വിവാഹ ദിനത്തില്‍ നൃത്തം ചെയ്തു, വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍; ദമ്പതികള്‍ പോലീസ് സ്റ്റേഷനില്‍

Posted on: May 14, 2018 10:06 pm | Last updated: May 14, 2018 at 10:06 pm

ഫുജൈറ: വിവാഹ ദിനത്തില്‍ നൃത്തം ചെയ്ത് വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ദമ്പതികളെ ഫുജൈറ പോലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തി. യു എ ഇയുടെ സാംസ്‌കാരികതയും പാരമ്പര്യവും ഇരുവര്‍ക്കും ഉപദേശിച്ചു പോലീസ് വിട്ടയച്ചു. യു എ ഇ സൈബര്‍ ക്രൈം നിയമം 5/2012 അനുസരിച്ചു ഇത്തരം വീഡിയോകള്‍ ചിത്രീകരിച്ചു സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് 50,000 മുതല്‍ 30 ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കുന്ന കുറ്റമാണ്. പിഴ ഒടുക്കാത്ത പക്ഷം ജീവ പരന്ത്യം ശിക്ഷ വരെ ലഭിക്കുന്നവന്‍ സാധ്യതയുണ്ട്. വീഡിയോയിലെ ദൃശ്യങ്ങളുടെ സ്വഭാവം അനുസരിച്ചാണ് പിഴയോ ജയില്‍ വാസകാലയളവോ നിശ്ചയിക്കുക. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പുറപ്പെടുവിച്ചതാണ് നിയമം.

കഴിഞ്ഞാഴ്ച സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍ അറബ് സംഗീതത്തിന് അനുസരിച്ചു നവ ദമ്പതികള്‍ നൃത്തം ചെയ്യുന്നതാണ് ചിത്രീകരിച്ചിട്ടുള്ളത്. നൃത്തത്തിനൊടുവില്‍ വധു വരന്റെ മാറിലേക്ക് ചായുന്ന രംഗങ്ങളും ചിത്രീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളില്‍ വീഡിയോ വൈറലായതിനെ തുടര്‍ന്ന് ഫുജൈറ പോലീസ് ഇരുവരെയും വിളിച്ചു വരുത്തി യു എ ഇ സാംസ്‌കാരികതയും പാരമ്പര്യവും മനസ്സിലാക്കുന്നതിന് ഗുണദോഷിച്ചത്.

യു എ ഇയുടെ പാരമ്പര്യവും മൂല്യങ്ങളും രീതികളും മുറുകെ പിടിക്കുന്നതിനും കാത്തു സൂക്ഷിക്കുന്നതിനും പൊതു ജനങ്ങളോട് ഫുജൈറ പോലീസ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.