ശ്രീജിത്തിന്റെ കസ്റ്റഡിമരണം: അന്വേഷണം സിപിഎമ്മിലേക്ക് നീളുന്നു

Posted on: May 12, 2018 2:18 pm | Last updated: May 12, 2018 at 3:35 pm

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം സിപിഎമ്മിലേക്ക് നീളുന്നു. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ആലങ്ങാട് സിപിഎം ഏരിയാ സെക്രട്ടറി എംകെ ബാബുവിന്റെ മൊഴിയെടുത്തു. ആലുവ പോലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയാണ് ബാബുവിന്റെ മൊഴിയെടുത്തത്.

ശ്രീജിത്തിനെ സിപിഎം കുടുക്കിയതാണെന്നും സിപിഎം പ്രാദേശിക നേതാവ് പ്രിയാ ഭരതന്റെ വീട്ടില്‍ വെച്ചാണ് പ്രതിപ്പട്ടിക തയ്യാറാക്കിയതെന്നും ശ്രീജിത്തിന്റെ അമ്മ ശ്യാമള ആരോപിച്ചിരുന്നു.കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ആലുവ മുന്‍ റൂറല്‍ എസ്പി എവി. ജോര്‍ജിനെ സിപിഎം സ്വാധീനിക്കാന്‍ ശ്രമിച്ചതായും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ശ്രീജിത്തിന്റെ മരണത്തില്‍ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് അന്വേഷണം സിപിഎമ്മിലേക്കും നീളുന്നത്.