മകന്‍ മാതാവിനെ കഴുത്ത് ഞെരിച്ച് കൊന്നു

  • അറും കൊല മാതൃദിനത്തില്‍
  • മദ്യലഹരിയിലായിരുന്ന പ്രതി പിടിയില്‍
Posted on: May 14, 2018 6:14 am | Last updated: May 14, 2018 at 12:19 am

മട്ടന്നൂര്‍: വയോധികയായ മാതാവിനെ മകന്‍ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. മട്ടന്നൂര്‍ ചാവശേരിയിലാണ് നാടിനെ നടുക്കിയ അറും കൊല നടന്നത്. വയലാറമ്പ് വെമ്പടിച്ചാലിലെ പരേതനായ എം കൃഷ്ണന്‍ നമ്പ്യാരുടെ ഭാര്യ കെ പാര്‍വതി അമ്മയെ (83) യാണ് മകന്‍ കെ സതീശന്‍ കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സതീശനെ മട്ടന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ വൈകീട്ട് നാലോടെയായിരുന്നു കൊലപാതകം. സംഭവം നടക്കുമ്പോള്‍ സതീശന്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. മദ്യലഹരിയിലെത്തിയ സതീശന്‍ കിടപ്പുമുറിയില്‍ ബെഡില്‍ കിടക്കുകയായിരുന്ന പാര്‍വതി അമ്മയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊല നടത്തിയതിന് ശേഷം സമീപത്തെ ബന്ധുവീട്ടില്‍ പോയി അമ്മയെ താന്‍ കൊന്നതായി സതീശന്‍ പറയുകയായിരുന്നു. അയല്‍വാസികള്‍ വീട്ടിലെത്തി നോക്കിയപ്പോഴാണ് പാര്‍വതി അമ്മയെ മരിച്ച നിലയില്‍ കാണപ്പെട്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മട്ടന്നൂര്‍ എസ് ഐ ശിവന്‍ ചോടോത്തും സംഘവും സ്ഥലത്തെത്തി സതീശനെ കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

രണ്ട് വര്‍ഷം മുമ്പ് സതീശന്റെ ഭാര്യ നിഷ ആത്മഹത്യ ചെയ്തിരുന്നു. സതീശന്റെ രണ്ട് പെണ്‍മക്കളും നിഷയുടെ വീട്ടിലേക്ക് താമസം മാറിയതിന് ശേഷം രണ്ട് വര്‍ഷത്തോളമായി സതീശനും അമ്മയും മാത്രമാണ് വീട്ടില്‍ താമസിച്ചു വരുന്നത്. മുമ്പ് സതീശന്‍ അമ്മയെ മര്‍ദ്ദിച്ചിരുന്നു. ഗുരുതരമായ പരുക്കുപറ്റിയതിനാല്‍ കിടപ്പിലായിരുന്നു. പാര്‍വ്വതിയുടെ ഏക മകനാണ് സതീശന്‍.