ആ ചില്ലലമാരയിലുണ്ട് അച്ഛന് മാമന്‍ കൊടുത്ത ഉപഹാരം; കൃഷ്ണദാസിന് ബാബുവിന്റെ മകളുടെ തുറന്ന കത്ത്;

Posted on: May 13, 2018 8:51 am | Last updated: May 13, 2018 at 8:51 am
SHARE

തലശ്ശേരി: ബി ജെ പി നേതാവ് പി കെ കൃഷ്ണ ദാസിന് മാഹിയില്‍ കൊല്ലപ്പെട്ട കണ്ണിപ്പൊയില്‍ ബാബുവിന്റെ മകള്‍ അനാമികയുടെ തുറന്ന കത്ത്. മുഴപ്പിലങ്ങാട്- മാഹി ബൈപ്പാസ് ആക്ഷന്‍ കമ്മിറ്റിയുടെ കണ്‍വീനറായിരുന്ന കൊല്ലപ്പെട്ട ബാബുവിന്റെ ഇടപെടല്‍ മൂലം ബൈപ്പാസ് വരുന്നത് കാരണം ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നേടിയെടുക്കാനായതിനെ അഭിനന്ദിച്ചുകൊണ്ട് ബി ജെ പി നേതാവ് പി കെ കൃഷ്ണദാസ് ഉപഹാരം നല്‍കിയതിനെ ബന്ധപ്പെടുത്തിക്കൊണ്ടാണ് മകള്‍ അനാമിക കൃഷ്ണദാസ് മാമന് സ്‌നേഹപൂര്‍വം എന്നു തുടങ്ങുന്ന കത്തെഴുതിയിരിക്കുന്നത്.

കത്തിലെ വരികള്‍ ഇങ്ങനെ:
പ്രിയപ്പെട്ട കൃഷ്ണദാസ് മാമന്,
ഇവിടെ ഒരു ചില്ലലമാരയുടെ മുന്നിലിരുന്നാണ് ഞാനീ കത്തെഴുതുന്നത്. ആ അലമാരക്കകത്ത് അന്ന് മാമന്‍ തന്ന ഒരു സമ്മാനമുണ്ട്. മികച്ച പൊതു പ്രവര്‍ത്തകനുള്ള അംഗീകാരത്തിന് അച്ഛന് നല്‍കിയ സമ്മാനം. അതിന് ഇന്ന് അച്ഛന്റെ മണമില്ല. അതിന് ചോരയുടെ മണമാണ്. ഞാനിതുവരെ അനുഭവിച്ചിട്ടില്ലാത്ത മണം.
നന്ദുട്ടന് (എന്റെ കുഞ്ഞനിയന്‍) പുതിയ യൂനിഫോം തുണി അടിക്കാന്‍ ഞങ്ങളൊരുമിച്ചാണ് പോയത്. തിരികെ ഞങ്ങളെ വീട്ടിലാക്കി ഇപ്പോ വരാംന്നു പറഞ്ഞ് പോയതാണ് അച്ഛന്‍… രാത്രി വൈകുവോളം കാത്തിരുന്നിട്ടും വന്നില്ല. പിറ്റേന്ന് വൈകിട്ടാണ് ഞങ്ങളുടെ അച്ഛന്‍ വന്നത്. ചുവന്ന തുണിയില്‍ പൊതിഞ്ഞ്. വീട്ടിലേക്കുള്ള വഴിയില്‍, ഒരു വിളിപ്പാടകലെ അച്ഛന്റെ പ്രാണന്‍ പിടയുമ്പോള്‍ ഞങ്ങള്‍ ഇവിടെ വീട്ടില്‍ ഒന്നുമറിയാതെ, പുതിയ കുപ്പായത്തെക്കുറിച്ചും പുസ്തകത്തെക്കുറിച്ചും പറഞ്ഞ് കളിച്ച് ചിരിച്ച്… എന്തിനായിരുന്നു ഞങ്ങളുടെ ഈ കൊച്ചു സന്തോഷം നിങ്ങള്‍ തല്ലിക്കെടുത്തിയത്.

മാമന് ഓര്‍മയുണ്ടോ, ബാബുവിന്റെ നേതൃത്വത്തില്‍ ബൈപാസ് ആക്ഷന്‍ കമ്മിറ്റി നടത്തുന്ന പ്രവര്‍ത്തനം മാതൃകാപരമാണെന്നല്ലേ അന്ന് ഞങ്ങളുടെ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മാമന്‍ പറഞ്ഞത്. അച്ഛനെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും പറഞ്ഞില്ലേ?
ഞാനും അമ്മയും അനിയത്തിയും അനിയനും അമ്മമ്മയുമെല്ലാം അന്ന് അവിടെ വന്നിരുന്നു. എത്ര സന്തോഷത്തോടെയാണ് ഞങ്ങള്‍ അന്നു മടങ്ങിയത്. എന്റെ അച്ഛന്‍ എല്ലാ പാര്‍ട്ടിക്കാരെയും ഒരുപോലെയല്ലേ കണ്ടിരുന്നത്. എന്നിട്ടുമെന്തിനാണ് മാമാ എന്റെ അച്ഛനെ നിങ്ങളുടെ കൂട്ടര്‍ കൊന്നത്? അച്ഛന്‍ ഇനിയില്ലെന്ന് എനിക്കറിയാം. പക്ഷേ എന്റെ കുഞ്ഞനിയനോ? അവന് അച്ഛന്‍ മരിച്ചെന്നോ, അച്ഛന്‍ ഇനിയൊരിക്കലും വരില്ലെന്നോ ഒന്നുമറിയില്ല. അതുകൊണ്ടാവണം അച്ഛന്‍ എപ്പോ വരുമെന്ന് അവന്‍ ഇടക്കിടെ ചോദിക്കുന്നത്. മാമനെങ്കിലും പറയണം എന്തിനാണ് എന്റെ അച്ഛനെ കഴുത്തറുത്ത് കൊന്നതെന്ന്? അച്ഛന്‍ എന്തു തെറ്റാ ചെയ്തതെന്ന്
സ്‌നേഹത്തോടെ
അനാമിക

LEAVE A REPLY

Please enter your comment!
Please enter your name here