ദുബൈയില്‍ ചെറുകിട കമ്പനികളുടെ വിസ സേവനങ്ങള്‍ അമര്‍ സെന്റര്‍ വഴി

Posted on: May 14, 2018 9:56 pm | Last updated: May 14, 2018 at 9:56 pm

ദുബൈ: ചെറുകിട കമ്പനികളുടെ വിസ അപേക്ഷ-നടപടി ക്രമങ്ങള്‍ അമര്‍ സെന്റര്‍ വഴി നടത്താനാവുമെന്ന് ദുബൈ എമിഗ്രേഷന്‍ അറിയിച്ചു. ഇതുപ്രകാരം നൂറില്‍ താഴെ ജീവനക്കാരുള്ള കമ്പനികള്‍ക്ക് ഇനി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇല്ലാതെ തന്നെ അമര്‍ സെന്റര്‍ വഴി വിസ അപേക്ഷ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.

വിസ ഇടപാടുകള്‍ക്ക് 23 അമര്‍ സെന്ററുകള്‍ തുറന്നിട്ടുണ്ട്. വകുപ്പിന്റെ ഇലക്ട്രോണിക് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാതെ തന്നെ അമര്‍ ബിസിനസ് സെന്ററുകളിലുടെ ചെറിയ സംരംഭങ്ങളുടെ വിസ അപേക്ഷ നടത്താം. എല്ലാ അമര്‍ സെന്ററും നൂറില്‍ കുറവ് ജീവനക്കാരുള്ള കമ്പനികളുടെ അപേക്ഷകള്‍ സ്വീകരിക്കും. ഇതുപ്രകാരം 2,000 മുതല്‍ 4,000 ദിര്‍ഹം വരെ ചെലവുകള്‍ കുറക്കാന്‍ കഴിയും. ദുബൈയില്‍ നിക്ഷേപകരെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള നടപടിയെന്ന് താമസ കുടിയേറ്റ വകുപ്പ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു.

മുമ്പ് വിസ അപേക്ഷ നടപടി ക്രമങ്ങള്‍ എല്ലാം ടൈപിംഗ് സെന്റര്‍ വഴിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ നൂറുകണക്കിന് ടൈപിംഗ് സെന്ററില്‍ വിസ സംബന്ധിയായ എല്ലാ സേവനങ്ങളും വകുപ്പ് നിര്‍ത്തിവെച്ചിട്ടുണ്ട്. അതിനൊപ്പം തന്നെ കൂടുതല്‍ സേവന സൗകര്യങ്ങളോടുകൂടി അമര്‍ സെന്ററുകള്‍ ഇത്തരത്തിലുള്ള സേവനങ്ങള്‍ നടത്താന്‍ വകുപ്പ് ലഭ്യമാക്കി. എല്ലാ വിസ സേവന-അപേക്ഷ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാം. ഈ വര്‍ഷം അവസാനത്തോടെ 70 സെന്ററുകള്‍ കൂടി വകുപ്പ് തുറക്കുന്നതാണ്. ഇതുപ്രകാരം എമിഗ്രേഷന്‍ ഓഫീസ് സന്ദര്‍ശിക്കാതെ തന്നെ എല്ലാ വിസ റസിഡന്‍സി ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ ഉപഭോക്താക്കളെ അനുവദിക്കും. അതുകൊണ്ട് തന്നെ നടപടികള്‍ ക്രമങ്ങള്‍ കൂടുതല്‍ ലളിതവത്കരിക്കുകയും സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിക്കുകയും ചെയ്യുന്നു.

23 അമര്‍ സെന്ററുകളില്‍ എല്ലാ സൗകര്യങ്ങളുമുണ്ടെന്ന് താമസ കുടിയേറ്റ വകുപ്പ് റസിഡന്‍സി സപ്പോര്‍ട്ട് സെക്ടറിലെ അസിസ്റ്റന്റ് ജനറല്‍ മനോജര്‍ ബ്രിഗേഡിയര്‍ ഹുസൈന്‍ ഇബ്‌റാഹീം പറഞ്ഞു. ഇത്തരത്തിലുള്ള ചുവടുവെപ്പ് ചെറിയ തൊഴിലാളികളുള്ള സംരംഭകരെ പിന്തുണക്കും. അതിനൊപ്പം തന്നെ ഇമാറാത്തികളായ കമ്പനി ഉടമകളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് ബ്രിഗേഡിയര്‍ ഹുസൈന്‍ ഇബ്‌റാഹീം വ്യക്തമാക്കി.

അതിനിടെ ഈ വര്‍ഷത്തെ ആദ്യത്തെ മൂന്ന് മാസം കൊണ്ട് അമര്‍ സെന്റര്‍ വഴി 41,4633 വിസ ഇടപാടുകള്‍ നടത്തി. അമര്‍ സെന്ററുകളില്‍ വിസ അപേക്ഷ നടപടികള്‍ക്ക് പുറമേ എമിറേറ്റ്സ് ഐഡന്ററ്റി അതോറിറ്റി, ദുബൈ നഗരസഭ, ദുബൈ ഹെല്‍ത് അതോറിറ്റി തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സേവനങ്ങളും ലഭ്യമാവും. പൊതുജനങ്ങളുടെ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് വകുപ്പിന്റെ ടോള്‍ഫ്രീ നമ്പറായ 800511ല്‍ വിളിക്കാം. അല്ലെങ്കില്‍ https://www.amer.ae/contact എന്ന ലിങ്കില്‍ ബന്ധപ്പെടുക.