Connect with us

Editorial

പ്രചാരണത്തിലെ ചരിത്രം

Published

|

Last Updated

ജനാധിപത്യ പ്രക്രിയയില്‍ വോട്ടെടുപ്പിനോളം തന്നെ പ്രധാനമാണ് തിരഞ്ഞെടുപ്പ് പ്രചാരണം. ജനങ്ങളെ രാഷ്ട്രീയ സംവിധാനത്തിലേക്ക് ആകര്‍ഷിക്കുന്നതും തീരുമാനങ്ങളെടുക്കാന്‍ സജ്ജമാക്കുന്നതും പ്രചാരണമാണ്. വരാനിരിക്കുന്ന അഞ്ച് വര്‍ഷത്തേക്ക് തിരഞ്ഞെടുക്കപ്പെടേണ്ട സ്ഥാനാര്‍ഥിയുടെ ശക്തി ദൗര്‍ബല്യങ്ങള്‍ പൊതു മണ്ഡലത്തില്‍ ചര്‍ച്ചയാകണം. രാഷ്ട്രീയ പാര്‍ട്ടികളുടെ നയപരിപാടികളും പ്രവര്‍ത്തന പദ്ധതികളും സമഗ്ര പരിശോധനക്കായി വരുന്നു. പ്രകടന പത്രികകളെ മുന്‍നിര്‍ത്തി വോട്ട് തേടുന്നുവെന്നാണ് സങ്കല്‍പ്പം. ദേശീയ ശ്രദ്ധയാകര്‍ഷിച്ച കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് പൂര്‍ത്തിയായ സാഹചര്യത്തില്‍ അവിടെ അരങ്ങേറിയ പ്രചാരണ രീതികളും തന്ത്രങ്ങളും പ്രത്യേകം വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സ്വാഭാവികമായും ചര്‍ച്ചയാകേണ്ടത് ആ സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങളും പ്രതിസന്ധികളും നേട്ടങ്ങളുമാണ്. കര്‍ണാടകയില്‍ അത് എത്രമാത്രമുണ്ടായി? വികസനം ചര്‍ച്ചയായോ? നിലവിലുള്ള സിദ്ധരാമയ്യ സര്‍ക്കാറിന്റെ പ്രവര്‍ത്തനം വിശകലനം ചെയ്യപ്പെട്ടോ? വിവിധ പാര്‍ട്ടികള്‍ മുന്നോട്ടുവെച്ച പ്രകടനപത്രികകള്‍ മുന്‍ നിര്‍ത്തി വല്ല പ്രചാരണവും നടന്നോ? ഇല്ലെന്നതാണ് സത്യം. പ്രാദേശിക മാനത്തിനപ്പുറത്തേക്ക് പ്രചാരണം നീങ്ങുകയായിരുന്നു. അവസാന ഘട്ടമെത്തിയപ്പോള്‍ ഭാവി പ്രധാനമന്ത്രി ആരായിരിക്കണമെന്ന തരത്തിലൊക്കെയാണ് വാഗ്വാദങ്ങള്‍ നിറഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തമ്മിലുള്ള പോരായി പ്രചാരണം മാറുകയായിരുന്നു. നേതാക്കള്‍ക്ക് പ്രാധാന്യം കൈവരികയും അവരിലേക്ക് എല്ലാം കേന്ദ്രീകരിക്കപ്പെടുകയും ചെയ്യുന്നത് സ്വാഭാവികമാണ്. എന്നാല്‍ പ്രാദേശിക നേതാക്കളെല്ലാം അപ്രസക്തമാകുന്ന നിലയിലേക്ക് അത് മാറാന്‍ പാടില്ലല്ലോ. മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് നല്ല ജനസമ്മതി ഉണ്ടെന്നത് വസ്തുതയാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് വലിയ മൂല്യം ജനങ്ങള്‍ കല്‍പ്പിക്കുന്നുമുണ്ട്. യഥാര്‍ഥത്തില്‍ ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ശക്തിയും അതായിരുന്നു. സര്‍ക്കാറിന്റെ പ്രകടനത്തേക്കാളേറെ ലിംഗായത്ത് വിഭാഗത്തിന്റെ മതപദവി, കര്‍ണാടകക്ക് പ്രത്യേക പതാക, കന്നഡ ഭാഷാ വാദം തുടങ്ങിയ വൈകാരിക വിഷയങ്ങളിലാണ് കോണ്‍ഗ്രസ് ഊന്നിയത്.

പ്രധാനമന്ത്രിയുടെ രംഗപ്രവേശം ബി ജെ പിക്ക് എന്ത് ഗുണമുണ്ടാക്കിയാലും മൊത്തം പ്രചാരണത്തിന്റെ ഗുണമേന്‍മയെ അദ്ദേഹത്തിന്റെ ഇടപെടല്‍ വല്ലാതെ ബാധിക്കുന്നതാണ് കണ്ടത്. യു പിയില്‍ ബിജിലി പ്രസ്താവന പോലെ ഗുജറാത്തില്‍ പാക്കിസ്ഥാന്‍ പ്രസംഗം പോലെ കര്‍ണാടകയിലും നരേന്ദ്ര മോദി നടത്തിയ പ്രസംഗങ്ങള്‍ വിലകുറഞ്ഞ ആരോപണങ്ങളായി അധഃപതിക്കുകയായിരുന്നു. ഗുരുതരമായ ചരിത്ര ധ്വംസനമാണ് അദ്ദേഹം നടത്തിയത്. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഭരണകാലത്ത് കര്‍ണാടകയില്‍ നിന്നുള്ള സൈനിക മേധാവികളായ ഫീല്‍ഡ് മാര്‍ഷല്‍ കെ എം കരിയപ്പ, ജനറല്‍ കെ എസ് തിമ്മയ്യ എന്നിവരെ അവഹേളിച്ചു എന്നാണ് പ്രാദേശിക വികാരം കത്തിക്കാന്‍ മോദി തട്ടിവിട്ടത്. 1948ല്‍ ജനറല്‍ തിമ്മയ്യ ആയിരുന്നു സൈനിക മേധാവിയെന്നാണ് മോദിയുടെ വാക്കുകള്‍. എന്നാല്‍ യഥാര്‍ഥത്തില്‍ ഒമ്പത് വര്‍ഷങ്ങള്‍ക്കു ശേഷം 1957ലാണ് ജനറല്‍ തിമ്മയ്യ സൈനിക മേധാവിയാകുന്നത്. 1948ലെ ഇന്ത്യ- പാക് യുദ്ധ വിജയത്തിനു ശേഷം നെഹ്‌റുവും കൃഷ്ണമേനോനും കരസേനാ മേധാവി ജനറല്‍ തിമ്മയ്യയെ അപമാനിച്ചെന്നായിരുന്നു മോദിയുടെ പ്രസംഗം. എന്നാല്‍ കൃഷ്ണമേനോന്‍ 1957 മുതല്‍ 62 വരെയായിരുന്നു പ്രതിരോധ മന്ത്രി. ജനറല്‍ തിമ്മയ്യയാകട്ടെ 1957 മെയ് മുതല്‍ 1961 വരെയും. പ്രസംഗം തയ്യാറാക്കിയവര്‍ക്ക് സംഭവിച്ച വസ്തുതാപരമായ പിഴവായി വേണമെങ്കില്‍ ഇതിനെ ലളിതവത്കരിക്കാവുന്നതാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് നേട്ടത്തിനായി സൈനിക മേധാവികളുടെ പേര് വലിച്ചിഴച്ചതിനെ എങ്ങനെ ന്യായീകരിക്കും? പ്രധാനമന്ത്രി കസേരയില്‍ ഇരിക്കുന്ന ഒരു വ്യക്തി ഇത്തരത്തില്‍ തുടര്‍ച്ചയായി കളവ് പറയുന്നത് എങ്ങനെ യാദൃച്ഛികമാകും?

ഏറ്റവുമൊടുവില്‍ ഭഗത് സിംഗിനെയാണ് മോദി പിടികൂടിയത്. ഭഗത് സിംഗിനെ പോലെയുള്ള വിപ്ലവകാരികളായ സ്വാതന്ത്ര്യ സേനാനികളെ ജയിലില്‍ ജവഹര്‍ലാല്‍ നെഹ്‌റു അടക്കമുള്ള ഒരു കോണ്‍ഗ്രസ് നേതാവും സന്ദര്‍ശിച്ചിട്ടില്ലെന്നും അവരെ തൂക്കിലേറ്റാന്‍ ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദയം വിട്ടുകൊടുത്തു എന്നുമായിരുന്നു മോദിയുടെ ആരോപണം. 1929 ജൂണില്‍ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിക്ക് നേരെ ബോംബെറിഞ്ഞ കേസിലാണ് ഭഗത് സിംഗും ബദുകേശ്വര്‍ ദത്തും ജയിലിലാകുന്നത്. ജയിലില്‍ നിരാഹാര സമരം ആരംഭിച്ച ഭഗത് സിംഗിനെ സന്ദര്‍ശിച്ചുവെന്ന് തന്റെ ആത്മകഥയില്‍ നെഹ്‌റു പറയുന്നുണ്ട്. ഇത് കൂടാതെ അന്നത്തെ ദി ട്രിബ്യൂണ്‍ പത്രം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. നെഹ്‌റു ഇരുവരേയും ജയിലില്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും അതിനെ കുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ടെന്നും ഭഗത് സിംഗിനെ കുറിച്ച് പുസ്തകം തയ്യാറാക്കിയ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബും പറയുന്നു.

രംഗം കൊഴുപ്പിക്കാന്‍ ഇത്തരം ചരിത്രവിരുദ്ധമായ കാര്യങ്ങള്‍ എഴുന്നള്ളിക്കുന്നത് ആര്‍ക്കായാലും ഭൂഷണമായിരിക്കില്ല. സോണിയാ ഗാന്ധി എത്രമാത്രം ഇന്ത്യക്കാരിയാണെന്നത് പോലുള്ള രാജ്യം എന്നേ തള്ളിക്കളഞ്ഞ ആരോപണങ്ങള്‍ വീണ്ടും എടുത്തിടുന്നത് ഒട്ടും അന്തസ്സുള്ള കാര്യവുമല്ല. പ്രാതിനിധ്യ ജനാധിപത്യത്തിന്റെ യഥാര്‍ഥ ആവിഷ്‌കാരമായി മാറേണ്ട തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ വെറും കാര്‍ണിവലായി അധഃപതിക്കുന്നത് മഹാകഷ്ടമാണ്.