സലാഹ് മികച്ച കളിക്കാരന്‍; ഗോള്‍ഡന്‍ ബൂട്ട്

Posted on: May 14, 2018 6:02 am | Last updated: May 14, 2018 at 12:06 am

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സീസണിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം, ഗോള്‍ഡന്‍ ബൂട്ടും ലിവര്‍പൂള്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാഹിന്. ഈജിപ്റ്റ് താരമായ സലാഹ് പ്രീമിയര്‍ ലീഗ് സീസണില്‍ 38 മത്സരങ്ങളില്‍ നിന്ന് 32 ഗോളുകളാണ് അടിച്ചുകൂട്ടിയത്. എല്ലാ വിഭാഗം മത്സരങ്ങളിലുമായി 44 ഗോള്‍.

ലിവര്‍പൂളിനെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിക്കുന്നതിലും സലാഹ് നിര്‍ണായക പങ്ക് വഹിച്ചു. അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് താരം പ്രതികരിച്ചു. പുരസ്‌കാര നേട്ടത്തില്‍ ടീം പരിശീലകനായ ക്ലോപ്പിന് പ്രത്യേക നന്ദി. പ്രീമിയര്‍ ലീഗില്‍ തിരിച്ചെത്തി മികവ് തെളിയിക്കണമെന്ന് തന്റെ ആഗ്രഹമായിരുന്നുവെന്നും റോമയില്‍ നിന്ന് ലിവര്‍പൂളിലെത്തിയ 25 കാരനായ താരം പറയുന്നു.

കളത്തില്‍ മിന്നും പ്രകടനം പുറത്തെടുക്കുന്ന സലാഹ് അടുത്തിടെ നിരവധി പുരസ്‌കാരങ്ങളാണ് ലഭിച്ചത്. ഫുട്‌ബോള്‍ റൈറ്റേഴ്‌സ് പുരസ്‌കാരം, പ്രൊഫഷണല്‍ ഫുട്‌ബോളേഴ്‌സ് അസോസിയേഷന്‍ (പിഎഫ്എ) പ്ലയര്‍ ഓഫ് ദ ഇയര്‍ എന്നിവ അതില്‍ ചിലതാണ്. 2017 വര്‍ഷത്തെ മികച്ച ആഫ്രിക്കന്‍ ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരവും സലാഹിന് ലഭിച്ചിരുന്നു.

പ്രീമിയര്‍ ലീഗ് പ്രയര്‍ ഓഫ് ദി സീസണ്‍ പുരസ്‌കാരം നേടുന്ന മൂന്നാമത്തെ ലിവര്‍പൂള്‍ താരമാണ് സലാഹ്. മൈക്കില്‍ ഓവന്‍, ലൂയി സുവാരസ് എന്നിവരാണ് ഇക്കാര്യത്തില്‍ സലാഹിന്റെ മുന്‍ഗാമികള്‍.