്തകരെല്ലാം ചേര്‍ന്നാണ് മെയ് രണ്ടിന് അലിഗഢ് സര്‍വകലാശാലയില്‍ ആക്രമണം നടത്തിയത്.

ഹിന്ദു യുവവാഹിനിയുടെ അലിഗഢ് ജില്ലാ യൂനിറ്റ്, 2007ല്‍ വൃന്ദാവനില്‍ നിന്ന് കൗശല്‍നാഥ് യോഗി എത്തിയതോടെയാണ് ആരംഭിച്ചത്. ഗിലാരാജ് ഹനുമാന്‍ മന്ദിറിലെ മുഖ്യ പുരോഹിതനാണ് കൗശല്‍നാഥ്. ക്ഷേത്രത്തിന് സമീപത്തുള്ള ചെറിയ മുറിയിലിരുന്നാണ് കൗശല്‍നാഥ് യുവവാഹിനിയെ നിയന്ത്രിക്കുന്നത്. മുറിയില്‍ ആദിത്യനാഥിന്റെ പടമാണ് തൂക്കിയത്. അലിഗഢ് ജില്ലയില്‍ തന്നെ 1200-1400 ‘ഔദ്യോഗിക’ അംഗങ്ങള്‍ യുവവാഹിനിക്കുണ്ട്. മെയ് രണ്ടിലെ ആക്രമണത്തില്‍ വിദ്യാര്‍ഥികള്‍ പ്രവര്‍ത്തകരുടെ അറസ്റ്റ് ആവശ്യപ്പെടുന്നത് ചൂണ്ടിക്കാണിച്ചപ്പോള്‍ പോലീസ് സൂപ്രണ്ടിനോട് എല്ലാ ം സംസാരിച്ചിട്ടുണ്ടെന്നായിരുന്നു കൗശല്‍നാഥിന്റെ ദി സ്‌ക്രോള്‍ പ്രതിനിധിയോടുള്ള മറുപടി. അപ്പോള്‍ എല്ലാം വ്യക്തം. ഗുരുവിന്റെ ഭരണത്തിന്‍ കീഴില്‍ ഒന്നും പേടിക്കാനില്ലെന്ന സന്ദേശമാണ് അദ്ദേഹം നല്‍കുന്നത്. ചില പ്രത്യേക ക്യാംമ്പയിനുകളിലൂടെ അംഗബലം വര്‍ധിപ്പിക്കുകയാണ് കൗശല്‍നാഥിന്റെ കൗശലം.

കഴിഞ്ഞ വര്‍ഷം റമസാനില്‍ അലിഗഢ് യൂനിവേഴ്‌സിറ്റിയില്‍ മുസ്‌ലിമേതര വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന വിവാദം കൗശല്‍നാഥ് സൃഷ്ടിച്ചിരുന്നു. അലിഗഢ് യൂനിവേഴ്‌സിറ്റിയെ ഹിന്ദുത്വ സംഘടനകള്‍ പ്രത്യേകം നോട്ടമിട്ടിരിക്കുന്നുവെന്നത് രഹസ്യമല്ല. കൗശല്‍നാഥും അലിഗഢ് സിറ്റി എ ബി വി പി നേതാവ് യോഗേന്ദ്ര വര്‍മയും ഇക്കാര്യം പറയുന്നുണ്ട്. ഹിന്ദുത്വ സംഘം നോട്ടമിട്ട ഏക സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയും അലിഗഢാണെന്ന് വരുമ്പോള്‍ ഇപ്പോഴുള്ള വിവാദങ്ങളും കൈയേറ്റങ്ങളുമെല്ലാം യാദൃച്ഛികമായി സംഭവിക്കുന്നതല്ലെന്ന് വ്യക്തം. അലിഗഢിന്റെ ന്യൂനപക്ഷ പദവി സംബന്ധിച്ച് ഇപ്പോള്‍ത്തന്നെ ഹാലിളക്കം തുടങ്ങിയിട്ടുണ്ട്. അതൊരു തര്‍ക്കവിഷയമാക്കുന്നതില്‍ ഹിന്ദുത്വ സംഘടനകള്‍ വിജയിച്ചു. മാത്രമല്ല, തീവ്രവാദികളുടെയും ദേശവിരുദ്ധരുടെയും കേന്ദ്രമാണ് അലിഗഢെന്നും നാളേറെയായി പ്രചരിപ്പിക്കുന്നു. ഫാസിസത്തിനെതിരെ ശബ്ദമുയരുന്ന ക്യാമ്പസുകളും തെരുവുകളും നാടുകളുമെല്ലാം അല്ലെങ്കിലും അവര്‍ക്ക് ദേശവിരുദ്ധരും തീവ്രവാദികളുമാണല്ലോ. അതേസമയം, ഇത്തരം പ്രചണ്ഡവാദങ്ങള്‍ക്കെതിരെ അലിഗഢിലെ ഹിന്ദു വിദ്യാര്‍ഥികള്‍ തന്നെ രംഗത്ത് വരാറുണ്ട്. റമസാനില്‍ ഭക്ഷണമില്ലെന്ന കൗശല്‍നാഥിന്റെ നുണയെ പൊളിച്ച് രംഗത്ത് വന്നത് ഹിന്ദു വിദ്യാര്‍ഥികള്‍ തന്നെയായിരുന്നു.

ഫാസിസം രംഗത്തു വരുന്നതിന്റെ, ഓരോ വിഷയവും ചര്‍ച്ചയാക്കുന്നതിന്റെ കൃത്യമായ അജന്‍ഡ നടപ്പാക്കുന്നതിന്റെ പരിണാമം ശ്രദ്ധിച്ചാല്‍ ഓരോന്നിനും പ്രത്യേക ആസൂത്രണമുണ്ടെന്ന് കാണാം. ചങ്ങലക്കണ്ണികള്‍ പോലെ തുടര്‍ച്ച ഓരോന്നിലും ദൃശ്യമാണ്. പുറമേക്ക് അവ യാദൃച്ഛികമായി സംഭവിക്കുന്നതാണെന്ന് തോന്നാമെങ്കിലും. പുറമെ കാണുന്ന ആ യാദൃച്ഛികതയാണ് നിഷ്‌കളങ്ക ചോദ്യകര്‍ത്താക്കളെ ജനിപ്പിക്കുന്നതും. അലിഗഢിനും മുഹമ്മദലി ജിന്നക്കും ഇന്ത്യന്‍ ചരിത്രത്തിലുള്ള പ്രാധാന്യം ചരിത്രകാരന്മാര്‍ക്ക് വിട്ടുകൊടുക്കട്ടെ. ഗാന്ധിജിയെയും നെഹ്‌റുവിനെയും പോലും ഇന്ത്യന്‍ ചരിത്രത്തില്‍ നിന്ന് നിഷ്‌കാസനം ചെയ്യാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജിന്നയെയൊക്കെ ചവറ്റുകൊട്ടയിലെറിയുക എളുപ്പമാണല്ലൊ. ചരിത്രത്തിന്റെ വക്രീകരണം മറ്റൊരു വിഷയമായി കിടക്കട്ടെ. എന്നാല്‍, ജീവിക്കുന്ന സമയത്തെ സാമൂഹിക അസന്തുലിതത്വം സൃഷ്ടിക്കലും നുണപ്രചാണരം നടത്തി മുതലെടുപ്പ് നടത്തുന്നതും അതെത്രമാത്രം പൊള്ളത്തരമെന്ന് തോന്നിയാലും എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്.

മോദിയാനന്തര ഇന്ത്യയിലെ ഫാസിസ പ്രവണതകള്‍ക്കെതിരെ എതിര്‍ശബ്ദങ്ങളുയര്‍ന്നതും ശക്തമായ പ്രതിരോധം സൃഷ്ടിച്ചതും കലാലയങ്ങളില്‍ നിന്നായിരുന്നുവെന്നത് സമീപ സംഭവവികാസങ്ങളാണ്. ജെ എന്‍ യുവിലെ കനയ്യ കുമാറും ഷെഹ്‌ല ഷോറയും അശുതോഷ് കുമാറും ഉമര്‍ ഖാലിദും ദളിതനായതിന്റെ പേരില്‍ ജീവനൊടുക്കേണ്ടി വന്ന രോഹിത് വെമുലയുമൊക്കെ സൃഷ്ടിച്ച തിരകള്‍ ഫാസിസ്റ്റുകളെ വല്ലാതെ ഭയപ്പെടുത്തുന്നു. അതിനാലാണ് കലാലയങ്ങളെ അവര്‍ നോട്ടമിടുന്നതും.