തിരൂരില്‍ സിപിഎമ്മുകാരനെ വെട്ടിയ കേസില്‍ ലീഗ് പ്രവര്‍ത്തകര്‍  അറസ്റ്റില്‍

Posted on: May 12, 2018 9:01 am | Last updated: May 12, 2018 at 9:01 am

തിരൂര്‍: കൂട്ടായിയില്‍ സി പി എം പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ രണ്ട് പേരെ പോലീസ് അറസ്റ്റുചെയ്തു.
കൂട്ടായി കോതപറമ്പ് സ്വദേശികളായ മുന്നുടിക്കല്‍ തൗഫീഖിന്റെ മകന്‍ ഫളല്‍ (20) പുത്തനങ്ങാടി അജാസ് (21) എന്നിവരെയാണ് തിരൂര്‍ എസ് ഐ. സുമേഷ് സുധാകറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കൂട്ടായി പള്ളിക്കുളത്തിനടുത്ത് വെച്ച് ഇസ്മാഈലിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതികളാണ് അറസ്റ്റിലായവര്‍.

കേസിലെ പ്രതികള്‍ കൂട്ടായി കോതറമ്പ് ബീച്ചിലെ രഹസ്യ കേന്ദ്രത്തില്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. മറ്റ് പ്രതികള്‍ കടലില്‍ ചാടി രക്ഷപ്പെട്ടു.

പ്രതികളെ തിരൂര്‍ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. ആക്രമണ കേസിലെ മുഖ്യപ്രതിയായ ഫളല്‍ തിരൂര്‍, കല്‍പകഞ്ചേരി സ്റ്റേഷനുകളിലായി അഞ്ച് അക്രമ കേസുകളിലും മാല മോഷണം, സ്ത്രീകളെ ശല്യം ചെയ്യല്‍ തുടങ്ങിയ കേസുകളിലേയും പ്രതിയാണ്. ഇന്ന് കോടതിയില്‍ ഹാജരാക്കും.