ബംഗാളില്‍ വോട്ടെടുപ്പിനിടെ അക്രമം; 12 മരണം

വ്യാപക ബൂത്ത് പിടിത്തവും ബോംബേറും; കേന്ദ്രം റിപ്പോര്‍ട്ട് തേടി, പ്രതിപക്ഷം ഗവര്‍ണറെ കണ്ടു
Posted on: May 14, 2018 1:10 pm | Last updated: May 15, 2018 at 12:17 am
നാദിയ ജില്ലയിലെ ശാന്തിപൂരില്‍ ഇരു രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് വാഹനത്തിന് തീയിട്ട നിലയില്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം. സംസ്ഥാനത്തൊട്ടാകെ 12 പേര്‍ കൊല്ലപ്പെടുകയും അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുമുണ്ട്. ഇതോടെ പത്രികാ സമര്‍പ്പണം മുതല്‍ വോട്ടെടുപ്പ് ദിവസം വരെ നടന്ന അക്രമസംഭവങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 30 കവിഞ്ഞു. സംസ്ഥാനത്ത് 73 ശതമാനം വോട്ടിംഗാണ് രേഖപ്പെടുത്തിയത്.

സൗത്ത് 24 പര്‍ഗാനാസ്, പശ്ചിമ മിഡ്‌നാപൂര്‍, കൂച്ച്ബിഹാര്‍ ജില്ലകളില്‍ സംഘര്‍ഷവും ബൂത്ത്പിടുത്തവരും റിപ്പോര്‍ട്ട് ചെയ്തു. സൗത്ത് 24 പര്‍ഗാനാസിലെ ഭംഗറില്‍ തങ്ങളുടെ സ്ഥാനാര്‍ഥി ശരീഫുല്‍ മല്ലിക്കിനെ സായുധരായ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയതായും വോട്ടര്‍മാരെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഭയപ്പെടുത്തിയതായും ജോമി, ജിബിക, ബാസ്തുതന്ത്ര ഒ പൊരിബേഷ് രക്ഷ കമ്മിറ്റി ആരോപിച്ചു. നോര്‍ത്ത് ദിനാജ്പൂരില്‍ ഗലൈസുര പോളിംഗ് ബൂത്തിന് സമീപം മൂന്ന് പെട്രോള്‍ ബോംബുകള്‍ കണ്ടെത്തി. ഇവയില്‍ രണ്ടെണ്ണം റെയില്‍വേ ട്രാക്കിലായിരുന്നു. നാദിയയില്‍ ബൂത്ത് കയ്യേറാനുള്ള ശ്രമത്തിനിടെയുണ്ടായ വെടിവെപ്പില്‍ ഒരു വിദ്യാര്‍ഥി കൊല്ലപ്പെട്ടു. അംദാഗയില്‍ ബോംബ് സ്‌ഫോടനത്തില്‍ ഒരു സി പി എം പ്രവര്‍ത്തകനും കുല്‍താലിയില്‍ ഒരു തൃണമൂല്‍ പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. മുര്‍ഷിദാബാദിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഒരു ബി ജെ പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കക്ദ്വിപില്‍ സി പി എം പ്രവര്‍ത്തകനേയും ഭാര്യയേയും വീടിന് തീവെച്ച് കൊലപ്പെടുത്തി.

അക്രമസംഭവങ്ങളെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാറില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ബിമന്‍ ബോസിന്റെ നേതൃത്വത്തിലുള്ള സി പി എം സംഘം ഗവര്‍ണര്‍ കേശരി നാഥ് ത്രിപാഠിയെ കണ്ടു. യാതൊരു നിയമവും പാലിക്കാതെ തിരഞ്ഞെടുപ്പ് കലാപമായിരിക്കുകയാണെന്നും പോലീസിന് സുരക്ഷ ശക്തമാക്കാന്‍ സാധിച്ചിട്ടില്ലെന്നും സി പി എം സംഘം ആരോപിച്ചു. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ നേതൃത്വത്തിലുള്ള സംഘവും ഗവര്‍ണറെ കണ്ടിട്ടുണ്ട്. തൃണമൂല്‍ മുന്‍ നേതാവ് മുകുള്‍ റോയിയും ബി ജെ പി സംഘത്തിലുണ്ടായിരുന്നു.

58,692 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. 20,076 സീറ്റുകളില്‍ അംഗങ്ങളെ മത്സരമില്ലാതെ തന്നെ തിരഞ്ഞെടുത്തിട്ടുണ്ട്. ബി ജെ പി, സി പി എം, ടി എം സി പ്രവര്‍ത്തകര്‍ തമ്മിലാണ് പ്രധാനമായും സംഘര്‍ഷം നടക്കുന്നത്. പത്രികാ സമര്‍പ്പണം തൃണമൂല്‍ തടയുന്നുവെന്ന് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും കുറ്റപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് കോടതി ഇടപെട്ട് പത്രികാ സമര്‍പ്പണം ദീര്‍ഘിപ്പിച്ചിരുന്നു.