Gulf
ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പരിപാടികള്‍ക്ക് ഒരുക്കം പൂര്‍ത്തിയായി

ദുബൈ: സായിദ് വര്‍ഷാചരണത്തിന്റെ ഭാഗമായുള്ള ഈ വര്‍ഷത്തെ ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡുകള്‍ക്ക് ഒരുക്കം പൂര്‍ത്തിയായി. ദുബൈ ഭരണാധികാരിയുടെ സാംസ്‌കാരിക ജീവകാരുണ്യ മേഖലയിലെ ഉപദേശകനും ദുബൈ ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മറ്റി മേധാവിയുമായ ഇബ്‌റാഹിം മുഹമ്മദ് ബു മില്‍ഹ പറഞ്ഞു. റമസാന്‍ ഒന്ന് മുതല്‍ 20 വരെയുള്ള ദിനങ്ങളില്‍ നടക്കുന്ന പരിപാടികള്‍ യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ 100ആം ജന്മ ദിന ആഘോഷങ്ങളോട് ആഭിമുഖ്യം നല്‍കിയുള്ളതായിരിക്കും.
ഹോളി ഖുര്‍ആന്‍ പരിപാടികളുടെ എല്ലാ വേദികളിലും പ്രസിദ്ധീകരണങ്ങളിലും സായിദ് വര്‍ഷാചരണത്തിന്റെ ലോഗോ പതിക്കും. പരിപാടികളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് അദ്ദേഹം പറഞ്ഞു. ഇസ്ലാമിക ലോകത്തു ഒട്ടനവധി സംഭാവനകള്‍ അര്‍പിച്ചിട്ടുള്ള പ്രമുഖ വ്യക്തിത്വത്തെ ഇസ്ലാമിക് പെര്‍സണാലിറ്റി ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഖുര്‍ആന്‍ അവാര്‍ഡ് പരിപാടികള്‍ക്ക് അന്താരാഷ്ട്ര വിദഗ്ദ്ധരാണ് നേതൃത്വം നല്‍കുന്നത്. സംഘാടക സമിതിയിലെ അംഗങ്ങളും സന്നദ്ധ സേവന പ്രവര്‍ത്തകരും തങ്ങളുടെ കര്‍ത്തവ്യ നിര്‍വഹണത്തിന് തയാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എട്ടു നാള്‍ നീണ്ടുനില്‍ക്കുന്ന വിദേശ ഭാഷാ റമസാന്‍ പ്രഭാഷണ പരിപാടികളില്‍ ഇന്ത്യയില്‍ നിന്ന് ഡോ. ഹുസ്സൈന്‍ സഖാഫി ചുള്ളിക്കോട്, നൗഫല്‍ സഖാഫി കളസ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. അല്‍ വാസല്‍ ക്ലബ്ബിലാണ് പരിപാടികള്‍.
ഖുര്‍ആന്‍ പാരായണ മത്സരം ദുബൈ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ നടക്കും. 104 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ മത്സരങ്ങളുടെ ഭാഗമാകുന്നുണ്ട്.