Connect with us

Kerala

സിനിമാ തിയേറ്ററിലെ പീഡനം: പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിക്ക് സാധ്യത

Published

|

Last Updated

ചങ്ങരംകുളം: എടപ്പാളിലെ സിനിമാ തിയേറ്ററില്‍ പത്ത് വയസ്സുകാരി പീഡനത്തിനിരയായ സംഭവത്തില്‍ ഡി വൈ എസ് പി ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിക്ക് സാധ്യത. പരാതി സ്റ്റേഷനില്‍ ലഭിച്ച ഉടനെ ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കിയിരുന്നതായാണ് വിവരം. നടപടി എടുക്കാന്‍ വൈകിയതിന് പിന്നില്‍ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡി വൈ എസ് പിക്കെതിരെയും നടപടിക്ക് സാധ്യതയുള്ളതായാണ് വിവരം.

ഇതിനിടെ എസ് ഐക്കെതിരെ പോക്‌സോ നിയമം ചുമത്തി കേസെടുക്കാന്‍ ഡി ജി പി നിര്‍ദേശം നല്‍കിയെന്നും വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍, ഈ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ചൈല്‍ഡ് ലൈനിന്റെ പരാതി ലഭിച്ചിട്ടും കേസെടുക്കാന്‍ തയ്യാറാകാത്തതിനാണ് സ്ഥലം എസ് ഐ കൂടിയായ ബേബിയെ സസ്‌പെന്‍ഡ് ചെയ്തത്. കേസില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം പൂര്‍ത്തിയായതിന് ശേഷം മാത്രമേ നടപടികള്‍ ഉണ്ടാകുകയുള്ളൂ.

പ്രതികള്‍ റിമാന്‍ഡില്‍

കേസില്‍ അറസ്റ്റിലായ പാലക്കാട് തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടിയെ (58) യും പെണ്‍കുട്ടിയുടെ മാതാവിനെയും മഞ്ചേരി പോസ്‌കോ കോടതി റിമാന്‍ഡ് ചെയ്തു. കോടതി അവധി ആയതിനാല്‍ പോസ്‌കോ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതികളെയാണ് റിമാന്‍ഡ് ചെയ്തത്.
അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാന വനിതാ കമ്മീഷന്‍ എടപ്പാളിലെ തിയേറ്ററിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. തിയേറ്ററില്‍ അതിക്രമങ്ങള്‍ക്കിരയായ പത്ത് വയസുകാരിയായ പെണ്‍കുട്ടിയെ റസ്‌ക്യൂഹോമിലേക്ക് മാറ്റി. ശനിയാഴ്ച വൈകീട്ട് കസ്റ്റഡിയില്‍ എടുത്ത പ്രതിയെ ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ ഉച്ചക്ക് പന്ത്രണ്ടോടെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയ ശേഷമാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്.

ഇന്നലെ ഉച്ചയോടെയാണ് കുട്ടിയുടെ മാതാവിനെ പ്രേരണാകുറ്റത്തിന് കേസില്‍ പ്രതി ചേര്‍ത്തത്. വൈകീട്ട് നാലോടെ അറസ്റ്റ് രേഖപ്പെടുത്തി എട്ട് മണിയോടെയാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. കേസില്‍ തുടരന്വേഷണത്തിന് വേണ്ടി റിമാന്‍ഡില്‍ കഴിയുന്ന രണ്ട് പേരെയും കസ്റ്റഡിയില്‍ വിട്ട് കിട്ടാനായി ഇന്ന് മജിസ്‌ട്രേറ്റ് മുമ്പാകെ അപേക്ഷ സമര്‍പ്പിക്കും.

Latest