Connect with us

Gulf

നിമിഷനേരം കൊണ്ട് ഇശലുകള്‍ ചിട്ടപ്പെടുത്തി നജുമുദ്ദീന്‍

Published

|

Last Updated

ദുബൈ: നിമിഷ നേരം കൊണ്ടാണ് നജുമുദ്ദീന്‍ എന്ന യുവ കവി ഇശലുകള്‍ രചിക്കുന്നത്. തനത് മാപ്പിളപ്പാട്ടുകളും രാഷ്ട്രീയ ഗാനങ്ങളും മദ്ഹ് ഗാനങ്ങളും എഴുതി പ്രവാസ ജീവിതത്തിലെ ഒഴിവുവേളകളെ സമ്പന്നമാക്കുകയാണ് ഈ കലാകാരന്‍. ഒട്ടനവധി പാട്ടുകളാണ് ഈ രചയിതാവിന്റെ പേനതുമ്പില്‍ വിരിഞ്ഞത്. നജുമുദ്ദീന്‍ മലപ്പുറം ജില്ല യിലെ കൊടക്കല്ല് സ്വദേശിയാണ്. ആറ് വര്‍ഷമായി യു എ ഇ യില്‍ എത്തിയിട്ട്. അബുദാബി വാട്ടര്‍ ഇലക്ട്രസിറ്റി അതോറിറ്റി ജീവനക്കാരനാണ്.

പ്രമുഖ ഇസ്ലാമിക കഥാപ്രസംഗം കലാകാരനായിരുന്ന അന്തരിച്ച അലി മൗലവി യുടെ മകനാണ്. ഒരു കാലത്ത് അലി മൗലവിയുടെ ഇസ്ലാമിക ചരിത്ര കഥാപ്രസംഗങ്ങള്‍ റമസാന്‍ മാസങ്ങളില്‍ മലബാറിലെ രാത്രി വേദികളില്‍ പതിവ് കാഴ്ചയായിരുന്നു. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പിതാവ് അന്തരിച്ചത്. എന്നാല്‍ പിതാവിന്റെ പാത പിന്‍പറ്റി നജുമുദ്ദീനും ആ കലാപരമ്പരയുടെ പെരുമ ഉയര്‍ത്തി. മാപ്പിള കലക്കും മാപ്പിളകലാ സാഹിത്യത്തിനും സംഭാവനങ്ങള്‍ നല്‍കാനുള്ള തിരക്കിലാണ് ഇപ്പോള്‍. ഒരു വിഷയവും അതിന്റെ ഇശലും പറഞ്ഞു കെടുത്താല്‍ പിന്നെ നജുമുദ്ദീന്‍ ആള്‍ ബഹളം കുറഞ്ഞ ഇടങ്ങളിലേക്ക് മാറി ചിന്തകളില്‍ മുഴുകും. പിന്നെ ചന്തമുള്ള വരികള്‍ ചിട്ടപ്പെടുത്തിയാണ് വരവ്.

കഴിഞ്ഞ ദിവസം അബുദാബി ഇസ്‌ലാമിക് സെന്ററില്‍ നടന്ന സായിദ് ഇന്റര്‍ നാഷണല്‍ കോണ്‍ഫറന്‍സില്‍ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാനെ കുറിച്ച് മൂന്ന് മനോഹര പാട്ടുകളാണ് എഴുതിയത്.പ്രമുഖ പ്രവാസി മാപ്പിളപ്പാട്ട് ഗായകന്‍ റാഫി മഞ്ചേരിയാണ് ഈ പാട്ടുകള്‍ വേദിയില്‍ പാടിയത്.

അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടക്കുന്ന പരിപാടികള്‍ക്ക് ആശംസ ഗാനങ്ങള്‍ എഴുതി കെടുക്കുന്നത് നജ്മുദ്ദീനാണ്. തന്റെ ഉമ്മയെ കുറിച്ച് എഴുതിയ ഇരുഹൃദയങ്ങള്‍ എന്ന ആല്‍ബം പുറത്തിറക്കാന്‍ ഇരിക്കുകയാണ്. കൊല്ലം ഷാഫി അടങ്ങിയ പ്രമുഖ ഗായകരാണ് ആല്‍ബത്തില്‍ പാടിയിരിക്കുന്നത്.

മാപ്പിളപ്പാട്ടിന്റെ കുലപതി മഹാകവി മോയിന്‍ കുട്ടി വൈദ്യരും അദ്ദേഹത്തിന്റ മരണശേഷം പിതാവ് ഉണ്ണി മമ്മദ് വൈദ്യരും കൂടി പൂര്‍ത്തിയാക്കിയ ഹിജ്റ എന്ന ക്യതിയുടെ സമ്പൂര്‍ണ മലയാള സാര പാട്ടുകള്‍ ഇദ്ദേഹത്തിന്റെ പിതാവ് എഴുതിയിരുന്നു. എന്നാല്‍ അതിനിടയിലാണ് പിതാവ് ഇഹലോകം വെടിഞ്ഞത്. തന്റെ പിതാവിന് പൂര്‍ത്തിയാക്കാന്‍ പറ്റാത്ത ആ കൃതിക്ക് വേണ്ടി ബാക്കി വെച്ച ഗാനങ്ങളും കൂടി എഴുതി അത് പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ഇന്ന് ഈ കലാകാരന്‍. വിവരങ്ങള്‍ക്ക് 056-7627 060.