ഇറാന്‍ ഉപരോധം: യു എസിനെതിരെ തുറന്നടിച്ച് ഫ്രാന്‍സ്

'യൂറോപ്യന്‍ രാജ്യങ്ങള്‍ അമേരിക്കയുടെ അടിമകളല്ല'
Posted on: May 12, 2018 6:14 am | Last updated: May 11, 2018 at 10:52 pm

പാരീസ്: യൂറോപ്യന്‍ രാജ്യങ്ങള്‍ അമേരിക്കയുടെ അടിമകളല്ലെന്നും ഇറാന്‍ ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്മാറിയതിനെ അതിശക്തമായി പ്രതിരോധിക്കേണ്ടതുണ്ടെന്നും ഫ്രാന്‍സ് തുറന്നടിച്ചു. ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്മാറിയ സംഭവം യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍വീഴ്ത്തിയിരുന്നു. ഇറാനുമായി വ്യാപാരത്തിലേര്‍പ്പെട്ട വിദേശ രാജ്യങ്ങളിലെ കമ്പനികളെയാണ് ഉപരോധത്തിലൂടെ അമേരിക്ക ലക്ഷ്യമാക്കുന്നതെന്നും ഇതിനെതിരെ യൂറോപ്യന്‍ രാജ്യങ്ങള്‍ സംയുക്തമായി മുന്നോട്ടുവരേണ്ടതുണ്ടെന്നും ഫ്രഞ്ച് സാമ്പത്തിക മന്ത്രി ബ്രുണോ ലെ മെയ്ര്‍ ഓര്‍മപ്പെടുത്തി. ഇറാനുമായി വ്യാപാര ബന്ധത്തിലേര്‍പ്പെടുമ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് അവരുടെ വ്യാപാരസംബന്ധമായ പരമാധികാരം ഉറപ്പാക്കേണ്ടതുണ്ട്. ഈ ആവശ്യമുന്നയിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍ സംയുക്തമായി അമേരിക്കയുമായി ചര്‍ച്ച നടത്തേണ്ടതുണ്ട്. ബ്രിട്ടന്റെയും ജര്‍മനിയുടെയും ധനകാര്യ മന്ത്രിമാരുമായി ഈ മാസം അവസാനത്തോടെ കൂടിക്കാഴ്ച നടത്തുന്നുണ്ട്. അപ്പോള്‍ എന്ത് ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളും. ഒന്നുകില്‍ ഉപരോധം നടപ്പാക്കുന്നത് വൈകിപ്പിക്കുക, അല്ലെങ്കില്‍ ഉപരോധപരിധിയില്‍ നിന്ന് ഫ്രാന്‍സിന്റെ കമ്പനികളെ ഒഴിവാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞ ദിവസം യു എസ് ട്രഷറി സെക്രട്ടറി സ്റ്റീവ് മുന്‍ചിനെ വിളിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യരാജ്യങ്ങളില്‍ ഒന്നായി അറിയപ്പെടുന്ന ഫ്രാന്‍സിന്റെ കടുത്ത വിമര്‍ശം അമേരിക്കയെ ആശങ്കപ്പെടുത്തുന്നുണ്ട്. അമേരിക്ക നടപ്പാക്കുന്ന ഉപരോധം സ്വീകാര്യമല്ലെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഴാന്‍ ലെ ഡ്രിയാന്‍ തുറന്നടിച്ചു.

2015ല്‍ അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങളുമായി ഇറാന്‍ ധാരണയിലെത്തിയ ആണവ കരാറില്‍ നിന്ന് ട്രംപ് ഭരണകൂടം പിന്മാറുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെ ഇറാനെതിരെയും ഇറാനോടൊപ്പം ചേര്‍ന്ന് വ്യാപാരം നടത്തുന്നവര്‍ക്കെതിരെയും കടുത്ത ഉപരോധം ഏര്‍പ്പെടുത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അമേരിക്കയുടെ ഉപരോധ നയത്തെ രൂക്ഷമായി വിമര്‍ശിച്ച് ഫ്രാന്‍സുള്‍പ്പടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്. ഉപരോധമേര്‍പ്പെടുത്താനുള്ള തീരുമാനം വര്‍ഷങ്ങളായി യൂറോപ്യന്‍ യൂനിയനും അമേരിക്കയും പുലര്‍ത്തിപ്പോരുന്ന അടുത്ത ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്. ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്മാറിയാലും കരാറില്‍ ഉറച്ചുനില്‍ക്കുമെന്ന് തന്നെയാണ് യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളുടെ നിലപാട്. ഇറാനും ആണവ കരാറില്‍ ഉറച്ചുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ, പ്രശ്‌നത്തില്‍ നയതന്ത്ര പരിഹാരങ്ങള്‍ക്കായി ഇറാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. ഇറാന്‍ ആണവ കരാറില്‍ ഉറച്ചുനില്‍ക്കുന്ന രാജ്യങ്ങളുമായി നയതന്ത്ര നീക്കത്തിലൂടെ കരാര്‍ സുരക്ഷിതമാക്കാനാണ് ഇറാന്‍ ശ്രമങ്ങള്‍ തുടങ്ങിയത്. ഈ ലക്ഷ്യത്തോടെ ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ളരീഫ് ചൈനയിലും ജര്‍മനിയിലും റഷ്യയിലും സന്ദര്‍ശനം നടത്തും. കരാറില്‍ ഉറച്ചുനില്‍ക്കുന്ന രാജ്യങ്ങളുമായി പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യുമെന്ന് ഇറാന്‍ വ്യക്തമാക്കി.