ഏത് ബട്ടന്‍ ഞെക്കിയാലും വോട്ട് താമരക്ക്; ആരോപണവുമായി കോണ്‍ഗ്രസ്

Posted on: May 12, 2018 10:09 am | Last updated: May 13, 2018 at 12:53 pm

ബെംഗളൂരു: ഇന്ത്യന്‍ രാഷ്ട്രീയം ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ്. ഉച്ചതിരിഞ്ഞ് മൂന്ന് മണിവരെ 56 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് പൊതുവേ സമാധാനപരമാണ്. ഹംപി നഗറിലെ ബൂത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പോലീസ് സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കി. ചിലയിടങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായെങ്കിലും പിന്നീട് പ്രശ്‌നം പരിഹരിച്ച് വോട്ടെടുപ്പ് സുഗമമാക്കി.
സംസ്ഥാനത്തിന്റെ പല ഭാഗത്തും വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം നടക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഏത് ബട്ടനില്‍ അമര്‍ത്തിയാലും ബിജെപി ചിഹ്നമായ താമരക്കാണ് വോട്ട് പോകുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് ബ്രിജേഷ് കാലപ്പ ട്വിറ്ററില്‍ ആരോപിച്ചു.

ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബിഎസ് യെദ്യൂരപ്പ ഷിമോഗയിലെ ശിഖാരപുരയില്‍ വോട്ട് രേഖപ്പെടുത്തി. മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ ഹാസന്‍ ജില്ലയിലെ ഹൊളെനാരസിപുരയില്‍ വോട്ട് ചെയ്തു.
കര്‍ണാടക മന്ത്രി കെജെ ജോര്‍ജ് സര്‍വാഗണനഗറിലും വോട്ട് രേഖപ്പെടുത്തി. മൈസൂരുവിലെ അഞ്ച് മണ്ഡലങ്ങളും മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മണ്ഡലമായ ചാമുണ്ഡേശ്വരിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്.

ബി ജെ പി സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് ജയനഗര്‍ മണ്ഡലത്തിലെയും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെടുത്തതിനെ തുടര്‍ന്ന് രാജരാജേശ്വരി നഗര്‍ മണ്ഡലത്തിലെയും വോട്ടെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്. ആകെയുള്ള 2,655 സ്ഥാനാര്‍ഥികളില്‍ 219 പേര്‍ വനിതകളാണ്. സ്വതന്ത്രര്‍ 1,155. വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.

അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ കനത്ത പോലീസ് സുരക്ഷയിലാണ് കര്‍ണാടക. 1.5 ലക്ഷം പോലീസ് ഉദ്യോഗസ്ഥരെയാണ് സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. ഇവരില്‍ 50,000 കേന്ദ്രസേനയുമുണ്ട്. കേരള പോലീസിന്റെയും സഹായമുണ്ട്. രണ്ടാം ബറ്റാലിയന്‍ കമാന്‍ഡന്റ് ആര്‍ ആദിത്യയുടെ നേതൃത്വത്തില്‍ 722 പേരും കെ എ പി നാലാം ബറ്റാലിയന്‍ കമാന്‍ഡന്റ് കാര്‍ത്തികേയന്‍ ഗോകുല്‍ചന്ദറിന്റെ നേതൃത്വത്തില്‍ ലോക്കല്‍ പോലീസില്‍ നിന്ന് 750 പേരുമാണ് സുരക്ഷക്കായി കര്‍ണാടകയിലുള്ളത്. ഇതില്‍ 250 പേര്‍ വനിതാ പോലീസുകാരാണ്. തലശ്ശേരി എസ് പി ചൈത്ര തെരേസ ജോണും എത്തിയിട്ടുണ്ട്. മാണ്ഡ്യ, മൈസൂരു, ചാമരാജ്‌നഗര്‍, ദക്ഷിണ കന്നഡ, ഹാസന്‍ ജില്ലകളിലെ സുരക്ഷാ ചുമതലയാണ് കേരളത്തില്‍ നിന്നുള്ള പോലീസ് സംഘത്തിന് നല്‍കിയിട്ടുള്ളതെന്ന് ഡി ജി ഐ ജി പി നീലമണി രാജു അറിയിച്ചു.