യുപിയില്‍ തെരുവ് നായ്ക്കളുടെ ആക്രമണം തുടരുന്നു; ഒരു പെണ്‍കുട്ടിയെക്കൂടി കടിച്ചുകൊന്നു

Posted on: May 14, 2018 12:28 pm | Last updated: May 14, 2018 at 1:11 pm

സിതപുര്‍: ഉത്തര്‍പ്രദേശിലെ ഗ്രാമത്തില്‍ 12 വയസുകാരിയെ തെരുവ്‌നായ്ക്കള്‍ കടിച്ചു കൊന്നു. സിതപുരിലെ മഹേഷ്പുര്‍ ഗ്രാമത്തിലാണ സംഭവം. ഈ മാസം നടന്ന ഏഴാമത് സംഭവമാണ് ഇതെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. റീന എന്ന പെണ്‍കുട്ടിയാണ് നായ്ക്കളുടെ ആക്രമണത്തില്‍ മരിച്ചത്. ഈ ഗ്രാമമാകെ തെരുവ് നായ്ക്കളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് ജില്ലാ ഭരണകൂടംതന്നെ സമ്മതിക്കുന്നുണ്ട്. ഇവിടെ ദിനംപ്രതി ആറ് മുതല്‍ എട്ട് വരെ പേര്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തിനിരയാകുന്നുണ്ട്. കഴിഞ്ഞ നവംബര്‍ മുതല്‍ ഇതുവരെ 13 പേരാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ മരിച്ചത്.

തെരുവ് നായക്കളുടെ ആക്രമണത്തില്‍ മരിച്ച കുട്ടികളുടെ വീടുകളില്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രി യോഗി അദിത്യനാഥ് സന്ദര്‍ശനം നടത്തുകയും ഇവര്‍ക്ക് രണ്ട് ലക്ഷംരൂപ വീിതം അനുവദിക്കുകയും ചെയ്തിരുന്നു.ഇതിന് പുറമെ പരുക്കേറ്റ കുട്ടികള്‍ക്ക് 25,000 രൂപവീതവും പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ ഒന്നിന് ഖൈറാബാദ് പ്രദേശത്ത് മൂന്ന് കുട്ടികളെയാണ് തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നത്.