Connect with us

National

കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; സ്മൃതി ഇറാനിക്ക് വാര്‍ത്താവിനിമയ വകുപ്പ് നഷ്ടം

Published

|

Last Updated

ന്യൂഡല്‍ഹി: കാലാവധി പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെ മോദി സര്‍ക്കാരില്‍ വീണ്ടും അഴിച്ചുപണി. തുടര്‍ച്ചയായി വിവാദങ്ങള്‍ സൃഷ്ടിക്കുന്ന സ്മൃതി ഇറാനിയെ വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ ചുമതലയില്‍നിന്ന് പ്രധാനമന്ത്രി ഒഴിവാക്കി. സഹമന്ത്രിയായിരുന്ന രാജ്യവര്‍ധന്‍ സിംഗ് റാത്തോഡിനാണ് പകരം വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല നല്‍കിയിട്ടുള്ളത്. അതേസമയം 2014 മുതല്‍ അരുണ്‍ ജെയ്റ്റ്‌ലി കൈകാര്യം ചെയ്ത ധനകാര്യ മന്ത്രാലയം റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന് കൈമാറിയിട്ടുമുണ്ട്. റെയില്‍വേക്ക് പുറമെ ധനകാര്യ മന്ത്രാലയത്തിന്റെ അധിക ചുമുതലയാണ് ഗോയലിന് നല്‍കിയത്.

കുറച്ചു ദിവസങ്ങളായി ചികിത്സയിലായ അരുണ്‍ ജെയ്റ്റ്‌ലിയെ തിങ്കളാഴ്ച വൃക്കമാറ്റല്‍ ശസ്ത്രക്രിയക്കും വിധേയനാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഗോയലിന് ധനകാര്യ വകുപ്പിന്റെ അധിക ചുമുതല.

വാര്‍ത്താവിനിമയ വകുപ്പില്‍നിന്നു പുറത്തായതോടെ സ്മൃതി ഇറാനിക്ക് ഇനി മുതല്‍ ടെക്‌സ്‌റ്റൈല്‍സ് വകുപ്പിന്റെ മാത്രം ചുമതലയായിരിക്കും ഉണ്ടാകുക. ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാനചടങ്ങിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് വകുപ്പ് നീക്കിയതെന്നാണ് സൂചന. കേരളത്തില്‍ നിന്നുള്ള മന്ത്രിയായ അല്‍ഫോന്‍സ് കണ്ണന്താനത്തെ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പില്‍നിന്ന് മാറ്റി. എസ് എസ് അലുവാലിയയ്ക്കാണ് ആ വകുപ്പിന്റെ പുതിയ ചുമുതല. ഇനി കണ്ണന്താനത്തിന് ടൂറിസം വകുപ്പ് മാത്രമാണ് അവശേഷിക്കുന്നത്.

മോദി മന്ത്രിസഭയിലെത്തിയതിന് ശേഷം ഇത് രണ്ടാം തവണയാണ് സ്മൃതി ഇറാനിക്ക് വകുപ്പ് നഷ്ടപ്പെടുന്നത്. മാനവവിഭവശേഷി മന്ത്രിയായിട്ടാണ് അവര്‍ മന്ത്രി സഭയിലെത്തിയത്. എന്നാല്‍ ഡിഗ്രിയില്ല എന്നത് വിവാദമായതോടെ അവരെ മാനവ വിഭവശേഷി വകുപ്പില്‍ നിന്ന് മാറ്റി വാര്‍ത്താവിതരണവും ടെക്സ്റ്റയില്‍സും നല്‍കുകയായിരുന്നു.