പാക്- യു എസ് ബന്ധം വഷളാകുന്നു

  • നയതന്ത്ര ഉദ്യോഗസ്ഥന്റെ യാത്ര പാക്കിസ്ഥാന്‍ തടഞ്ഞു
  • യാത്രാ നിയന്ത്രണത്തിന്റെ ഭാഗമെന്ന് പാക്കിസ്ഥാന്‍
  • പ്രതികരിക്കാതെ യു എസ് എംബസി
Posted on: May 14, 2018 6:12 am | Last updated: May 13, 2018 at 11:19 pm

ഇസ്‌ലാമാബാദ്: വാഹനാപകട കേസില്‍ ഉള്‍പ്പെട്ട യു എസ് നയതന്ത്ര പ്രതിനിധിയുടെ യാത്ര പാക്കിസ്ഥാന്‍ തടഞ്ഞത് പാക്- യു എസ് ബന്ധം കൂടുതല്‍ വഷളാക്കുന്നു. യു എസ് നയതന്ത്ര ഉദ്യോഗസ്ഥനായ കേണല്‍ ജോസഫ് ഹാളിന്റെ യാത്രയാണ് പാക്കിസ്ഥാന്‍ തടഞ്ഞത്. അമേരിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് പാക്കിസ്ഥാനില്‍ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് നയതന്ത്ര പ്രതിനിധിയുടെ യാത്ര തടഞ്ഞത്. പാക്കിസ്ഥാന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് സമാനമായ നിയന്ത്രണം നേരത്തെ യു എസ് ഏര്‍പ്പെടുത്തിയിരുന്നു.

തീവ്രവാദികള്‍ക്ക് പാക്കിസ്ഥാന്‍ സുരക്ഷിത താവളമൊരുക്കുന്നുവെന്ന യു എസിന്റെ ആരോപണത്തെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണത്. ഇതിന് പിന്നാലെ സമ്മര്‍ദത്തിലാക്കുന്നതിന്റെ ഭാഗമായി പാക്കിസ്ഥാന് നല്‍കിയിരുന്ന സൈനിക സഹായം യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ത്തിവെച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ബന്ധം കൂടുതല്‍ വഷളാകുമെന്ന സൂചന നല്‍കി യു എസ് നയതന്ത്ര പ്രതിനിധിയുടെ യാത്ര തടഞ്ഞത്.
യു എസിലേക്ക് പോകുന്നതിനായി നുര്‍ ഖാന്‍ എയര്‍ബേസില്‍ എത്തിയപ്പോഴാണ് അധികൃതര്‍ കേണല്‍ ഹാളിന്റെ യാത്ര തടഞ്ഞത്. നയതന്ത്ര പ്രതിനിധിക്ക് സഞ്ചരിക്കാനുള്ള പ്രത്യേക വിമാനം ശനിയാഴ്ച രാവിലെ 11.15 ഓടെയാണ് അഫ്ഗാനിസ്ഥാനിലെ ബഗ്‌റാം എയര്‍ബേസില്‍ നിന്ന് ഇസ്‌ലാമാബാദില്‍ എത്തിച്ചത്. എംബസി ഉദ്യോഗസ്ഥരായ എട്ട് പേര്‍ക്കൊപ്പമാണ് കേണല്‍ ഹാള്‍ വിമാനത്താവളത്തിലെത്തിയത്.

യാത്രക്ക് തൊട്ടുമുമ്പ് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഉദ്യോഗസ്ഥര്‍ കേണല്‍ ഹാളിന്റെ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുകയായിരുന്നു. യാത്രാനുമതി നിഷേധിക്കപ്പെട്ടതോടെ പ്രത്യേക വിമാനം വൈകീട്ടോടെ അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചുപോയി. എന്നാല്‍, നയതന്ത്ര ഉദ്യോഗസ്ഥന് യാത്രാനുമതി നിഷേധിക്കപ്പെട്ടതിനെ കുറിച്ച് പ്രതികരിക്കാന്‍ പാക്കിസ്ഥാനിലെ യു എസ് എംബസി തയ്യാറായിട്ടില്ല.

ഏപ്രില്‍ ഏഴിനാണ് നയതന്ത്ര ഉദ്യോഗസ്ഥന്‍ വാഹനാപകട കേസില്‍ ഉള്‍പ്പെടുന്നത്. ചുവപ്പ് സിഗ്നല്‍ മറികടന്ന് മോട്ടോര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരന്‍ അപകടത്തില്‍ മരിച്ചതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചയാളുടെ പിതാവ് നല്‍കിയ ഹരജി പരിഗണിച്ച് കേണല്‍ ജോസഫ് ഹാളിന് നയതന്ത്ര പരിരക്ഷ അനുവദിക്കരുതെന്ന് ഇസ്‌ലാമാബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

അതേസമയം, യു എസ് നയതന്ത്ര പ്രതിനിധികള്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണത്തിന്റെ ഭാഗമായാണ് യാത്ര തടഞ്ഞതെന്നാണ് പാക് വിദേശകാര്യ മന്ത്രാലയം പറയുന്നത്. പാക്കിസ്ഥാനിലെ എംബസി ഉദ്യോഗസ്ഥര്‍ക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന കാര്യം യു എസ് വിദേശകാര്യ മന്ത്രാലയ വക്താവ് സ്ഥിരീകരിച്ചു. എന്നാല്‍, സംഭവത്തെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.